കൊച്ചി: കേരളക്കരരെ നടുക്കിയ ജിഷ വധക്കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വേണ്ടി ഇനി അഡ്വ. ബി.എ ആളൂര്‍ ഹാജരാകില്ല. ഹൈക്കോടതിയില്‍ പ്രതി നല്‍കിയ അപ്പീലില്‍ നിന്ന് ആളൂര്‍ ഒഴിവായി. ആളൂര്‍ വക്കാലത്തില്‍ നിന്നു പൂര്‍ണമായും ഒഴിയുകയായിരുന്നു. ആളൂരും കൂടെയുള്ള മറ്റ് അഭിഭാഷകരും വക്കാലത്ത് പിന്‍വലിച്ചു കൊണ്ടുള്ള മെമ്മോ മുഖാന്തരം വിടുതല്‍ ഹര്‍ജി നല്‍കുകയും കോടതി ഫയല്‍ സ്വീകരിക്കുകയുമായിരുന്നു.
ജിഷ കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വേണ്ടി 175 ല്‍ പരം ശക്തമായ വാദമുഖങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള അപ്പീല്‍ ആണ് ഹൈകോടതിയില്‍ ആളൂര്‍ ഫയല്‍ ചെയ്തത്. വിചാരണ കോടതിയില്‍ നിന്ന് എല്ലാ രേഖകളും ഹൈക്കോടതിയില്‍ എത്തിയിരുന്നു. വിചാരണ കോടതിയില്‍ ആളൂരിനൊപ്പം ഉണ്ടായിരുന്നതും ഇപ്പോള്‍ ഒരു ഗവണ്‍മെന്റ് പ്ലീഡറുടെ ജൂനിയറും ആയ ഒരു അഭിഭാഷകന്റെ നാടകീയ നീക്കമാണ് വക്കാലത്തില്‍ നിന്നുള്ള പിന്‍മാറ്റത്തിന് കാരണം എന്നാണ് ആളൂരിന്റെ ഓഫീസില്‍ നിന്നു അറിയാന്‍ കഴിഞ്ഞത്.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ഈ കാര്യം ആളൂരിന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അഡ്വ. ആക്ടിന്റെ സെക്ഷന്‍ 35അനുസരിച്ചുള്ള എല്ലാ നടപടികളില്‍ നിന്നും ഒഴിവാകേണ്ട പശ്ചാത്തലത്തില്‍ ആണ് പ്രതിയുടെ വക്കാലത്തില്‍ നിന്നും, മറ്റ് ഉത്തരവാദിത്വത്തില്‍ നിന്നും ആളൂര്‍ മാറാന്‍ തീരുമാനിച്ചത് എന്നാണ് അറിയാന്‍ കഴിയുന്നത്.