നിരാശയിലാണ് താനെന്ന് നടി സംയുക്ത; താരത്തിൻ്റെ ആവശ്യത്തിന് പരിഹാരം കണ്ടെത്തി നിർമാതാക്കൾ
കൊച്ചി:മലയാളത്തിൽ നിന്നും തെന്നിന്ത്യൻ സൂപ്പർ താര സിനിമകളിലേക്ക് ചേക്കേറിയ താരമാണ് നടി സംയുക്ത. മലയാള സിനിമയിൽ മികച്ച നടിയെന്നു ശ്രദ്ധ നേടിയ ശേഷമാണ് സംയുക്ത തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് ഇപ്പോൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. തമിഴിലും തെലുങ്കിലുമായി മികച്ച സിനിമകളുടെ ഭാഗാമാകാനും സംയുക്തയ്ക്കു സാധിക്കുന്നുണ്ട്. ഇപ്പോൾ തെലുങ്കു സിനിമയുടെ തിരക്കിലാണ് സംയുക്ത. കഴിഞ്ഞ ദിവസം പുതിയ തെലുങ്കു സിനിമയുമായി ബന്ധപ്പെട്ട് താൻ നിരാശയിലാണെന്ന് ട്വീറ്റ് ചെയ്തത് വളരെ ശ്രദ്ധ നേടിയിരുന്നു.
ടോളിവുഡിലെ യുവ താരം സായി ധരം തേജ് നായകനാകുന്ന വിരുപാക്ഷ എന്ന ചിത്രത്തിലാണ് സംയുക്ത അവസാനം അഭിനയിച്ചത്. ഉഗാദി ഉത്സവത്തോടനുബന്ധിച്ച് വിരുപാക്ഷയിലെ സായി ധരം തേജിൻ്റെ സ്പെഷ്യൽ കാരക്ടർ പോസ്റ്റർ പുറത്തിറക്കിയിരുന്നു. എന്നാൽ ഉത്സവ ദിനത്തിൽ തൻ്റെ പോസ്റ്റർ റിലീസ് ചെയ്യാത്തതിൽ നായിക സംയുക്ത തൻ്റെ നിരാശ പ്രകടമാക്കി. സോഷ്യൽ മീഡിയയിലൂടെയാണ് തൻ്റെ നിരാശ പ്രകടിപ്പിച്ചത്. ചിത്രത്തിൻ്റെ നിർമാതാക്കൾ ഉടൻ ട്വീറ്റിനോട് പ്രതികരിക്കുകയും പരിഹരിക്കാൻ കുറച്ച് സമയം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ നായകനൊപ്പം നിൽക്കുന്ന പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത്. കാർത്തിക് വർമ ദന്തു സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയിക്കുന്നത് അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവർ ഒന്നിച്ച പുഷ്പയുടെ സംവിധായകൻ സുകുമാറാണ്. ചിത്രത്തിൻ്റെ ടീസർ നേരത്തെ പുറത്തിറക്കിയിരുന്നു. ഒരു ഗ്രാമത്തിലെ അജ്ഞാതവും അന്ധവിശ്വാസപരവുമായ ചില പ്രശ്നങ്ങളെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത്. സംയുക്തയുടെ ട്വീറ്റിനു പിന്നാലെ സായി ധരം തേജയും സംയുക്തയും ഒന്നിച്ചുള്ള പോസ്റ്ററും നിർമാതാക്കൾ പുറത്തിറക്കി.
തീവണ്ടി, വെള്ളം, കടുവ തുടങ്ങിയ ഒരുപിടി ഹിറ്റ് മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷക ഇഷ്ടം നേടിയ സംയുക്തയുടെ തമിഴ് ചിത്രം വാത്തി വലിയ വിജയം നേടിയിരുന്നു. ധനുഷിനു നായികയായിട്ടാണ് വാത്തിയിൽ സംയുക്ത എത്തിയത്. ഇപ്പോൾ തമിഴിലും തെലുങ്കിലുമായി കൈ നിറയെ ചിത്രങ്ങളാണ് താരത്തിനുള്ളത്.
മലയാള ചിത്രം അയ്യപ്പനും കോശിയുടെ തെലുങ്ക് റീമേക്ക് ഭീംല നായകിലൂടെയാണ് തെലുങ്കിലേക്ക് സംയുക്ത എത്തിയത്. ഇപ്പോൾ തെലുങ്കിൽ മുൻ നിര നായകന്മാരുടെ ചിത്രത്തിലേക്കാണ് സംയുക്തയെ പരിഗണിക്കുന്നത്. തമിഴിനും തെലുങ്കിനും പുറമെ കന്നടത്തിലേക്കും തൻ്റെ സാന്നിധ്യം അറിയിച്ചിരുന്നു. 2022 അവസാനം റിലീസ് ചെയ്ത ഗാലിപാട്ട -2 വിലൂടെയാണ് കന്നടത്തിലേക്കും സംയുക്ത അരങ്ങേറ്റം കുറിച്ചത്.
സമീപകാലത്ത് മലയാള സിനിമയിലുണ്ടായ വിവാദത്തിലും സംയുക്തയുടെ പേര് ഇടംപിടിച്ചിരുന്നു. ബൂമറാങ് എന്ന ചിത്രത്തിൻ്റെ പ്രമോഷനിൽ നിന്നും മാറി നിന്നതിനെ തുടർന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും ഒപ്പം അഭിനയിച്ച നടൻ ഷൈൻ ടോം ചാക്കോയും ഈ നടിക്കെതിരെ രംഗത്തു വന്നിരുന്നു. തൻ്റെ പേരിനൊപ്പമുള്ള ജാതിവാൽ മാറ്റിയതു തുറന്നു പറഞ്ഞും സമീപകാലത്ത് സംയുക്ത വാർത്തകളിൽ ഇടം പിടിച്ചിരുന്നു. തൻ്റെ സിനിമകളുടെ തെരഞ്ഞെടുപ്പിൽ അതീവ ശ്രദ്ധ നൽകുന്ന താരമാണ് സംയുക്ത.