ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ഇറക്കുമതി ചെയ്ത് ഇന്ത്യയിലെ ഊർജ്ജോൽപാദകരായ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകുന്നത് ഗുണനിലവാരമില്ലാത്ത കൽക്കരിയെന്ന് റിപ്പോർട്ട്. ഇന്‍ഡോനേഷ്യയിലെ വിതരണക്കാരില്‍നിന്ന് വാങ്ങിയ കുറഞ്ഞ നിലവാരമുള്ള കല്‍ക്കരി, തുക പെരുപ്പിച്ചുകാട്ടി തമിഴ്നാടിൻ്റെ പൊതുമേഖലാ സ്ഥാപനമായ ടാംഗെട്‌കോ (തമിഴ്‌നാട് ജെനറേഷന്‍ ആന്‍ഡ് ഡിസ്ടിബൂഷൻ കോർപ്പൊറേഷൻ)യ്ക്ക് നൽകിയെന്നാണ് ഫിനാൻഷ്യല്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ഒ.സി.സി.ആര്‍.പി.(ഓര്‍ഗനൈസ്ഡ് ക്രൈം അന്‍ഡ് കറപ്ഷന്‍ റിപ്പോട്ടിങ്ങ് പ്രൊജക്റ്റ്) സമാഹരിച്ച രേഖകൾ ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്. നിലവാരം കുറഞ്ഞ കല്‍ക്കരി കത്തിക്കുന്നതുമൂലമുണ്ടാകുന്ന പാരിസ്ഥാതിക ആഘാതവും സർക്കാരിനുണ്ടാകുന്ന ഭീമമായ സാമ്പത്തിക നഷ്ടവും റിപ്പോട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കിലോഗ്രാമിന് 3500 കലോറി അടങ്ങുന്ന കല്‍ക്കരിയാണ് ഇന്‍ഡോനേഷ്യയിൽനിന്ന് 2014 ജനുവരിയില്‍ അദാനി ഗ്രൂപ്പ് വാങ്ങിയത്. ഇന്‍ഡോനേഷ്യയില്‍ നിലവാരം കുറഞ്ഞ കല്‍ക്കരി വില്‍ക്കുന്ന പി.ടി ജോണ്‍ലിന്‍ കല്‍ക്കരി ഖനിയില്‍ നിന്ന് ടണ്ണിന് 28 ഡോളര്‍ നിരക്കിനാണ് കല്‍ക്കരി വാങ്ങിയത്. കിലോഗ്രാമിന് 6000 കലോറി അടങ്ങുന്ന ഉയര്‍ന്ന നിലവാരമുള്ള കല്‍ക്കരിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇത് ടാംഗെഡ്‌കോയ്ക്ക് അദാനി ഗ്രൂപ്പ് വിൽപന നടത്തിയതെന്ന്റിപ്പോട്ടില്‍ പറയുന്നു.
ടണ്ണിന് 86 ഡോളര്‍ നിരക്കിലായിരുന്നു വിൽപന. ചെലവുകൾ കഴിച്ച് 207 ശതമാനം ലാഭത്തിലാണ് അദാനി ഗ്രൂപ്പ് ഈ ഇടപാട് നടത്തിയതെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ടാംഗെട്‌ക്കോയുമായി 15 ലക്ഷം ടണ്ണിന്റെ ഇടപാടു നടത്തിയ അദാനി ഗ്രൂപ്പ്, വില പെരുപ്പിച്ചുകാട്ടി 2014-ല്‍ മറ്റ് 22 ഇടപാടുകളും നടത്തിയതായും റിപ്പോട്ടില്‍ പറയുന്നു. 2014 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ അദാനി ഗ്രൂപ്പ് ടാംഗെഡ്‌കോയുമായി 24 -ഓളം കല്‍ക്കരി ഇടപാടുകൾ നടത്തിയിട്ടുണ്ട്.
നിലവാരം കുറഞ്ഞ കല്‍ക്കരി ഉപയോഗിക്കുമ്പോൾ ശുദ്ധീകരിച്ച കൽക്കരിയുണ്ടാക്കുന്നതിനേക്കാൾ ഉയർന്ന തോതിലുള്ള അന്തരീക്ഷ മലിനീകരണമാണ് സംഭവിക്കുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. നിലവാരം കുറഞ്ഞ കല്‍ക്കരിയില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുമ്പോള്‍ ഓരോ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനും കൂടുതല്‍ കല്‍ക്കരി കത്തിക്കേണ്ടി വരുന്നു. ഇത് കൂടുതല്‍ വിഷവാതകങ്ങൾ പുറന്തള്ളുന്നതിലേക്കും കൂടുതല്‍ അന്തരീക്ഷ മലിനീകരണത്തിലേക്കും നയിക്കുന്നു. പ്രതിവര്‍ഷം 20 ലക്ഷം ജനങ്ങള്‍ ഇന്ത്യയില്‍ വായുമലിനീകരണം കാരണം മരിക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പല ഇടങ്ങളിലായി നടന്ന കൃത്യമായ ഗുണനിലവാര പരിശോധനക്കു ശേഷമാണ് കല്‍ക്കരി ഇടപാട് നടന്നതെന്ന് അദാനി ഗ്രൂപ്പ് ഫിനാഷ്യല്‍ ടൈംസിനോട് പ്രതികരിച്ചു.
വിഷയത്തിൽ മോദി സർക്കാരിനെതിരേ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രൂക്ഷവിമർശനം ഉന്നയിച്ചു. ‘ബി.ജെ.പി. സര്‍ക്കാരിനു കീഴില്‍ നടന്ന വന്‍ കല്‍ക്കരി അഴിമതിയാണ് പുറത്തിവന്നിരിക്കുന്നത്. നിലവാരം കുറഞ്ഞ കല്‍ക്കരി ഇരട്ടി വലയ്ക്ക് വിറ്റ് മോദിയുടെ പ്രിയ സുഹൃത്ത് നടത്തിയത് ആയിരക്കണക്കിന് രൂപയുടെ കൊള്ളയാണ്.
ഈ അഴിമതിയില്‍ നിശബ്ദരായിരിക്കാന്‍ മോദി ഇ.ഡി.ക്കും സി.ബി.ഐക്കും ഐ.ടി വിഭാഗത്തിനും എത്ര ടെംപോയില്‍ പണം ഇറക്കിയെന്ന് വെളിപ്പെടുത്തുമോ? ജൂണ്‍ നാലിനു ശേഷം ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വന്‍ അഴിമതി പുറത്തുകൊണ്ടുവന്ന് ജനങ്ങളില്‍ നിന്ന് കവര്‍ന്നെടുത്ത പണത്തിന്റെ കണക്കു പുറത്തുകൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി എക്സിൽ കുറിച്ചു.