CricketNewsSports

നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തു,സെമിയിലേക്ക് ചുവടുവെച്ച് അഫ്ഗാനിസ്ഥാന്‍

ലഖ്‌നൗ: ഏകദിന ലോകകപ്പ് പോയിന്റ് പട്ടികയില്‍ പാകിസ്ഥാനെ പിന്തള്ളി അഫ്ഗാനിസ്ഥാന്‍ അഞ്ചാമത്. ഇന്ന് നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചതോടെയാണ് അഫ്ഗാന്‍ മുന്നേറിയത്. ലഖ്‌നൗ, ഏകനാ സ്റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു അഫ്ഗാന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത നെതര്‍ലന്‍ഡ്‌സ് 46.3 ഓവറില്‍ 179ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 31.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഹഷ്മതുള്ള ഷാഹിദി (34 പന്തില്‍ 56), റഹ്മത്ത് ഷാ (54 പന്തില്‍ 52) എന്നിവരാണ് അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗില്‍ 55 റണ്‍സെടുക്കുന്നതിനിടെ അഫ്ഗാന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. റ്ഹമാനുള്ള ഗുര്‍ബാസ് (10), ഇബ്രാഹിം സദ്രാന്‍ (20) എന്നിവര്‍ക്ക് തിളങ്ങാനായില്ല. എന്നാല്‍ നാലാം വിക്കറ്റില്‍ റഹ്മത്ത് – ഷാഹിദി സഖ്യം 74 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റഹ്മത്ത് 23-ാം ഓവറില്‍ പുറത്തായി. എന്നാല്‍ അസ്മതുള്ള ഒമര്‍സായിയെ (31) കൂട്ടുപിടിച്ച് ഷാഹിദി അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചു. 

നേരത്തെ മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് നബിയാണ് നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തത്. നൂര്‍ അഹമ്മദ് രണ്ടും മുജീബ് ഉര്‍ റഹ്മാന്‍ ഒരു വിക്കറ്റും വീഴ്ത്തി. 58 റണ്‍സ് നേടിയ സിബ്രാന്‍ഡ് ഏങ്കല്‍ബ്രഷാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. മാക്‌സ് ഒഡൗഡ് 42 റണ്‍സെടുത്തു. ആക്കര്‍മാന്‍ (29), വാന്‍ ഡര്‍ മെര്‍വെ (11), ആര്യന്‍ ദത്ത് (പുറത്താവാതെ 10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. വെസ്ലി ബരേസി (1), സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (0), ബാസ് ഡീ ലീഡെ (3), സാക്വിബ് സുല്‍ഫീക്കര്‍ (3), വാന്‍ ബീക്ക് (2), പോള്‍ വാന്‍ മീകെരെന്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 

നിലവില്‍ അഫ്ഗാനിസ്ഥാനും ന്യൂസിലന്‍ഡിനും എട്ട് പോയിന്റ് വീതമാണുള്ളത്. എന്നാല്‍ കിവീസിന്റെ മികച്ച റണ്‍റേറ്റാണ് അഫ്ഗാനെ ആദ്യ നാലില്‍ നിന്ന ്അകറ്റിയത്. നാളെ ന്യൂസിലന്‍ഡിനെതിരെ വലിയ മാര്‍ജനില്‍ പാകിസ്ഥാന്‍ ജയിച്ചാല്‍ ഇരുവരേയും മറികടന്ന് ആദ്യ നാലിലെത്താം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button