കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാനസാക്ഷികളിലൊരായ ബാലചന്ദ്രകുമാറിന്റെ വിചാരണ അവസാനിച്ചെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ന്യൂസ് ഗ്ലോബ് എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അസുഖബാധിതനായ ബാലചന്ദ്രകുമാറിനെ അഞ്ച് ദിവസം മാത്രമെ വിചാരണ ചെയ്യൂ എന്ന് പറഞ്ഞിട്ട് ദിവസങ്ങളോളം വിചാരണ ചെയ്‌തെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു. ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍ ഇങ്ങനെയാണ്…
‘അടുത്തയൊരു ജന്മമെനിക്കുണ്ടെങ്കില്‍ മനുഷ്യനായി ജനിക്കരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന. ഇത് പറഞ്ഞത് നടി ആക്രമിക്കപ്പെട്ട കേസിലെ ഏറ്റവും പ്രധാനപ്പെട്ട സാക്ഷികളിലൊരാളായ ബാലചന്ദ്രകുമാറാണ്. ഈ ബാലചന്ദ്രകുമാര്‍ എനിക്കയച്ച ഒരു മെസേജാണ്. ഈ മെസേജിലാണ് ബാലചന്ദ്രകുമാര്‍ ഇങ്ങനെ പറയുന്നത്. സുപ്രീംകോടതി പോലും അഞ്ച് ദിവസത്തില്‍ കൂടുതല്‍ വിചാരണ നടത്തേണ്ടി വരില്ല എന്ന് ബാലചന്ദ്രകുമാറിന്റെ കാര്യത്തില്‍ പറഞ്ഞിരുന്നു.
30 -ാമത്തെ ദിവസത്തെ വിചാരണ സമയത്തായിരുന്നു സുപ്രീംകോടതിയില്‍ നിന്നുള്ള ഈ തീരുമാനം വന്നത്. പ്രതിഭാഗം വക്കീലും പ്രോസിക്യൂഷനുമൊക്കെ വളരെ വ്യക്തമായി പറഞ്ഞിരുന്നത് ഇനിയൊരു അഞ്ച് ദിവസം എന്നായിരുന്നു. ആ അഞ്ച് ദിവസം കഴിഞ്ഞു, ഏഴ് കഴിഞ്ഞു, പത്ത് ദിവസമാകുന്നു. ബാലചന്ദ്രകുമാറിന്റെ വിചാരണ എന്തായാലും കഴിഞ്ഞു. ബാലചന്ദ്രകുമാറിനെ ഇല്ലാതാക്കാന്‍ പല ശ്രമങ്ങള്‍ നടന്നിരുന്നു എന്ന് അറിയുന്നു.
ആദ്യം കോംപ്രമൈസിന് ശ്രമിച്ചു. എന്ത് വേണമെങ്കിലും തരാം എത്ര പണം വേണമെങ്കിലും തരാം കൂടെ നില്‍ക്കണം എന്നാണ് പ്രതികളുമായി അടുത്ത ബന്ധമുള്ള ഒന്നുരണ്ടാളുകള്‍ ബാലചന്ദ്രകുമാറിനോട് പറഞ്ഞത്. അവരുടെയൊക്കെ പേരുകള്‍ ഉടന്‍ തന്നെ വെളിപ്പെടുത്തും. രണ്ട് കിഡ്‌നിക്കും കംപ്ലൈന്റായി തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ അവശനിലയിലായ ബാലചന്ദ്രകുമാര്‍ രാവിലെ നാല് മണിമുതല്‍ ഡയാലിസിസ് തുടങ്ങും. ഏഴ് മണിയാകുമ്പോഴേക്കും അത് കഴിയും.
10 മണിയാകുമ്പോഴേക്കും കോടതിയില്‍ ഹാജരാകണം. 10 മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയുള്ള സമയം ഒരേ ഇരിപ്പാണ്. ഡയാലിസിസ് കഴിഞ്ഞുവരുന്ന ഒരു മനുഷ്യന്‍ ഇത്രയും നേരം കോടതിയിലിരുന്ന് പ്രതിഭാഗം വക്കീലന്‍മാരൊക്കെ ചോദിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം കൃത്യതയോടെ മറുപടി പറഞ്ഞു. ആവശ്യമുള്ളതും ഇല്ലാത്തതുമായ ഒരുപാട് കാര്യങ്ങള്‍ തന്നോട് ചോദിച്ചിട്ടുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു.
