‘ഭർത്താവിനെ ആട്ടിപ്പായിച്ചു, മകനെ കുപ്പത്തൊട്ടിയിൽ എറിഞ്ഞു, തായ്‌ലാന്റില്‍ കുട്ടി നിക്കറിട്ട് പട്ടംപോലെ’
കൊച്ചി:വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പത്രോസ് എന്ന അഭിനേത്രി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. അതേ ഷോയിലൂടെയാണ് സിമി സാബുവുമായുള്ള സൗഹൃദം ആരംഭിച്ചതും. ഇരുവരുടെയും സൗഹൃദത്തിന്റെ പുറത്ത് ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനലും സംഭവിച്ചു. ബ്ലാക്കീസീലൂടെ തങ്ങളുടെ വിശേഷങ്ങളും യാത്രകളും എല്ലാം സുമിയും മഞ്ജു പത്രോസും പങ്കുവെയ്ക്കാറുണ്ട്. മഞ്ജുവിന്റെ സുഹൃത്ത് എന്നതിലുപരി സഹോദരിമാരെപ്പോലെയാണ് ഇരുവരും കഴിയുന്നത്.
മിനിസ്ക്രീനിൽ സജീവമായ മഞ്ജു പത്രോസ് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സിമിക്കൊപ്പം തായ്ലന്റിൽ അവധി ആഘോഷിക്കുകയാണ് മഞ്ജു. ലോക വനിതാ ദിനത്തിൽ തായ്ലന്റിൽ നിന്നുള്ള തന്റെയും സിമിയുടെയും ചിത്രങ്ങൾ മഞ്ഞുമ്മൽ ബോയ്സിൽ വേടൻ പാടിയ റാപ്പിനൊപ്പം മഞ്ജു പങ്കുവെച്ചിരുന്നു. മഞ്ജുവിന്റെ പോസ്റ്റ് അതിവേഗത്തിൽ വൈറലാവുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
പതിവുപോലെ നിരവധിപേർ ബോഡി ഷെയിം ചെയ്ത് കൊണ്ടുള്ള കമന്റുകൾ അടക്കം പങ്കുവെച്ചിരുന്നു. അതിൽ തന്നെ വല്ലാതെ വിഷമിപ്പിച്ച തന്റെ ദിവസം നശിപ്പിച്ച് കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മഞ്ജു. ഇൻസ്റ്റഗ്രാമിൽ ലൈവ് വന്നാണ് മഞ്ജു പത്രോസ് നെഗറ്റീവ് കമന്റിന് മറുപടി നൽകിയത്. മഞ്ജു ഭർത്താവിനെ ഗൾഫിലേക്ക് പറഞ്ഞുവിട്ട് ഉള്ള ഒരു മകനെ എവിടെയോ കൊണ്ടുവിട്ട് തായ്ലന്റിൽ വന്ന് കുട്ടി നിക്കറും ഇട്ടും വള്ളിപൊട്ടിയ പട്ടം പോലെ നടക്കുകയാണെന്നായിരുന്നു കമന്റ്.
കമന്റിട്ട വ്യക്തിയുടെ ഫോട്ടോയും പ്രൊഫൈലും ഫാമിലി ഫോട്ടോയും അടക്കം വെളിപ്പെടുത്തികൊണ്ടാണ് മഞ്ജു പ്രതികരിച്ചത്. ആ കമന്റ് കണ്ടശേഷം ബോട്ടിങിന് പോയ താൻ അത് ആസ്വദിക്കാൻ പറ്റാതെ ഒരിടത്തിരുന്ന് പൊട്ടി കരയുകയായിരുന്നുവെന്നും മഞ്ജു പുതിയ വീഡിയോയിൽ പറഞ്ഞു.
വരുന്ന കമന്റ്സൊന്നും ഞാൻ ഡിലീറ്റ് ചെയ്യാറില്ല. വൾഗർ കമന്റാണെങ്കിൽ മാത്രമെ ഡിലീറ്റ് ചെയ്യാറുള്ളു. ഞാൻ ഇപ്പോൾ തായ്ലന്റിലാണ്. സിമിക്കൊപ്പമാണ് ഞാൻ വന്നത്. കഴിഞ്ഞ ദിവസം മഞ്ഞുമ്മൽ ബോയ്സിലെ പാട്ടിനൊപ്പം എന്റെ കുറച്ച് ഫോട്ടോകൾ ഞാൻ പങ്കുവെച്ചിരുന്നു. ആ പാട്ടിലെ വരികൾക്ക് എന്റെ ജീവിതവുമായി സാമ്യമുള്ളതുകൊണ്ടാണ് ആ പാട്ട് ഉപയോഗിച്ചത്. ഞാൻ ആ വീഡിയോ ഇട്ടശേഷം അതിൽ ഒരു കമന്റ് വന്നിരുന്നു. പൊതുവെ അത്തരം കമന്റുകൾ എന്നെ ബാധിക്കാറില്ല. പക്ഷെ ഈ കമന്റ് എന്നെ ഒരുപാട് ബാധിച്ചു.’
