23.8 C
Kottayam
Tuesday, May 21, 2024

Gold price today:സ്വര്‍ണവില കുതിച്ചുകയറി; സര്‍വകാല റെക്കോര്‍ഡിലേക്ക്, ഇന്നത്തെ നിരക്കിങ്ങനെ

Must read

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് രേഖപ്പെടുത്തിയത് റെക്കോർഡ് വർധന. ഒറ്റ ദിവസം 1120 രൂപയാണ് ഒരു പവന്റെ വിലയിൽ വർധിച്ചത്. ഒരു ദിവസം ഒറ്റത്തവണയുണ്ടാകുന്ന ഏറ്റവും ഉയർന്ന വർധനവാണ് ഇന്നത്തേത്. ഇതോടെ പവന് 44320 രൂപയിലാണ് ഇന്ന് സ്വർണം വിപണനം ചെയ്യുന്നത്. ഗ്രാമിന് 5540 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 140 രൂപയാണ് ഇന്ന് വർധിച്ചത്. നേരത്തെ ഒരു ദിവസം 150 രൂപ വർധിച്ചിട്ടുണ്ടെങ്കിലും അത് രണ്ട് തവണയായാണ് വർധിച്ചത്.

എന്നാൽ ഇന്ന് രാവിലെ സ്വർണ വില ഗ്രാമിന് 140 രൂപ വർധിച്ചത് ഒറ്റത്തവണയായതിനാലാണ് റെക്കോർഡ് വർധനവായി കണക്കാക്കുന്നതെന്ന് ജ്വല്ലറി ഉടമകൾ പ്രതികരിച്ചു.ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കണമെങ്കില്‍ 47000 രൂപയെങ്കിലും ചെലവ് വരും.ഇന്നലെ 5400 രൂപയിലായിരുന്നു ഒരു ഗ്രാം സ്വർണം വിപണനം ചെയ്തത്. പവന് 43200 രൂപയായിരുന്നു വില. ആഗോള വിപണിയിൽ യുദ്ധം സൃഷ്ടിച്ച മാറ്റമാണ് സ്വർണ വില ഉയരാൻ കാരണമായത്.

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യമാണ് വില വര്‍ധനവിന് കാരണമായി പറയുന്നത്. ആയിരത്തിലധികം രൂപയാണ് ഒരു പവന് ഇന്ന് വര്‍ധിച്ചിരിക്കുന്നത്.ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില പവന് 41920 രൂപയായിരുന്നു. ഈ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 2400 രൂപ അധികം നല്‍കണം. യുക്രൈന്‍ യുദ്ധം, പലസ്തീന്‍ യുദ്ധം, ആഗോള വിപണിയിലെ സാഹചര്യം, ഡോളര്‍ മൂല്യത്തില വ്യത്യാസം എന്നിവയെല്ലാം സ്വര്‍ണവിലയിലെ പെട്ടെന്നുള്ള വര്‍ധനവിന് കാരണമാണ്.

സെപ്തംബര്‍ മാസത്തില്‍ ഏറ്റവും ഉയര്‍ന്ന വില 44240 രൂപയായിരുന്നു. സെപ്തംബര്‍ നാലിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. പിന്നീട് ഘട്ടങ്ങളായി കുറഞ്ഞു. കഴിഞ്ഞ മാസം അവസാന വാരം വലിയ ഇടിവ് രേഖപ്പെടുത്തിയാണ് 41920 രൂപയിലേക്ക് എത്തിയത്. പിന്നീട് പശ്ചിമേഷ്യ യുദ്ധം തുടങ്ങിയതോടെ വില കുതിച്ചുകയറി.

ഡോളര്‍ ഇന്‍ഡക്‌സ് ഇന്ന് രേഖപ്പെടുത്തുന്നത് 106ലാണ്. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 83.42 എന്ന നിരക്കിലാണ്. രൂപയുടെ മൂല്യം കുറഞ്ഞതും ഡോളറിന്റെ മൂല്യം കയറിയതും സ്വര്‍ണവിലയിലെ പെട്ടെന്നുള്ള മാറ്റത്തിന് കാരണമാണ്. മാത്രമല്ല, എണ്ണവിലയില്‍ അഭൂത പൂര്‍വമായ വര്‍ധവനും ഉണ്ടായിട്ടുണ്ട്. വിപണിയില്‍ വലിയ ആശങ്ക നിലനില്‍ക്കുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

എണ്ണവിലയില്‍ സമീപകാലത്തെ ഏറ്റവും വലിയ വിലവര്‍ധനവുണ്ടായി. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 90 ഡോളര്‍ പിന്നിട്ടു. 82 ഡോളറില്‍ നിന്നാണ് രണ്ട് ഘട്ടമായി 90ലെത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും എണ്ണവില വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് വിപണിയെ കൂടുതല്‍ അസ്ഥിരമാക്കുകയും സ്വര്‍ണവില കുതിച്ചുകയറാന്‍ ഇടയാക്കുകയും ചെയ്യും.

ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ അറബ് രാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഇടപെടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. മാത്രമല്ല, അമേരിക്കക്ക് പുറമെ റഷ്യയും ഇടപെട്ടേക്കുമെന്ന സൂചനകളും വരുന്നു. ഇതെല്ലാം വിപണിയില്‍ വലിയ ആശങ്ക സൃഷ്ടിക്കാന്‍ കാരണമായി.

ഒക്ടോബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഒക്ടോബർ 1 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,680 രൂപ 
ഒക്ടോബർ 2 –  ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 42,560 രൂപ 
ഒക്ടോബർ 3 –  ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 42,080 രൂപ 
ഒക്ടോബർ 4 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,080 രൂപ 


ഒക്ടോബർ 5 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,960 രൂപ 
ഒക്ടോബർ 6 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു.  വിപണി വില 42,000 രൂപ 
ഒക്ടോബർ 7 (രാവിലെ)- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയർന്നു.  വിപണി വില 42,200 രൂപ 
ഒക്ടോബർ 7 (ഉച്ചയ്ക്ക്) – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയർന്നു.  വിപണി വില 42,520 രൂപ 
ഒക്ടോബർ 8  – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,520 രൂപ 


ഒക്ടോബർ 9 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു.  വിപണി വില 42,680 രൂപ 
ഒക്ടോബർ 10 – ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു.  വിപണി വില 42,920 രൂപ 
ഒക്ടോബർ 11 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,920 രൂപ 
ഒക്ടോബർ 12 – ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ ഉയർന്നു.  വിപണി വില 43,200 രൂപ 
ഒക്ടോബർ 13 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,200 രൂപ 

ഒക്ടോബർ 14 – ഒരു പവന്‍ സ്വര്‍ണത്തിന് 1120 രൂപ ഉയർന്നു.  വിപണി വില 44,320 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week