ജ്വല്ലറി മോഷണത്തിന് പിടിയിലായി; 18-ാം വയസിലെ വിവാഹവും ഡിവോഴ്‌സും, കാമുകന്മാരും നിരവധി; നടി സ്വസ്തികയുടെ ജീവിതം
മുംബൈ:സെലിബ്രിറ്റികളായി തിളങ്ങി നിൽക്കുന്ന പലരുടെയും യഥാർത്ഥ ജീവിതം അതിനാടകീയതകൾ നിറഞ്ഞതാകും. പാതാൾ ലോക് എന്ന വെബ് സീരീസിലൂടെ പ്രേക്ഷകർക്ക് പരിചിതയായ സ്വസ്തിക മുഖർജിയുടെ ജീവിതവും അത്തരത്തിൽ ഒന്നാണ്. നടി അനുഷ്ക ശർമ്മ നിർമ്മിച്ച് ആമസോൺ പ്രൈമിൽ എത്തിയ പാതാൾ ലോക് ഒരുപാട് വിവാദങ്ങൾക്കും കാരണമായിരുന്നു. ബംഗാളി സിനിമ-ടെലിവിഷൻ ഇൻഡസ്ട്രിയിൽ തിളങ്ങി നിൽക്കുന്ന സ്വസ്തിക ഒരു ശ്രദ്ധേയ കഥാപാത്രത്തെയാണ് സീരീസിൽ അവതരിപ്പിച്ചത്.
അഭിനയലോകത്ത് മിന്നും താരമായി നിൽക്കുമ്പോഴും വ്യക്തിജീവിതത്തിൽ ഒരുപാട് തിരിച്ചടികൾ നേരിടുകയും ഒരുപാട് വിവാദങ്ങളിൽ പെടുകയും ചെയ്തിട്ടുള്ളയാളാണ് സ്വസ്തിക. എന്നാൽ അതിലൊന്നും തളരാതെ സ്വന്തം സന്തോഷങ്ങൾ കണ്ടെത്തി ജീവിതം മുൻപോട്ടു കൊണ്ട് പോവുകയാണ് സ്വസ്തിക. മറ്റു സ്ത്രീകൾക്ക് പ്രചോദനമാകുന്ന വ്യക്തിയെന്നാണ് താരത്തെ പലരും വിശേഷിപ്പിക്കാറുള്ളത്.
പ്രശസ്ത ബംഗാളി നടൻ സന്തു മുഖർജിയുടെ മൂത്ത മകളാണ് സ്വസ്തിക. എന്നാൽ ഒരു സെലിബ്രിറ്റിയുടെ മകളെന്ന നിലയിലുള്ള ആഡംബര ജീവിതത്തിൽ നിന്നും അകന്നാണ് താരം ജീവിച്ചിരുന്നത്. പതിനെട്ടു വയസ്സ് പൂർത്തിയായപ്പോൾ തന്നെ സ്വസ്തിക വിവാഹിതയായി. പക്ഷേ ആ ബന്ധം അധികം നാൾ മുൻപോട്ടു കൊണ്ട് പോകാൻ സാധിച്ചില്ല. പ്രശസ്ത ബംഗാളി ഗായകൻ സാഗർ സെന്നിന്റെ മകൻ പ്രേമിത് സെന്നായിരുന്നു സ്വസ്തികയുടെ പങ്കാളി.
വിവാഹിതയായി രണ്ടു വർഷം കഴിഞ്ഞപ്പോഴേയ്ക്കും ഗാർഹിക പീഡനത്തിനും സ്ത്രീധനം ആവശ്യപ്പെട്ടു എന്നുള്ള കുറ്റങ്ങളും ചുമത്തി ഭർത്താവിനെതിരെ സ്വസ്തിക കേസ് നൽകി. എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം, തന്റെ ആരോപണങ്ങൾ നുണയാണ് എന്ന് സ്വസ്തിക തന്നെ കോടതിയെ ധരിപ്പിച്ചു. പിന്നാലെ ഭർതൃസഹോദരൻ, സ്വസ്തികയ്ക്കെതിരെ ഏഴുകോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തു. അധികം വൈകാതെ പ്രേമിത് വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് മറ്റൊരു കേസും ഫയൽ ചെയ്തു.
