‘അമ്മ’യിൽ ആർക്കും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ; എന്തെങ്കിലും പറഞ്ഞാൽ അച്ചടക്ക നടപടി;രേവതി

കൊച്ചി: ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് തന്നെയാണ് സിനിമയിലെ വനിതാ സംഘടനയായ വിമൺ ഇൻ സിനിമ കളക്ടീവ്(ഡബ്ല്യൂസിസി) ആവശ്യപ്പെടുന്നതെന്ന് നടി രേവതി. റിപ്പോർട്ടിൽ സ്വകാര്യമായ പല പരാമർശങ്ങളുമുണ്ടാകുമെന്നും അത് സ്റ്റഡി മെറ്റീരിയൽ എന്ന രീതിയിൽ പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു.
അമ്മ സംഘടനയിൽ ആർക്കും ഒന്നും പറയാൻ പാടില്ലെന്ന അവസ്ഥയാണെന്നും രേവതി പ്രതികരിച്ചു. താനിപ്പോഴും താരസംഘടനയിലെ ഒരംഗമാണ്. എന്തെങ്കിലും പറഞ്ഞാൽ അച്ചടക്ക നടപടി സ്വീകരിച്ച് തന്നെ മാറ്റുമായിരിക്കുമെന്നും നടി പറഞ്ഞു.
റിപ്പോർട്ട് പുറത്തുവിടില്ലെന്ന് മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ പറയാനുള്ള കാരണം എന്താണെന്ന് അറിയില്ല. സിനിമാ മേഖലയിൽ ഇത്തരത്തിലൊരു പഠനം സർക്കാർ കൊണ്ടുവന്നത് ഒരു നാഴികക്കല്ലാണ്. റിപ്പോർട്ട് പുറത്തുവിട്ടാൽ മാത്രമേ എന്താണ് പ്രശ്‌നമെന്ന് അറിയാൻ കഴിയുകയുള്ളൂവെന്നും രേവതി വ്യക്തമാക്കി.ഒരു സ്വകാര്യ ചാനലിലെ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു രേവതി.