കൊച്ചി: നടി ശ്രുതിലക്ഷ്മിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. മോൻസൺ മാവുങ്കലിന്റെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. മോൻസണിന്റെ വീട്ടിൽ നടന്ന ആഘോഷപരിപാടിയിൽ ശ്രുതിലക്ഷ്മി നൃത്തം അവതരിപ്പിച്ചിരുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ.
മോൻസണും ശ്രുതിലക്ഷ്മിയും തമ്മിൽ അടുപ്പം പുലർത്തിയിരുന്നതായി ഇഡിക്ക് വ്യക്തമായിട്ടുണ്ട് എന്നാണ് വിവരം. ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളേക്കുറിച്ച് അറിയുന്നതിനുവേണ്ടിയാണ് ശ്രുതിലക്ഷ്മിയെ ചോദ്യം ചെയ്തത്. മോൻസണിന്റെ വീട്ടിൽ നടന്ന ആഘോഷത്തിൽ ശ്രുതിലക്ഷ്മി പങ്കെടുത്തതിന്റെ ചിത്രങ്ങൾ നേരത്തേതന്നെ പുറത്തുവന്നിരുന്നു.
ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ എത്രമാത്രം സാമ്പത്തിക ഇടപാടുകൾ മോൻസണുമായി നടന്നിട്ടുണ്ടെന്നും എന്തായിരുന്നു ഇതിന്റെ ഉദ്ദേശമെന്നും കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളേക്കുറിച്ച് കൂടുതൽ അറിയാൻ സാധിക്കും. ഈ സാധ്യതകൾ പരിഗണിച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശ്രുതിലക്ഷ്മിയെ ചോദ്യം ചെയ്തത്.