![](https://breakingkerala.com/wp-content/uploads/2021/04/flight-2-5.jpg)
ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ എയര്‍ബസ് 320 നിയോ വിമാനം തിരിച്ചിറക്കി. മുംബൈ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം, 27 മിനുട്ടുകള്‍ക്കു ശേഷമാണ് തിരിച്ചിറക്കിയത്. വിമാനത്തിന്റെ രണ്ട് എന്‍ജിനുകളില്‍ ഒന്നിനുണ്ടായ സാങ്കേതിക തകരാറാണ് വിമാനം തിരിച്ചിറക്കുന്നതില്‍ അവസാനിച്ചത്.
മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് തകരാറുണ്ടായത്. വെള്ളിയാഴ്ച രാവിലെ 9.43ന് പറന്നുയര്‍ന്ന് അല്‍പസമയത്തിനു ശേഷം പൈലറ്റിന് സാങ്കേതിക തകരാറിനെ കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് 10.10 ഓടെയാണ് വിമാനം താഴെയിറക്കിയത്.
യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ബെംഗളൂരുവിലേക്ക് അയച്ചതായി എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.