5ജി നടപ്പാക്കുന്നതിനെതിരെ കോടതിയെ സമീപിച്ച് നടി ജൂഹി ചൗള
ന്യൂഡല്‍ഹി: രാജ്യത്ത് 5ജി ടെലികോം സേവനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് താരം ജൂഹി ചൗള കോടതിയെ സമീപിച്ചു. 5ജിക്ക് എതിരെ ഡല്‍ഹി ഹൈക്കോടതിയെയാണ് ജൂഹി ചൗള സമീപച്ചിരിക്കുന്നത്.
സാങ്കേതികവിദ്യയ്ക്ക് എതിരല്ലെന്നും എന്നാല്‍ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും അവര്‍ ഹര്‍ജിയില്‍ പറയുന്നു. 5 ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാന്‍ മതിയായ കാരണമുണ്ടെന്നും ഹര്‍ജി ചൂണ്ടിക്കാണിക്കുന്നുണ്ട്.
5 ജി സാങ്കേതികവിദ്യ മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്താന്‍ ബന്ധപ്പെട്ട വകുപ്പിനോട് നിര്‍ദേശിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജൂഹി ചൗളയുടെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് പഠനങ്ങള്‍ നടന്നിട്ടില്ലെങ്കില്‍ കാര്യക്ഷമമായ പഠനങ്ങള്‍ നടത്തണമെന്നും അവരുടെ വക്താവ് ആവശ്യപ്പെട്ടു.
ജസ്റ്റീസ് സി. ഹരിശങ്കറിന്റെ ബഞ്ചാണ് ഇന്ന് വിഷയം പരിഗണിച്ചത്. എന്നാല്‍ കേസില്‍ നിന്ന് പിന്മാറിയ ജസ്റ്റീസ് സി. ഹരിശങ്കര്‍, ഇത് ഡല്‍ഹി ഹൈക്കോടതിയുടെ മറ്റൊരു ബഞ്ചിന് വിട്ടു. കേസില്‍ ജൂണ്‍ രണ്ടിന് വീണ്ടും വാദം കേള്‍ക്കും.