FeaturedHome-bannerKeralaNews

അഗ്നിപഥ് പ്രതിഷേധം കത്തുന്നു, തെലങ്കാനയിൽ പൊലീസ് വെടിവയ്പ്പ്, ഒരു മരണം,ബിഹാറില്‍ നാളെ ബന്ദ്

ഹൈദരാബാദ് : ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെയായ (Agnipath Scheme) പ്രതിഷേധം പലസംസ്ഥാനങ്ങളിലും ആക്രമാസക്തം. തെലങ്കാനയില്‍ അഗ്നിപഥ് പ്രതിഷേധകാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ ഒരാൾ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. സെക്കന്തരാബാദില്‍ മൂന്ന് ട്രെയിനുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. ബസുകള്‍ക്കും ട്രെയിനുകള്‍ക്കും നേരെ കല്ലേറുണ്ടായി. കൂടുതല്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഹൈദരാബാദില്‍ ജാഗ്രത തുടരുകയാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടങ്ങിയ പ്രതിഷേധം തെക്കേ ഇന്ത്യയിലേക്കും വ്യാപിച്ചു. സെക്കന്‍ന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ യുവാക്കളുടെ പ്രതിഷേധം വ്യാപക അക്രമസംഭവങ്ങള്‍ക്കാണ് വഴിമാറിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് വെടിയുതിര്‍ത്തതോടെയാണ് ഡി രാകേഷ് എന്ന വാറങ്കല്‍ സ്വദേശിക്ക് വെടിയേറ്റത്. പരിക്കേറ്റയുടനെ രാകേഷിനെ റെയില്‍വേ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൈന്യത്തില്‍ ചേരാനുള്ള തയാറെടുപ്പിലായിരുന്നു രാകേഷ്. രാകേഷിന്‍റെ സഹോദരി ബിഎസ്ഫ് സേനാംഗമാണ്. 

രാവിലെ മുതല്‍ ശക്തമായ പ്രതിഷേധമാണ് സെക്കന്തരാബാദ് സ്റ്റേഷനില്‍ നടന്നത്. നിര്‍ത്തിയിട്ടിരുന്ന മൂന്ന് ട്രെയിനുകള്‍ക്ക് പ്രതിഷേധക്കാര്‍ തീവച്ചു. ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, രാജ്കോട്ട് എക്സ്പ്രസ്, അജന്ത എക്സ്പ്രസിനുമാണ് തീയിട്ടത്. രാജ്കോട്ട് എക്സപ്രസിന്‍റെ A1 കോച്ചിലുണ്ടായിരുന്ന 40 യാത്രക്കാര്‍ തലനാരിഴ്ക്കാണ് രക്ഷപ്പെട്ടത്. 

ട്രെയിനിനുള്ളില്‍ നിന്ന് ചരക്ക് സാധനങ്ങള്‍ പുറത്തേക്ക് വലിച്ചിട്ടും പ്രതിഷേധക്കാര്‍ കത്തിച്ചു. റെയില്‍വേ ഓഫീസിലെ ജനല്‍ചില്ലുകളും സ്റ്റാളുകളും അടിച്ചു തകര്‍ത്തു. സെക്കന്‍ന്തരാബാദ് സ്റ്റേഷന് പുറത്തും യുവാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. സംഘടനകളുടെ പിന്‍ബലമില്ലാതെ യുവാക്കള്‍ തന്നെ സംഘടിച്ച് എത്തിയാണ് പ്രതിഷേധിക്കുന്നത്. ഹൈദരാബാദിലും ആന്ധ്രയിലും വ്യാപക പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഹൈദരാബാദ് റെയില്‍വേസ്റ്റേഷനില്‍ സുരക്ഷ വര്‍ധിപ്പിച്ചു. 

അഗ്നിപഥ് റിക്രൂട്ട്മെന്‍റ് പദ്ധതിയില്‍ പ്രതിഷേധിച്ച് ബിഹാറില്‍ നാളെ ബന്ദ്. പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളാണ് ആഹ്വാനം ചെയ്തത്. അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിലും യുപിയിലും പ്രതിഷേധം ആളിപ്പടരുകയാണ്. ബിഹാറില്‍ അഞ്ച്  ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. ബിഹാർ ഉപമുഖ്യമന്ത്രി രേണുദേവിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍റെയും വീടിന്  നേരെയും ആക്രമണം ഉണ്ടായി.

അലിഗഡിലെ ജട്ടാരിയയില്‍ പൊലീസ് സ്റ്റേഷനും പൊലീസ് വാഹനവും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. റെയില്‍വേ സ്റ്റേഷനുകളും പലയിടങ്ങളിലും ആക്രമിക്കപ്പെട്ടു.  ടയറുകള്‍ കത്തിച്ച് പാളത്തില്‍ ഇട്ടതോടെ പലയിടത്തും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. അക്രമങ്ങള്‍ രാജ്യത്തെ ഇരുനൂറോളം ട്രെയിൻ സർവീസുകളെയാണ് ബാധിച്ചത്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി.  റെയില്‍വെ വസ്തുവകകള്‍ ആക്രമിക്കരുതെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷണവ് അഭ്യർത്ഥിച്ചു. 

ബിഹാറിലെ മഥേപുരിയല്‍ ബിജെപി ഓഫീസില്‍ അഗ്നിപഥ് പ്രതിഷേധക്കാർ തീയിട്ടു. ബിഹാറിനും യുപിക്കും പുറമെ മധ്യപ്രദേശിലും ഹരിയാനയിലും പശ്ചിമബംഗാളിലെ വിവിധയിടങ്ങളിലും ഇന്ന് പ്രതിഷേധം നടന്നു . സംഘര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ബിഹാര്‍ ഹരിയാന യുപി സംസ്ഥാനങ്ങളില്‍ വലിയ സുരക്ഷ ഏര്‍പ്പെടുത്തിയുട്ടുണ്ട്. ഹരിയാനയില്‍ പലയിടങ്ങളിലും ഇന്‍റര്‍നെറ്റ്, മെസേജ് സേവനങ്ങള്‍ റദ്ദാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker