31.1 C
Kottayam
Thursday, May 16, 2024

വിമാനത്താവളം വിൽപ്പന: രണ്ടും കൽപ്പിച്ച് സംസ്ഥാന സർക്കാർ, ഇന്ന് സർവ്വകക്ഷിയോഗം

Must read

തിരുവനന്തപുരം: വിമാനത്താവള വിഷയത്തില്‍ അടിയന്തര സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍. ഇന്ന് വൈകിട്ട് നാല് മണിക്ക് ഓണ്‍ലൈന്‍ വഴിയായിരിക്കും യോഗം. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരെ ഹൈക്കോടതിയില്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചു. കോടതിയിൽ കേസ് നിലനിൽക്കെ വിമാനത്താവളം ഏറ്റെടുത്ത നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏൽപിച്ച തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. കേസ് നിലനിൽക്കെ അദാനിയ്ക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ കോടതിയിൽ ഉന്നയിക്കുക.

വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജി ഹൈക്കോടതി തളളിയെങ്കിലും കേസ് തുടരാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. കൊവിഡിനെ തുടർന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് നീണ്ട് പോകുന്നതിനിടെയാണ് അദാനിക്കനുകൂലമായ കേന്ദ്രതീരുമാനം വരുന്നത്.

ടെൻഡറിന് അനുസരിച്ചുളള നടപടികൾ നിയമപരമായി കൈക്കൊളളുകയായിരുന്നുവെന്ന് കേന്ദ്രം വാദിക്കുമ്പോള്‍ തീരുമാനം നിയമവിരുദ്ധമെന്നാണ് സർക്കാർ നിലപാട്. പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധം ഉയർത്താനും സർക്കാർ ലക്ഷ്യമിടുന്നു. ഏകെ ആന്‍റണിയും മുല്ലപ്പളളി രാമചന്ദ്രനും അടക്കമുളള കോൺഗ്രസ് നേതാക്കൾ പദ്ധതിയെ എതിർത്ത് രംഗത്ത് വന്നെങ്കിലും സ്വകാര്യവൽക്കരണത്തെ അനുകൂലിക്കുന്ന നിലപാടാണ് തിരുവനന്തപുരം എംപിയായ ശശി തരൂരിന്‍റേത്.

സ്വകാര്യവൽക്കരണം വികസനത്തിന് വഴിയൊരുക്കുമെന്ന അഭിപ്രായവുമായി പ്രമുഖരടക്കം രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ സഹകരണമുണ്ടെങ്കിലേ അദാനിക്ക് വിമാനത്താവള നടത്തിപ്പുമായി മുന്നോട്ടുപോകാനാവു. ചുരുക്കത്തിൽ വിമാനത്താവള സ്വകാര്യവൽക്കരണത്തിൽ തർക്കങ്ങൾ ഇനിയും തുടരുമെന്ന് തീർച്ചയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week