നടി ചന്ദ്രാലക്ഷ്മൺ വിവാഹിതയായി
കൊച്ചി:മിനിസ്‌ക്രീനില്‍ നായിക നായകന്മാരായി അഭിനയിച്ച് കൊണ്ടിരിക്കുന്ന താരങ്ങള്‍ യഥാര്‍ഥ ജീവിതത്തിലും ഒന്നായി.നടി ചന്ദ്ര ലക്ഷ്മണും നടന്‍ ടോഷ് ക്രിസ്റ്റിയുമാണ് ഇന്ന് വിവാഹിതരായത്. സ്വന്തം സുജാത എന്ന സീരിയലില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ യഥാര്‍ഥ ജീവിതത്തിലും ഒന്നിച്ചിരിക്കുയാണ്. ഇരു വീട്ടുകാരുടെയും പൂര്‍ണ സമ്മതത്തോട് കൂടി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരിക്കുകയാണ്.
നേരത്തെ അറിയിച്ചിരുന്നത് പോലെ നവംബര്‍ പത്തിന് തന്നെ താരങ്ങള്‍ വിവാഹിതരായി. വളരെ സ്വകാര്യമായി നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചാണ് വിവാഹം നടന്നത്. സീരിയല്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന താരവിവാഹവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷങ്ങള്‍ അറിയാം.
പരമ്ബരാഗതമായ ആചാരങ്ങള്‍ക്കൊന്നും കാര്യമായ പ്രധാന്യം നല്‍കാതെയാണ് ചന്ദ്രയും ടോഷും വിവാഹിതരായത്. എങ്കിലും ഹിന്ദു ബ്രൈഡല്‍ ലുക്കാണ് ഇരുവരും സ്വീകരിച്ചിരുന്നത്. മുണ്ടും ഷര്‍ട്ടുമാണ് ടോഷിന്റെ വേഷം. പച്ചയും ചുവപ്പും നിറമുള്ള പട്ട് സാരി ഉടുത്ത് നിറയെ ആഭരണങ്ങളൊക്കെ അണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് ചന്ദ്ര വിവാഹിതയായത്. ഇരുവരും നിലവിളക്കിന് തിരിതെളിച്ച് കൊണ്ടാണ് പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. താരങ്ങളുടെ വിവാഹ ഫോട്ടോ വന്നതിന് പിന്നാലെ ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.
വീട്ടുകാരുടെ സമ്മതത്തോടെയുള്ള ഇന്റര്‍കാസ്റ്റ് വിവാഹം.കേവലമൊരു താലിക്കെട്ടിലൂടെ വിവാഹത്തിന്റെ ചടങ്ങുകള്‍ തീര്‍ക്കാനാണ് താരങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നത്. ശേഷം അടുത്ത ബന്ധുക്കള്‍ക്കുള്ള വിരുന്ന് സത്കാരവും നടത്തും. അതേ സമയം ഇന്റര്‍കാസ്റ്റ് വിവാഹം ആണെങ്കിലും രണ്ടാളുടെയും വീട്ടുകാര്‍ക്ക് എതിര്‍പ്പ് ഇല്ലായിരുന്നു. ഒരുമിച്ച് അഭിനയിക്കുന്നത് കൊണ്ട് തന്നെ പ്രണയ വിവാഹമായിരിക്കുമെന്ന് പലരും കരുതിയെങ്കിലും ഇത് പക്കാ അറേഞ്ച്ഡ് മ്യാരേജ് ആണെന്നാണ് താരങ്ങള്‍ പറയുന്നത്. ലൊക്കേഷനില്‍ നിന്ന് പരിചയത്തിലായ താരങ്ങളെ പോലെ വീട്ടുകാര്‍ തമ്മിലും അടുപ്പത്തിലാവുകയായിരുന്നു. അങ്ങനെ മക്കളുടെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഇരുവരെയും ഒന്നിപ്പിച്ചാലോ എന്ന ആലോചന വരുന്നത്. ഒടുവില്‍ എല്ലാവരും അങ്ങനൊരു തീരുമാനത്തിലേക്ക് എത്തി.
മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു ചന്ദ്രയുടെയും ടോഷിന്റേതും. സൂര്യ ടിവിയിലെ ജനപ്രിയ പരമ്ബരയായ സ്വന്തം സുജാതയിലൂടെയാണ ചന്ദ്രയും ടോഷും പരിചയപ്പെടുന്നത്. സുജാതയായിട്ടും ആദം ജോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടുമാണ് ഇരുവരും ശ്രദ്ധേയരാവുന്നത്. സീരിയലില്‍ ആദവും സുജാതയും ഒന്നാവണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നെങ്കിലും അത് നടക്കാന്‍ സാധ്യതയില്ലെന്നാണ് പുതിയ കഥാഗതി സൂചിപ്പിക്കുന്നത്. ഇത് പ്രേക്ഷകരെ നിരാശപ്പെടുത്തിയെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ രണ്ടാളും ഒന്നിക്കുന്നത് വലിയ സന്തോഷം നല്‍കിയിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് വിവാഹനിശ്ചയം നടത്തിയതിന് ശേഷമാണ് ഞങ്ങള്‍ വിവാഹിതരാവുകയാണെന്ന് താരങ്ങള്‍ പുറംലോകത്തോട് പറഞ്ഞത്. മുന്‍പ് ചന്ദ്ര വിവാഹിതയായെന്നും വിവാഹമോചിത ആയെന്നുമൊക്കെയുള്ള തരത്തില്‍ അനേകം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതൊന്നും സത്യമല്ലെന്ന് നടി തന്നെ വ്യക്തമാക്കി. വിവാഹം വേണ്ടെന്ന് തീരുമാനിച്ചിട്ടില്ലെന്നും നല്ലൊരാളെ കണ്ട് കിട്ടിയാല്‍ കല്യാണമുണ്ടാവുമെന്നുമൊക്കെ ചന്ദ്ര സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ സ്വന്തം സുജാതയിലൂടെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ നടിയ്ക്ക് സാധിച്ചിരിക്കുകയാണ്.