‘ഷാനിഷ് എന്നൊരാളാണ് കമന്റ് ചെയ്തിരിക്കുന്നത്. ബോട്ടിങ് ചെയ്യുന്ന സമയത്താണ് ഞാൻ ആ കമന്റ് കണ്ടത്. അത് കണ്ടതും ബിപി എനിക്ക് തലയിലേക്ക് ഇരച്ച് കയറി ഞാൻ വിറയ്ക്കുകയായിരുന്നു. പക്ഷെ അതൊരു വൃത്തികെട്ട കമന്റായിരുന്നില്ല. ഭർത്താവിനെ ഗൾഫിലേക്ക് പറഞ്ഞുവിട്ട് ഉള്ള ആൺകുട്ടിയെ എവിടെയോ കൊണ്ടുവിട്ട് തായ്ലെന്റിൽ കുട്ടി നിക്കറിട്ട് വള്ളി പൊട്ടിയ പട്ടം പോലെ നടക്കുന്നു എന്നൊക്കെയായിരുന്നു കമന്റ്.’
‘ഷാനിഷിനെപ്പോലുള്ളവർക്ക് എന്നെ കുറിച്ച് എന്ത് അറിയാം. ഞാൻ എന്റെ ഭർത്താവിനെ ആട്ടിപ്പായിച്ചുവെന്ന് അദ്ദേഹം എവിടെയെങ്കിലും പറഞ്ഞോ. ഞങ്ങൾ തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടാകും അതൊന്നും പുറത്ത് പറയാൻ അദ്ദേഹത്തിനോ എനിക്കോ താൽപര്യമില്ല. ഞാൻ ബുദ്ധിമുട്ടി കഷ്ടപ്പെട്ടാണ് കുടുംബം നോക്കുന്നത്. മകനെ ഞാൻ ഉപേക്ഷിച്ചതോ കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞതോ അല്ല.’
‘ഞാൻ കഷ്ടപ്പെട്ട് പണി കഴിപ്പിച്ച എന്റെ വീട്ടിൽ അവന്റെ ഗ്രാന്റ് പാരന്റിസിനൊപ്പം എന്റെ മകൻ നല്ല സന്തോഷത്തോടെ കഴിയുന്നുണ്ട്. തായ്ലന്റിലേക്ക് ട്രിപ്പ് വന്നുവെന്നാൽ മകനെ കുപ്പതൊട്ടിയിൽ വലിച്ചെറിഞ്ഞുവെന്നോ കുടുംബം ഉപേക്ഷിച്ച് നടക്കുന്നുവെന്നോ ആണോ അർത്ഥം. പഠിച്ച് ഗവൺമെന്റ് ജോലി വാങ്ങണം എന്നൊക്കെ ഷാനിഷ് എഴുതിയിട്ടിരിക്കുന്നത് കണ്ടു.’
‘അത്ര ബ്രൈറ്റ് സ്റ്റുഡന്റായിരുന്നില്ല ഞാൻ. അതുകൊണ്ട് എനിക്ക് അറിയാവുന്ന ജോലി ചെയ്ത് കുടുംബം നോക്കി ജീവിക്കുന്നത് തെറ്റാണോ. ഗവൺമെന്റ് ജോലി ഇല്ലാത്തവർക്ക് ഇവിടെ ജീവിക്കണ്ടേ. ഒന്നും അറിയില്ലെങ്കിൽ പറയരുത്. സിനിമയും മോഡലിങുമായി നടന്നാൽ കുടുംബം പോകുമെന്ന് പറയാൻ നിങ്ങൾക്ക് എന്ത് യോഗ്യതയുണ്ട്. ഞങ്ങളൊക്കെ കുടുംബമായി മക്കളോടൊപ്പം ജീവിക്കുന്നവരാണ്. ഇങ്ങനെയൊക്കെയാണോ നിങ്ങൾ നിങ്ങളുടെ മക്കളെ പഠിപ്പിക്കുന്നത്?.’
‘ഏതോ നടനെ കണ്ട് അനുകരിക്കാൻ പോയി പണികിട്ടിയിട്ടുണ്ട് ഷാനിഷ് എന്നാണ് കമന്റിൽ നിന്നും മനസിലാകുന്നത്. പിന്നെ എന്റെ മകൻ എന്റെ മരണം വരെ എനിക്കൊപ്പമുണ്ടാകും. തെറ്റും ശരിയും പറഞ്ഞ് കൊടുത്താണ് ഞാൻ അവനെ വളർത്തുന്നത്. നിങ്ങളെപ്പോലെയല്ല. ഇനി മേലാൽ ഇങ്ങനെ ഏതെങ്കിലും സ്ത്രീകളോട് പറഞ്ഞാൽ അവരുടെ പ്രതികരണം ഇങ്ങനെയായിരിക്കില്ലെന്ന്’, പറഞ്ഞാണ് മഞ്ജു പത്രോസ് വീഡിയോ അവസാനിപ്പിച്ചത്.