EntertainmentKeralaNews

35-ാം വയസിലെ അപകടത്തില്‍ പല്ലുകള്‍ പോയി, 30 പാട്ടുകാരുടെ കുടുംബം;പക്ഷെ മോഹിച്ചത് നടിയാകാന്‍! സുബ്ബലക്ഷ്മിയുടെ കഥ

കൊച്ചി:നാല് തലമുറയുടെ ഓര്‍മ്മകള്‍ ബാക്കി വച്ച് യാത്രയായിരിക്കുകയാണ് നടി സുബ്ബലക്ഷ്മി. മകള്‍ താര കല്യാണിനും കൊച്ചുമകള്‍ സൗഭാഗ്യയ്ക്കും കൊച്ചുമകളുടെ മകള്‍ സുദര്‍ശനയേയും കണ്ട്, അവരുടെ സന്തോഷങ്ങളുടെ ഭാഗമായിട്ടാണ് സുബ്ബലക്ഷ്മി മരണപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട മുത്തശ്ശി ഓര്‍മ്മയാകുന്നത്. സൗഭാഗ്യയാണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നത്.

സിനിമയിലേക്ക് വരിക എന്നത് മിക്കവരുടേയും ആഗ്രഹമാണ്. എന്നാല്‍ സുബ്ബലക്ഷ്മിയെ പോലെ സിനിമ തേടിയെത്തിവര്‍ അധികമുണ്ടാകില്ല. തന്റെ 69-ാം വയസിലാണ് സുബ്ബലക്ഷ്മി സിനിമയിലെത്തുന്നത്. അതും തീര്‍ത്തും അപ്രതീക്ഷിതമായി. മകള്‍ താര കല്യാണിനൊപ്പം ഒരു പരമ്പരയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ പോയതായിരുന്നു സുബ്ബലക്ഷ്മി.

അവിടെ വച്ച് നടന്‍ സിദ്ധീഖ് കാണുകയും പരിചയപ്പെടുകയും ചെയ്തു. നിഷ്‌കളങ്കമായ പെരുമാറ്റവും പല്ലില്ലാതെയുള്ള ചിരിയുമൊക്കെ സിദ്ധീഖിന്റെ മനസിലുടക്കി. പിന്നാലെ സിദ്ധീഖ് നിര്‍മ്മാതാവായ നന്ദനത്തിലൂടെ സുബ്ബലക്ഷ്മി സിനിമയില്‍ അരങ്ങേറി. തന്റെ 69-ാം വയസില്‍. പിന്നീടങ്ങോട്ട് മലയാളികളുടെയെല്ലാം മുത്തശ്ശിയായി മാറുകയായിരുന്നു സുബ്ബലക്ഷ്മി. കല്യാണ രാമന്‍, പാണ്ടിപ്പട തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു

സുബ്ബലക്ഷ്മിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ആദ്യം വരിക ആ ചിരിയായിരിക്കും. പല്ലുകളില്ലാതെ, നിഷ്‌കളങ്കമായി ചിരിക്കുന്ന മുഖം. എന്നാല്‍ പ്രായം കൂടിയപ്പോള്‍ പോയതല്ല ആ പല്ലുകള്‍. തന്റെ 35-ാം വയസില്‍ നേരിട്ടൊരു അപകടത്തിലാണ് സുബ്ബലക്ഷ്മിയ്ക്ക് തന്റെ പല്ലുകള്‍ നഷ്ടമാകുന്നത്. പക്ഷെ അന്നും അവര്‍ വെപ്പ് പല്ല് വെക്കാന്‍ തയ്യാറായിരുന്നില്ല.

.

സംഗീത കുടുംബത്തിലായിരുന്നു സുബ്ബലക്ഷ്മിയുടെ ജനനം. 1936 ല്‍ തിരുനെല്‍വേലിയില്‍ രാമഭദ്രന്റേയും രാമലക്ഷ്മിയുടേയും മകളായിട്ട്. അച്ഛന്റേയും അമ്മയുടേയും കല്യാണം നടത്തിയത് സര്‍ സിപിയായിരുന്നു. സമ്പന്ന കുടുംബമായിരുന്നു സുബ്ബലക്ഷ്മിയുടേത്. തന്റെ 28-ാം വയസില്‍ സുബ്ബലക്ഷ്മിയുടെ അമ്മ മരിച്ചു. അന്ന് സുബ്ബലക്ഷ്മിയ്ക്ക് വയസ് വെറും പതിനൊന്നായിരുന്നു. രണ്ട് സഹോദരങ്ങളേയും സുബ്ബലക്ഷ്മിയേയും വളര്‍ത്തിയത് അച്ഛന്റെ ചേച്ചിയായിരുന്നു.

കുട്ടിക്കാലം ഏകാന്തതയുടേയും കഷ്ടതയുടേതുമായിരുന്നുവെന്ന് സുബ്ബലക്ഷ്മി മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. പാട്ടുകാരുടെ കുടുംബമായിരുന്നു സുബ്ബലക്ഷ്മിയുടേത്. 30 പേരായിരുന്നു തറവാട്ടില്‍ പാട്ടുകാരായി ഉണ്ടായിരുന്നത്. അതുകൊണ്ട് സുബ്ബലക്ഷ്മിയും ആ വഴിയെ പോയി. എന്നാല്‍ അവര്‍ ആഗ്രഹിച്ചത് നടിയാകണം എന്നായിരുന്നു. ആ ആഗ്രഹത്തിലേക്ക് എത്തിച്ചേരാന്‍ പക്ഷെ കാലം കുറേയെടുത്തു.

സംഗീത അധ്യാപികയായിരുന്ന സുബ്ബലക്ഷ്മി ആകാശവാണിയിലും ജോലി ചെയ്തിട്ടുണ്ട്. വിരമിച്ച ശേഷമാണ് സുബ്ബലക്ഷ്മി അഭിനേത്രിയായി മാറുന്നത്. മലയാളത്തില്‍ മാത്രം ഒതുങ്ങി നിന്നതുമില്ല സുബ്ബലക്ഷ്മി. തമിഴടക്കമുള്ള മറ്റ് ഭാഷകളിലും അഭിനയിച്ചു. രണ്‍ബീര്‍ കപൂറിനെ പോലുള്ളവരുടെ കൂടെ പരസ്യങ്ങളിലും അഭിനയിച്ചു. സിനിമയ്ക്ക് പുറമെ സീരിയലുകളിലും പരസ്യങ്ങളിലുമെല്ലാം ഈ പ്രായത്തിലും സുബ്ബലക്ഷ്മി ഓടി നടന്ന് അഭിനയിച്ചു.

നിരവധി പേരാണ് സുബ്ബലക്ഷ്മിയുടെ മരണ വാര്‍ത്തയറിഞ്ഞ് ആദരാഞ്ജലികള്‍ നേര്‍ന്നു കൊണ്ട് എത്തിയിരിക്കുന്നത്. ”എനിക്കിവരെ നഷ്ടമായി. 30 വര്‍ഷക്കാലം എന്റെ സ്നേഹവും കരുത്തുമായിരുന്നവര്‍. എന്റെ അമ്മമ്മ. എന്റെ സുബ്ബു. എന്റെ കുഞ്ഞ്. പ്രാര്‍ത്ഥനകള്‍ക്ക് നന്ദി” എന്നായിരുന്നു അമ്മമ്മയുടെ വേര്‍പാടിനെക്കുറിച്ച് സൗഭാഗ്യ കുറിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker