നടി രഞ്ജുഷയുടെ മരണം, ലിവിംഗ് ടുഗെതർ പങ്കാളിയായ സംവിധായകനെ ചോദ്യം ചെയ്യും
തിരുവനന്തപുരം: സിനിമ സീരിയല്‍ നടി രഞ്ജുഷ മേനോന്‍റെ മരണത്തിൽ ഒപ്പം താമസിച്ചിരുന്ന സംവിധായകൻ മനോജ് ശ്രീലകത്തെ പൊലീസ് ചോദ്യം ചെയ്യും. രഞ്ജുഷയും മനോജുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. തിങ്കളാഴ്ചയാണ് നടിയെ ശ്രീകാര്യം കരിയത്തെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തന്‍റെ ജന്മദിനത്തിലാണ് സഹപ്രവർത്തകരെയും ആരാധകരെയും കണ്ണീരാലാഴ്ത്തി രഞ്ജുഷയുടെ മരണം.
സീരിയലിന്‍റെ ലൊക്കേഷനിൽ പിറന്നാൾ ആഘോഷത്തിന് എല്ലാവരും തയ്യാറെടുക്കുന്നതിനിടെയായിരുന്നു മരണം. ഇപ്പോഴും മരണത്തിന്‍റെ കാരണമെന്താണെന്ന് വ്യക്തമല്ല. രണ്ട് ദിവസം മുൻപ് വരെയും തങ്ങളോട് ഏറെ ഉത്സാഹത്തോടെ കളിച്ച് ചിരിച്ച് നടന്ന രഞ്ജുഷ എന്തിന് ഈ കടുംകൈ ചെയ്തു എന്നാണ് ഓരോരുത്തരും ചോദിക്കുന്നത്. . ഇൻസ്റ്റാഗ്രാമിൽ മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് വരെയും റീൽസുകളിൽ സജീവമായിരുന്നു രഞ്ജുഷ.
ഇൻസ്റ്റയിൽ ഭൂരിഭാഗവും റീൽസുകളാണ് നടി പങ്കുവച്ചിരുന്നത്. എന്നാൽ ഫേസ്ബുക്കിൽ നേരെ മറിച്ചാണ്. മോട്ടിവേഷൻ, വിശ്വാസം, വിഷാദം എന്നിവ പ്രതിപാദിക്കുന്ന വാചകങ്ങളും വീഡിയോകളും ആണ് രഞ്ജുഷ പങ്കുവച്ചിരുന്നത്. ആലുവയിൽ നിന്ന് ബന്ധുക്കൾ ഇന്നലെ രാവിലെ തിരുവനന്തപുരത്തെത്തി. മെഡിക്കൽ കോളേജാശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ആലുവയിലേക്ക് കൊണ്ടുപോയി.
ബന്ധുക്കൾക്കിപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. രഞ്ജുഷക്കൊപ്പം താമസിച്ചിരുന്ന സംവിധായകൻ മനോജ് ശ്രീലകത്തെ പൊലീസ് ഉടൻ വിശദമായി ചോദ്യം ചെയ്യും. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം ചില തർക്കങ്ങളുണ്ടായിരുന്നതായി സഹപ്രവർത്തകർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
മനോജിന് ഭാര്യയും കുടുംബവമുണ്ട്. രഞ്ജുഷ നേരത്തെ വിവാഹിതയാണ്. ഈ ബന്ധത്തിലെ മകൾ രഞ്ജുഷയുടെ മാതാപിതാക്കൾക്കൊപ്പം ആലുവയിലാണ് താമസം. മനോജ് സംവിധാനം ചെയ്യുന്ന സീരിയലിന്‍റെ സഹ നിര്‍മ്മാതാവ് കൂടിയാണ് രഞ്ജുഷ. 15 വർഷമായി സീരിയൽ സിനിമ മരംഗത്ത് പ്രവർത്തിക്കുന്നുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ് അടക്കമുള്ള സിനിമകളിൽ വേഷമിട്ടിരുന്നു.