ആരോഗ്യസ്ഥിതി പോലും വകവെക്കാതെ ആ കോടതിയിലിരുന്ന് ഈ കേസിന് വേണ്ടി ഇതിന്റെ മുഖ്യസാക്ഷി എന്ന നിലയില്‍ വളരെ വ്യക്തമായി അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞ് കൊണ്ടേയിരിക്കുന്നു. അവഹേളനങ്ങള്‍ ഒരു സൈഡില്‍. ഞാന്‍ തന്നെ രണ്ട് മൂന്ന് തവണ ഈ ബാലചന്ദ്രകുമാറിനെ സഹായിക്കണം, അദ്ദേഹത്തിന്റെ രണ്ട് കിഡ്‌നികളും കുഴപ്പത്തിലാണ്, അത് ചികിത്സിച്ച് ഭേദമാക്കാന്‍ പാടാണ് കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തണം എന്നൊക്കെ പറഞ്ഞിരുന്നു.
ബാലചന്ദ്രകുമാര്‍ മൃതസഞ്ജീവനിയിലൊക്കെ രജിസ്റ്റര്‍ ചെയ്ത് കിഡ്വനിക്ക് വേണ്ടി കാത്തിരിപ്പ് തുടരുകയാണ്. അത് കിട്ടിയാല്‍ തന്നെ ലക്ഷങ്ങള്‍ ചിലവുള്ള കാര്യങ്ങളാണ് എന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെ അദ്ദേഹത്തെ സഹായിക്കണം എന്ന് പറഞ്ഞ് ഞാന്‍ വാര്‍ത്തകള്‍ ചെയ്തപ്പോള്‍ അതിനടിയില്‍ ഇവന് ചത്തൂടെ ഇവനിനിയും ചത്തില്ലേ എന്നൊക്കെയുള്ള കമന്റുകളാണ് പല സ്ഥലത്ത് നിന്നും വരുന്നത്.
മനുഷ്യന് കണ്ണില്‍ ചോരയില്ല എന്ന് പറയുന്നത് ഇവിടെയാണ്. ഏതെങ്കിലും ഒരു താരത്തിന് വേണ്ടി, താരാരാധനക്ക് വേണ്ടി, ആരെങ്കിലും എറിഞ്ഞ് കൊടുക്കുന്ന നക്കാപ്പിച്ചക്ക് വേണ്ടി ഇങ്ക്വിലാബ് വിളിച്ച് നടക്കുന്ന ചില ഫാന്‍സ് അസോസിയേഷന്റെ വിവരം കെട്ടവന്‍മാരാണ് ഇങ്ങനെയുള്ള കമന്റുകളിടുന്നത് എന്ന് ഒറ്റനോട്ടത്തിലറിയാം. അതുകൂടാതെ സോഷ്യല്‍ മീഡിയയില്‍ എട്ടാം പ്രതി ദിലീപിനെ വെളുപ്പിക്കാനുള്ള ഒരുപാട് ശ്രമങ്ങള്‍ കുറെ കാലമായി നമ്മള്‍ കണ്ട് തുടങ്ങിയിട്ട്.
2025ലേക്കും 2026 ലേക്കുമൊക്കെയുള്ള സിനിമകള്‍ ദിലീപ് കമ്മിറ്റ് ചെയ്ത് തുടങ്ങി. അതായത് ദിലീപിന് എന്തോ വലിയ ആത്മവിശ്വാസമുള്ളത് പോലെയാണ് ഈ കേസില്‍ നിന്ന് രക്ഷപ്പെടും എന്നുള്ളത്. അദ്ദേഹം കുറ്റം ചെയ്തിട്ടില്ലെങ്കില്‍ കേസില്‍ നിന്ന് രക്ഷപ്പെടട്ടെ. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ അനുഭവിക്കുക തന്നെ വേണം. സോഷ്യല്‍ മീഡിയയില്‍ പണം വാരിയെറിