ചെന്നൈ: സര്‍ക്കാര്‍ബസിന്റെ ചവിട്ടുപടിയില്‍ തൂങ്ങി യാത്രചെയ്ത വിദ്യാര്‍ഥികളെ തല്ലി താഴെയിറക്കിയ നടി രഞ്ജന നാച്ചിയാരെ തമിഴ്നാട് പോലീസ് അറസ്റ്റുചെയ്തു. ബി.ജെ.പി. നേതാവുകൂടിയായ രഞ്ജന ബസ് തടഞ്ഞുനിര്‍ത്തി കുട്ടികളോടും ബസ് ജീവനക്കാരോടും കയര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യം വ്യാപകമായി പ്രചരിച്ചതിനുപിന്നാലെയാണ് അറസ്റ്റ്. ശ്രീപെരുമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ രഞ്ജനയ്ക്ക് സോപാധിക ജാമ്യം അനുവദിച്ചു.
ബി.ജെ.പി. കലാസാംസ്‌കാരികവിഭാഗം സംസ്ഥാന സെക്രട്ടറിയായ ഇവര്‍ വ്യാഴാഴ്ച വൈകീട്ട് കാറില്‍ പോകുമ്പോഴാണ് ചെന്നൈ, സെയ്ദാപ്പേട്ടില്‍നിന്ന് കുണ്‍ഡ്രത്തൂരിലേക്കുള്ള മെട്രൊപ്പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (എ.ടി.സി.) ബസില്‍ കുട്ടികള്‍ ചവിട്ടുപടിയില്‍ തൂങ്ങിനിന്ന് യാത്രചെയ്യുന്നത് കണ്ടത്.
പോരൂര്‍ ട്രാഫിക് സിഗ്‌നലിനുസമീപം നടുറോഡില്‍ ബസ് തടഞ്ഞുനിര്‍ത്തിയ നടി ആദ്യം ഡ്രൈവറോട് കയര്‍ത്തു. കുട്ടികള്‍ക്ക് വല്ലതും പറ്റിയാല്‍ ആരുസമാധാനംപറയുമെന്ന് ചോദിച്ചു. പിന്നെ ചവിട്ടുപടിയില്‍നിന്ന് വിദ്യാര്‍ഥികളെ വലിച്ച് താഴെയിറക്കാന്‍ തുടങ്ങി. ഇറങ്ങാന്‍ മടിച്ചവരെ അടിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. അതിനെ ചോദ്യംചെയ്ത കണ്ടക്ടറോടും തട്ടിക്കയറി.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വെള്ളിയാഴ്ച സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. മിക്കവരും അവരുടെ പ്രവൃത്തിയെ പിന്തുണച്ചു. കുട്ടികളെ തല്ലിയത് ശരിയായില്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതിനുപിന്നാലെയാണ് ബസ് ഡ്രൈവര്‍ ശരവണന്‍ മാങ്ങാട് പോലീസില്‍ പരാതി നല്‍കിയത്.
തങ്ങളുടെ ജോലി ഒരു അജ്ഞാത തടസ്സപ്പെടുത്തുകയും യാത്രക്കാരെ കൈയേറ്റംനടത്തുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് രഞ്ജനയെ തിരിച്ചറിഞ്ഞത്. ശനിയാഴ്ച കെരുഗമ്പാക്കത്തെ വീട്ടിലെത്തിയ പോലീസ് രഞ്ജനയുടെ അറസ്റ്റ് രേഖപ്പെടുത്തി.
അറസ്റ്റുചെയ്യാന്‍വന്ന പോലീസുകാരോട് രഞ്ജന വാറന്റ് എവിടെയെന്നുചോദിച്ച് തര്‍ക്കിക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. വസ്ത്രംമാറ്റുമ്പോള്‍ പുരുഷപോലീസുകാര്‍ കിടപ്പുമുറിയുടെ ജനാലയില്‍ തട്ടിയെന്ന ആരോപണവും അവര്‍ ഉന്നയിച്ചിട്ടുണ്ട്. ടി.വി. പരമ്പരകളിലും ഏതാനും സിനിമകളിലും ചെറുവേഷങ്ങള്‍ ചെയ്തിട്ടുള്ളയാളാണ് അഭിഭാഷകകൂടിയായ രഞ്ജന. ഇരുമ്പുതിരൈ, അണ്ണാത്ത എന്നിവയാണ് ശ്രദ്ധേയ സിനിമകള്‍.