ഓരോ സിനിമയ്ക്കും ഓരോ ശമ്പളം, ആഡംബര കാറുകളും ബംഗ്ലാവും സ്വന്തം; തൃഷയുടെ ആസ്തി കോടികള്‍
ചെന്നൈ:തെന്നിന്ത്യയിലെ സൂപ്പര്‍നായികമാരില്‍ ഒരാളാണ് തൃഷ കൃഷ്ണന്‍. മോഡലായി കരിയര്‍ ആരംഭിച്ച തൃഷ 1999 ല്‍ മിസ് ചെന്നൈ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേവര്‍ഷം തന്നെ ജോഡി എന്ന ചിത്രത്തിലൂടെ തന്റെ 16-ാം വയസില്‍ ചെറിയ വേഷത്തിലൂടെ തൃഷ അഭിനയരംഗത്തേക്ക് എത്തി. 2002 ല്‍ മൗനം പേസിയാതെ എന്ന ചിത്രത്തിലൂടെയാണ് തൃഷ നായികയായി അഭിനയിക്കുന്നത്.
പിന്നീടങ്ങളോട് തമിഴ്, തെലുങ്ക് സിനിമകളില്‍ തൃഷ മുന്‍നിര നായികയായി മാറി. സാമി (2003), ഗില്ലി (2004), ആറ് (2005) എന്നീ തമിഴ് സിനിമകളിലേയും വര്‍ഷം (2004), നുവ്വോസ്തനന്റെ നേനോട്ടന്തനാ (2005), അതാടു (2005), ആടവാരി മാതളക്കു അര്‍ത്ഥലു വേരുലെ (2007) എന്നീ തെലുങ്ക് സിനിമകളിലേയും തൃഷയുടെ പ്രകടനം ഒരേസമയം പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഏറ്റുവാങ്ങി.
വിജയിയുടെ അവസാനം പുറത്തിറങ്ങിയ ഗോട്ടില്‍ തൃഷയായിരുന്നു നായിക. രണ്ട് പതിറ്റാണ്ട് പിന്നിട്ട തൃഷയുടെ അഭിനയ ജീവിതം നിരവധി ഏറ്റക്കുറച്ചിലുകള്‍ നിറഞ്ഞതായിരുന്നു. എങ്കിലും തന്റെ 16-ാം വയസ് മുതല്‍ അഭിനയ മികവും കഴിവും കൊണ്ട് ഇന്‍ഡസ്ട്രി ഭരിക്കുകയാണ് താരം. വെറുമൊരു മോഡല്‍ എന്ന നിലയില്‍ നിന്ന് ‘ദക്ഷിണേന്ത്യയുടെ രാജ്ഞി’ എന്ന പദവിയിലേക്ക് താരം അവരോധിക്കപ്പെട്ടു.
തൃഷ കൃഷ്ണന്റെ ആസ്തി, പ്രതിഫലം, മറ്റ് സ്വത്തുക്കള്‍ എന്നിവ നമുക്ക് വിശദമായി പരിശോധിക്കാം. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം തൃഷ കൃഷ്ണന്റെ ആസ്തി 10 മില്യണ്‍ ഡോളറാണ്. അതായത് ഏകദേശം 85 കോടി രൂപ. സിനിമയില്‍ നിന്നാണ് നടിയുടെ പ്രാഥമിക വരുമാനം. ഓരോ സിനിമയ്ക്കും മൂന്ന് കോടിയിലധികം രൂപയാണ് തൃഷ കൃഷ്ണന്‍ പ്രതിഫലമായി ഈടാക്കുന്നത്.
ബിഗ് ബജറ്റ് സിനിമയായ പൊന്നിയിന്‍ സെല്‍വന് മൂന്ന് കോടി രൂപയും വിജയിയുടെ ലിയോ എന്ന ചിത്രത്തിനായി നാല് കോടി രൂപയും ആണ് തൃഷ വാങ്ങിയിരുന്നത്. എന്നാല്‍ ഗോട്ടില്‍ തൃഷയുടെ പ്രതിഫലം 10 കോടി രൂപയായിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സിനിമയ്ക്ക് പുറമെ, ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റുകളില്‍ നിന്ന് പ്രതിമാസം 70 ലക്ഷം രൂപ വരെയും പ്രതിവര്‍ഷം 10 കോടി രൂപ വരെയും തൃഷ വരുമാനം നേടുന്നുണ്ട്.
പ്രതിമാസം 90 ലക്ഷം രൂപ വരുമാനമുള്ള നടിയുടെ വാര്‍ഷിക വരുമാനം 10 കോടിയിലധികം രൂപയാണ്. ചെന്നൈയില്‍ ഏഴ് കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര ഭവനം താരത്തിന് സ്വന്തമാണ്. ഹൈദരാബാദില്‍ ആറ് കോടി രൂപ വിലവരുന്ന മറ്റൊരു ആഡംബര ബംഗ്ലാവും താരത്തിനുണ്ട്. നിരവധി കാറുകള്‍ താരത്തിന് സ്വന്തമായുണ്ടെങ്കിലും നാല് ആഡംബര കാറുകളാണ് താരത്തിന്റെ ഗ്യാരേജ് ഭരിക്കുന്നത്.
80 ലക്ഷം രൂപ വിലമതിക്കുന്ന ഒരു മെഴ്സിഡസ് ബെന്‍സ് എസ്-ക്ലാസ്, ഏകദേശം 75 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു 5 സീരീസ്, 60 ലക്ഷം രൂപ വിലമതിക്കുന്ന റേഞ്ച് റോവര്‍ ഇവോക്ക്, 5 കോടി രൂപ വിലയുള്ള ബിഎംഡബ്ല്യു റീഗല്‍. എന്നിവയാണ് അവ.