KeralaNews

അക്രമം, തീയിടൽ, വെടിവപ്പ്, ബന്ദ്, അഗ്നിപഥിനെതിരെ ഉത്തരേന്ത്യയിൽ പ്രതിഷേധാഗ്നി; തെക്കേ ഇന്ത്യയിലേക്കും പടരുന്നു

ന്യൂഡല്‍ഹി: പുതിയ സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെതിരായ (Agnipath Scheme) പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുന്നു. പ്രതിഷേധത്തിന്‍റെ മൂന്നാം നാൾ പലയിടത്തും അക്രമ സംഭവങ്ങൾ അരങ്ങേറി. ബിഹാറിലും ഉത്തർപ്രദേശിലും ആളിക്കത്തിയ പ്രതിഷേധം ദില്ലിയിലും തെലങ്കാനയിലുമടക്കം കനക്കുകയാണ്.

യുപിയില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് തീയിടുന്ന നിലയിലേക്കായിരുന്നു പ്രതിഷേധം കത്തിയത്. ബിഹാറില്‍ ട്രെയിനുകൾ പ്രതിഷേധക്കാര്‍ കത്തിച്ചു. ബിഹാർ ഉപമുഖ്യമന്ത്രി രേണുദേവിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍റെയും വീടിന്  നേരെയും ആക്രമണം ഉണ്ടായി. സംസ്ഥാനത്ത് നാളെ ബന്ദിനും ആഹ്വാനമുണ്ട്. തെലങ്കാനയിലാകട്ടെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവയ്പ്പിൽ ഒരാൾ മരണപ്പെട്ടന്ന വാ‍ർത്തകളാണ് പുറത്തുവരുന്നത്.

രാജ്യത്ത് ഏറ്റവും ആദ്യവും ശക്തവുമായ പ്രതിഷേധമുയർന്നത് ബിഹാറിലായിരുന്നു. ഇവിടെ മൂന്നാം നാൾ അക്ഷരാർത്ഥത്തിൽ യുദ്ധക്കളമാകുന്ന സാഹചര്യമായിരുന്നു. സംസ്ഥാനത്ത് അഞ്ച്  ട്രെയിനുകളാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്. ഉപമുഖ്യമന്ത്രി രേണുദേവിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍റെയും വീടിന് നേരെയും പ്രതിഷേധക്കാ‍ർ അക്രമം അഴിച്ചുവിട്ടു. ബിഹാറിലെ മഥേപുരിയല്‍ ബിജെപി ഓഫീസില്‍ പ്രതിഷേധക്കാർ തീയിട്ടു. പൊലീസും സമരക്കാരും പലയിടത്തും ഏറ്റുമുട്ടുകയും ചെയ്തു.

പ്രതിഷേധത്തിന്‍റെ മൂന്നാം നാൾ യു പിയിൽ പരക്കെ അക്രമസംഭവങ്ങളുണ്ടായി. അലിഗഡിലെ ജട്ടാരി പൊലീസ് സ്റ്റേഷന്‍ പ്രതിഷേധക്കാർ തീയിട്ടു. പൊലീസ് വാഹനവും ഇവർ കത്തിച്ചു. റെയില്‍ട്രാക്ക് ഉപരോധിച്ച് പലയിടത്തും അക്രമം നടത്തി. ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയൽ സംഭവങ്ങളും അരങ്ങേറി. 

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടങ്ങിയ പ്രതിഷേധം മൂന്നാം നാളിലേക്കെത്തിയപ്പോൾ തെക്കേഇന്ത്യയിലും കനക്കുകയാണ്. തെലങ്കാനയിൽ ഇതിനകം അതിശക്തമായ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ യുവാക്കളുടെ പ്രതിഷേധം അനിഷ്ട സംഭവങ്ങൾക്കും വെടിവെപ്പിനും ഒരാളുടെ ജീവൻ നഷ്ടപ്പെടുന്ന നിലയിലേക്കും എത്തി. പതിനഞ്ച് പേര്‍ക്ക് ഇവിടെ പരിക്കേറ്റിട്ടുണ്ട്. മൂന്ന് ട്രെയിനുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. ബസുകള്‍ക്കും ട്രെയിനുകള്‍ക്കും നേരെ കല്ലേറുണ്ടായി. സംഘടനകളുടെ പിന്‍ബലമില്ലാതെ യുവാക്കള്‍ തന്നെ സംഘടിച്ച് എത്തിയാണ് പ്രതിഷേധിക്കുന്നത്. ഹൈദരാബാദിലും ആന്ധ്രയിലും വ്യാപക പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കൂടുതല്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഹൈദരാബാദില്‍ ജാഗ്രത തുടരുകയാണ്. ഹൈദരാബാദ് റെയില്‍വേസ്റ്റേഷനില്‍ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലേക്ക് അഗ്നിപഥ് പ്രതിഷേധാഗ്നി കത്തുമ്പോഴും പദ്ധതിയുമായി മുന്നോട്ടെന്ന പ്രഖ്യാപനമാണ് കേന്ദ്ര സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. രണ്ട് ദിവസത്തിനുള്ളിൽ അഗ്നിപഥ് പദ്ധതിയിൽ റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം പുറത്തിറങ്ങുമെന്ന് കരസേന മേധാവി വ്യക്തമാക്കി. ഈ വർഷം ഡിസംബറോടെ പരിശീലനം തുടങ്ങുമെന്നും ജനറൽ പാണ്ഡെ പറഞ്ഞു. 2023 പകുതിയോടെ ഇവർ സേനയിൽ  പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതി ഇന്ത്യയിലെ യുവാക്കൾക്ക് വലിയ അവസരമാണെന്നായിരുന്നു വിദേശകാര്യ മന്ത്രി ജയശങ്കർ ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി അഗ്നിവീർ അംഗങ്ങളുടെ പ്രായപരിധി ഉയർത്തിയതോടെ കൊവിഡ് മഹാമാരിയിൽ ഇനി ഈ സ്വപ്നം യാഥാർത്ഥ്യമാകില്ലെന്ന് കരുതിയ പലർക്കും സൈന്യത്തിന്റെ ഭാഗമാകാമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker