KeralaNews

സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്; ഒരാഴ്ചക്കിടെ വര്‍ധിച്ചത് ആയിരത്തിലധികം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. 560 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. ഗ്രാമിന് 70 രൂപയാണ് ഉയര്‍ന്നത്. 4590 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം 80 രൂപ കുറഞ്ഞിരുന്നു. തുടര്‍ന്ന് രണ്ടുദിവസം വില ഉയരുന്നതാണ് ദൃശ്യമായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു സ്വര്‍ണവില. തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമായത്.

ഒരാഴ്ചക്കിടെ ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത് വില ഉയരാന്‍ ഇടയാക്കുന്നുണ്ട്.

അടിയന്തിര ഘട്ടങ്ങളില്‍ എളുപ്പത്തില്‍ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി സ്വര്‍ണം മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങള്‍ക്കിടെയുണ്ടായ വിലക്കയറ്റത്തോട് സാധാരണക്കാര്‍ പൊരുതിയത് പ്രധാനമായും സ്വര്‍ണ വിലയെ ആയുധമാക്കിയാണ്. അതിനാല്‍ തന്നെ ഓരോ ദിവസത്തെയും സ്വര്‍ണവില കൂടുന്നതും കുറയുന്നതും ഉയര്‍ന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണവില 4470 രൂപയായിരുന്നു നവംബര്‍ അഞ്ചിന്. 40 രൂപയുടെ വര്‍ധനവാണ് നവംബര്‍ ആറിന് സ്വര്‍ണവിലയില്‍ ഉണ്ടായത്. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നലെ വിലയിടിഞ്ഞത്. ഇന്ന് വീണ്ടും ഉയര്‍ന്നതോടെ സ്വര്‍ണ്ണത്തില്‍ നിക്ഷേപിച്ചവര്‍ക്ക് ഇത് വലിയ പ്രതീക്ഷയായി.

സ്വര്‍ണ വില ഇനിയും ഉയരുമെന്നാണ് പ്രവചനം. 10 ഗ്രാം സ്വര്‍ണ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്‌വാളി പ്രവചിക്കുന്നു. ആഗോള വിപണിയിലെ സ്വര്‍ണവില ഔണ്‍സിന് 2000 ഡോളറാകും. ഇന്ത്യന്‍ വിപണിയിലെ സ്വര്‍ണ വില 52000 മുതല്‍ 53000 രൂപ വരെയാകും. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലെ മാറ്റവും ഫെഡറല്‍ റിസര്‍വിന്റെ സമീപനവും ഇനിയും സ്വര്‍ണവില ഉയരാന്‍ ഇടയാക്കും. പണപ്പെരുപ്പം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നത് രാജ്യത്തെ വിലവര്‍ദ്ധനക്ക് ഇടയാക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button