ദാമ്പത്യസംബന്ധമായ പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനിടയിലാണ് ഏക് ആകാശേർ നീച്ചേ എന്ന ടെലിവിഷൻ പരമ്പരയിലൂടെ സ്വസ്തിക അഭിനയജീവിതത്തിന് തുടക്കം കുറിക്കുന്നത്. 2001ൽ ഹേമന്തർ പാഖി എന്ന ബംഗാളി സിനിമയിലൂടെ വെള്ളിത്തിരയിലേക്കും എത്തി. അതിനിടെ സ്വസ്തികയുടെ വളർച്ച കണ്ട് ഭർത്താവ് വിവാഹമോചനത്തിനുള്ള അപേക്ഷ പിൻവലിക്കുകയും ചെയ്തു. എന്നാൽ ബന്ധം മുന്നോട്ട് പോയില്ല.
2004ൽ നടനും ഗായകനും നിർമാതാവുമായ ജീത്തുമായി നടി പ്രണയത്തിലായി. മസ്താൻ എന്ന സിനിമയിൽ അഭിനയിക്കവേ പ്രണയത്തിലായ ഇവർ പൊതുപരിപാടികളിലും നിശാപാർട്ടികളിലും ഒരുമിച്ച് എത്താറുണ്ടായിരുന്നു. എന്നാൽ കുറച്ചു കാലങ്ങൾക്കുള്ളിൽ തന്നെ വേർപിരിഞ്ഞു. 2009ൽ ബ്രേക്ക് ഫയൽ എന്ന സിനിമയുടെ സെറ്റിൽ വെച്ച് പരംബ്രത ചാറ്റർജിയുമായി അടുപ്പത്തിലായ സ്വസ്തിക, നടനൊപ്പം ജീവിതം ആരംഭിച്ചു. എന്നാൽ നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ച്, ഭർത്താവ് കേസ് നൽകിയതോടെ ആ ബന്ധത്തിൽ നിന്നും പിന്മാറി.
2013ൽ ബസന്ത ഉത്സവ് എന്ന സിനിമയുടെ സെറ്റിൽ വെച്ച് പ്രശസ്ത സംവിധായകൻ ശ്രീജിത്ത് മുഖർജിയുമായി സ്വസ്തിക പ്രണയത്തിലായി. ഒരു വർഷത്തിൽ കൂടുതൽ ഈ ബന്ധം മുന്നോട്ട് പോയില്ല. തൊട്ടടുത്ത വർഷം ഷേർ കോബിത എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കെ സംവിധായകൻ സുമൻ മുഖർജിയുമായി താരം ഇഷ്ടത്തിലായി. അധികം വൈകാതെ കാമുകനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊതുജന സമ്മർദ്ദത്തെ തുടർന്ന് സംവിധായകൻ അറസ്റ്റിലാലുമായി.
മോഷണശ്രമം നടത്തിയെന്ന പേരിലാണ് സ്വസ്തിക പിന്നീട് വിവാദങ്ങളിൽ പെടുന്നത്. 2014ൽ ആണിത്. 12000 രൂപയിലധികം വില വരുന്ന സ്വർണ്ണാഭരണം സ്വസ്തിക ജ്വല്ലറിയിൽ നിന്നും സ്വന്തം ബാഗിലേക്ക് എടുത്ത് വെയ്ക്കുന്നത് സിസിടിയിൽ തെളിഞ്ഞു. എന്നാൽ നടിയുടെ പ്രശസ്തിയെ മാനിച്ച് ജ്വല്ലറി ഉടമകൾ പരാതിയില്ലെന്ന് പറയുകയും കേസ് പിൻവലിക്കുകയും ചെയ്തു.
സ്വകാര്യ ജീവിതത്തിൽ ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ നേരിടുമ്പോഴും കരിയറിൽ മുന്നോട്ട് കുതിക്കുകയായിരുന്നു സ്വസ്തിക. സ്വന്തം സന്തോഷങ്ങൾക്കായി മാത്രം ജീവിക്കുന്നതിൽ ശ്രദ്ധനൽകിയതാണ് നടിയുടെ വിജയരഹസ്യമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ശിബ്‌പുർ എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. അണിയറയിൽ ഒരുങ്ങുന്ന പാതാൾ ലോക് 2 ലും നടി ഉണ്ടാകുമെന്നാണ് സൂചന.