ഷിംല: ഹിമാചല്‍പ്രദേശിലെ യാത്രയ്ക്കിടെ കാണാതായ മകനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 1 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ചെന്നൈ മുന്‍ മേയര്‍ സൈദൈ ദുരൈസാമി. എന്നാല്‍ നെഞ്ചുരുകി കാത്തിരുന്നതിന്റെ 9 നാള്‍ സൈദൈ ദുരൈസാമിയെ തേടിയെത്തിയത് മകന്റെ മരണവാര്‍ത്തയായിരുന്നു. ദുരൈസാമിയുടെ മകനും സംവിധായകനുമായ വെട്രി ദുരൈസാമി (45) യുടെ മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ കണ്ടെത്തി. സത്‌ലജ് നദിയിലേക്ക് മറിഞ്ഞുണ്ടായ കാര്‍ അപകടത്തില്‍ വെട്രിയെയും സംഘത്തെയും കാണാതാവുകയായിരുന്നു. ഫെബ്രുവരി 4 നാണ് അപകടം നടന്നത്.
യാത്രയ്ക്കായി വാടകയ്ക്കെടുത്ത കാറിലായിരുന്നു സംഘം സഞ്ചരിച്ചത്. കഷാംഗ് നലയില്‍ തീരദേശ ഹൈവേയിലൂടെ കടന്നുപോകുമ്പോള്‍ കാറിന്റെ ഡ്രൈവര്‍ക്കു ഹൃദയാഘാതമുണ്ടാവുകയും കാര്‍ സത്ലജ് നദിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉടന്‍ മരണപ്പെട്ടു. ഒപ്പമുണ്ടായ തിരുപ്പൂര്‍ സ്വദേശി ഗോപിനാഥിനെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും ദുരന്തനിവാരണ സേനയും ഉള്‍പ്പെടെയുള്ള സംഘം തിരച്ചില്‍ നടത്തിയെങ്കിലും തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്താനായത്. സിനിമ സംവിധായകനായ വെട്രി ഒരു ഷൂട്ടിങ് സംഘത്തിനൊപ്പമാണ് ഹിമാചലില്‍ എത്തിയിരുന്നത്.
ഇതിനിടെയാണ്, മകനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് സെദൈ ദുരൈസാമി ഒരു കോടി രൂപ വാഗ്ദാനം ചെയ്തത്. സമീപ പ്രദേശത്ത് താമസിച്ചിരുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ മകനെ കണ്ടെത്തുമെന്നും രക്ഷിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. അദ്ദേഹം ഇക്കാര്യം സുഹൃത്തുക്കളോടും പോലീസിനോടും പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ സംഭവ ദിവസം തലച്ചോറെന്ന് കരുതുന്ന മനുഷ്യ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഇത് മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചെങ്കിലും സെദൈ ദുരൈസാമി ശുഭാപ്തി വിശ്വാസം കൈവിട്ടില്ല. കണ്ടെടുത്ത ശരീരഭാഗങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഷിംലയ്ക്ക് സമീപമുള്ള ജുംഗയിലെ സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ച് ഫലം കാത്തിരിക്കുകയായിരുന്നു.
സംഘത്തെ കണ്ടെത്താന്‍ ഫെബ്രുവരി 4 മുതല്‍ 12 വരെ ജില്ലാ പോലീസ് ഐടിബിപി, എന്‍ഡിആര്‍എഫ്, നേവി, എസ്ഡിആര്‍എഫ് ഉത്തരാഖണ്ഡ്, ഹോം ഗാര്‍ഡുകള്‍, മഹുന്‍ നാഗ് അസോസിയേഷന്റെ മുങ്ങല്‍ വിദഗ്ധര്‍ എന്നിവര്‍ സത്ലജ് നദിയുടെ തീരത്ത് സംയുക്ത തിരച്ചില്‍ നടത്തി. ഡ്രോണുകളും ഉപയോഗിച്ചു. തിങ്കളാഴ്ച നടത്തിയ തിരച്ചിലിനിടെ, മഹുന്‍ നാഗ് അസോസിയേഷന്റെ മുങ്ങല്‍ വിദഗ്ധന്‍ സംഭവസ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് വെട്രിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയായാല്‍ കുടുംബത്തിന് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു.
2021-ല്‍ വെട്രി സംവിധാനംചെയ്ത തമിഴ് ചിത്രമായ ‘എന്‍ട്രാവത് ഒരു നാള്‍’ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. രമ്യാ നമ്പീശനായിരുന്നു ചിത്രത്തിലെ നായിക. വെട്രിയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ഇത്. അന്താരാഷ്ട്ര ചലച്ചിത്രമേളയിലടക്കം ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. നടന്‍ അജിത്തിന്റെ അടുത്ത സുഹൃത്തുകൂടിയാണ് വെട്രി. തന്റെ അടുത്ത സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. അറിയപ്പെടുന്ന വെെൽ ലെെഫ് ഫോട്ടോഗ്രാഫർ കൂടിയാണ് വെട്രി