KeralaNews

ആലപ്പുഴ നഗരത്തിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

ആലപ്പുഴ: മുനിസിപ്പാലിറ്റി പരിധിയിലെ സ്‌കൂളുകള്‍ക്ക് (School) തിങ്കളാഴ്ച അവധി (Holiday) പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ആലപ്പുഴയില്‍ ബിജെപി, എസ്ഡിപിഐ നേതാക്കള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കളക്ടര്‍ സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. വൈകിട്ട് മൂന്ന് മണിക്ക് ആലപ്പുഴ കലക്ട്രേറ്റില്‍ വച്ചാണ് യോഗം നടക്കുക. മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. ജില്ലയില്‍ നിരോധനാജ്ഞ തുടരുകയാണ്. സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുകയാണ്.

12 മണിക്കൂറിന്റെ ഇടവേളയിലാണ് ആലപ്പുഴയെ നടുക്കിയ രണ്ട് കൊലപാതകങ്ങള്‍ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത തിരിച്ചറിയുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന വിമര്‍ശനവും ശക്തമാണ്. പൊലീസ് നടപടിയുണ്ടാകില്ലെന്ന ഉറപ്പിലാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് അക്രമം നടത്തുന്നതെന്ന് ബിജെപിയും കലാപത്തിന് ആര്‍എസ്എസ് ശ്രമിക്കുകയാണെന്ന് എസ്ഡിപിഐയും ആരോപിച്ചു.

ആലപ്പുഴ മണ്ണഞ്ചേരിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  ഞായറാഴ്ച രാവിലെ പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍. നാല്‍പ്പത് വയസായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker