FootballKeralaNewsSports

ബ്ലാസ്റ്റേഴ്‌സിന് വിലക്കുണ്ടാവില്ല,5 കോടി പിഴ,വുകോമനോവിച്ചിനെതിരേ നടപടി?

പനാജി: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട കേരള കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ വിലക്കോ പോയന്റ് വെട്ടിക്കുറയ്ക്കലോ തുടങ്ങിയ നടപടികള്‍ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) അച്ചടക്ക സമിതി ബ്ലാസ്റ്റേഴ്‌സിന് അഞ്ച് കോടി രൂപ പിഴയിടാനാണ് സാധ്യതയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കളിക്കാരെ മൈതാനത്ത് നിന്ന് തിരിച്ചുവിളിച്ച പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെതിരേ നടപടിയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐഎസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്. ഈ പ്രതിഷേധം എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി തള്ളിയിരുന്നു. ചെയര്‍പേഴ്സണ്‍ വൈഭവ് ഗാഗറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിഷേധം തള്ളിയത്.

ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക നിയമത്തിലെ ആര്‍ട്ടിക്കിള്‍ 58.1 പ്രകാരം ഒരു ടീം മത്സരം കളിക്കാന്‍ വിസമ്മതിക്കുകയോ ആരംഭിച്ച മത്സരം തുടര്‍ന്ന് കളിക്കാതിരിക്കുകയോ ചെയ്താല്‍ കുറഞ്ഞത് ആറുലക്ഷം രൂപ വരെ പിഴശിക്ഷ ലഭിക്കാം. ഗുരുതരമായ ലംഘനമാണെങ്കില്‍ നടപ്പുസീസണില്‍ നിന്ന് അയോഗ്യരാക്കുകയോ വരാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ നിന്ന് വിലക്കുകയോ ചെയ്യാം.

എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനെതിരേ ഇത്തരം നടപടികളെടുക്കാന്‍ സാധ്യതയില്ലെന്നാണ് എഐഎഫ്എഫുമായി ബന്ധപ്പെട്ട ഒരു സീനിയര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം കളിയുടെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തിക്ക് കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അഞ്ചു മുതല്‍ ഏഴ് കോടി രൂപവരെ ക്ലബ്ബിന് പിഴയിട്ടേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഒരു ക്ലബിനെതിരെ എഐഎഫ്എഫ് ചുമത്തുന്ന ഏറ്റവും വലിയ തുകയായിരിക്കും ഇതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. മത്സരം പൂര്‍ത്തിയാക്കാതിരുന്ന ബ്ലാസ്റ്റേഴ്സിന്റെ നടപടി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്ന നിലപാടാണ് എ.ഐ.എഫ്.എഫ് സ്വീകരിച്ചത്. ലീഗിലെ നിയമങ്ങള്‍ പ്രകാരം റഫറിയുടെ തീരുമാനം അന്തിമമാണ്. റഫറിയുടെ തീരുമാനത്തിനെതിരേ ഒരു തരത്തിലുള്ള പ്രതിഷേധവും നിയമങ്ങള്‍ അനുവദിക്കുന്നില്ല.

ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന പ്ലേ ഓഫ് മത്സരമാണ് ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ ഇതുവരെ കാണാത്ത വിവാദ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഗോള്‍രഹിതമായ 90 മിനിറ്റുകള്‍ക്ക് ശേഷം മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. ഇതിനിടെ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന്റെ പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ഒരു ഫ്രീ കിക്ക് ലഭിക്കുന്നു.

96-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഗോള്‍കീപ്പറും ഫ്രീ കിക്ക് തടയാനായി തയ്യാറെടുക്കും മുമ്പ് സുനില്‍ ഛേത്രി പെട്ടെന്നുതന്നെ കിക്കെടുത്ത് പന്ത് വലയിലെത്തിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറാകും മുന്‍പാണു കിക്കെടുത്തതെന്ന് താരങ്ങള്‍ വാദിച്ചെങ്കിലും റഫറി ക്രിസ്റ്റല്‍ ജോണ്‍ അത് അംഗീകരിച്ചില്ല. തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ടീമിനെ തിരികെ വിളിക്കുകയായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button