ചെന്നൈ: തമിഴ് നടിയും മോഡലും ബിഗ് ബോസ് താരവുമായ മീര മിഥിന്‍ അറസ്റ്റില്‍. പോലീസിനെ കണ്ട് അലറിക്കരയുന്ന നടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നടിയെ കേരളത്തില്‍ വച്ചാണ് പിടികൂടിയത് എന്നാണ് സൂചന. അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാര്‍ നടിയോട് മൊബൈല്‍ ഫോണ്‍ കൈമാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൈമാറാതെ കരയുകയും വീഡിയോ എടുക്കുകയുയമായിരുന്നു നടി. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കഴിഞ്ഞാഴ്ച വിവാദ പ്രസ്താവന നടത്തി വെട്ടിലായിരുന്നു മീര മിഥുന്‍.
നടി മീര മിഥുന്‍ പോസ്റ്റ് ചെയ്ത വീഡിയോ കഴിഞ്ഞാഴ്ച വിവാദമായിരുന്നു. ദളിത് സമൂഹത്തെ ജാതീയമായി പരിഹസിക്കുന്നതും ആക്ഷേപിക്കുന്നതുമായിരുന്നു വീഡിയോ. സോഷ്യല്‍ മീഡിയയില്‍ ഇത് പ്രചരിച്ചതോടെ വിമര്‍ശനം ഉയര്‍ന്നു. നടിക്കെതിരെ നിരവധി പേരാണ് രംഗത്തുവന്നത്. തൊട്ടുപിന്നാലെ ചിലര്‍ പോലീസില്‍ പരാതി നല്‍കി. ഇതുപ്രകാരമാണ് അറസ്റ്റ്.
എസ്.സി. വിഭാഗത്തിലുൾപ്പെട്ടവർ കുറ്റകൃത്യംചെയ്യുന്നത് കാരണമാണ് സമൂഹത്തിൽ അവർക്ക് അപമാനം നേരിടേണ്ടിവരുന്നതെന്നും നടി അഭിപ്രായപ്പെട്ടു. ഇതിന്റെ വീഡിയോക്ലിപ്പ് വ്യാപകമായി പ്രചരിച്ചതോടെ ദളിത് വിഭാഗങ്ങളിൽനിന്ന് എതിർപ്പുയർന്നിരുന്നു. വി.സി.കെ. നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി വിഭാഗങ്ങൾക്കെതിരേയുള്ള അതിക്രമം നിരോധിക്കൽ നിയമപ്രകാരം ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ച് മീര മിഥുനെതിരേ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വിദുതലൈ സിരുതൈകള്‍ കച്ചിയുടെ നേതാവ് വണ്ണി അരസുവാണ് നടി മീര മിഥുനെതിരെ പോലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമ പ്രകാരമാണ് കേസെടുത്തത്. കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന വകുപ്പും നടിക്കെതിരെ ചുമത്തിയിരുന്നു. തുടര്‍ന്ന് നടിയെ കണ്ടെത്താന്‍ പോലീസ് ശ്രമം ആരംഭിക്കുകയും ചെയ്തു.