HealthNews

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് രണ്ടാം തരംഗത്തിന്റെ തുടക്കമാകാം; എയിംസ് ഡയറക്ടര്‍

മുംബൈ: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് രണ്ടാം തരംഗത്തിന്റെ തുടക്കമാകാമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊവിഡ് വ്യാപനം പ്രാദേശികമായാണ് ഉണ്ടായിരിക്കുന്നത്. ഇത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ഒരാഴ്ച 30 ശതമാനം കൊവിഡ് കേസുകളാണ് വര്‍ധിച്ചത്. പുതിയ കേസുകളില്‍ മഹാരാഷ്ട്രയില്‍ നിന്നുമാത്രം 60 ശതമാനം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പകര്‍ച്ചവ്യാധി മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്.

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പോലെ കഴിഞ്ഞവര്‍ഷം അനുവര്‍ത്തിച്ച മാര്‍ഗങ്ങള്‍ തേടാവുന്നതാണ്. വാക്സിനേഷന്‍ പരിപാടി കൂടുതല്‍ വിപുലമാക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യം ഉയരുന്നുണ്ട്. അത്തരം നടപടികള്‍ സ്വീകരിക്കുമ്പോഴും മുതിര്‍ന്നവര്‍ ഉള്‍പ്പെടെ അപകടസാധ്യത കൂടുതലുള്ള വിഭാഗങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കൊവിഡ് പ്രതിരോധത്തിലുള്ള ജനങ്ങളുടെ അനാസ്ഥയാണ് രോഗബാധ വീണ്ടും വര്‍ധിക്കുന്നതിന്റെ കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. രാജ്യത്തെ 85 ശതമാനം കൊവിഡ് കേസുകളും അഞ്ചോ ആറോ സംസ്ഥാനങ്ങളിലാണ്. ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കല്‍ അടക്കമുള്ള വൈറസ് പ്രതിരോധ മാര്‍ഗങ്ങള്‍ വേണ്ടവിധം സ്വീകരിക്കാത്തതാണ് രോഗബാധ ഇവിടങ്ങളില്‍ ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് തിങ്കളാഴ്ച 26,291 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. രോഗബാധയുടെ 78 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്. മരണനിരക്കിന്റെ 82.20 ശതമാനവും ഈ സംസ്ഥാനങ്ങളിലാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button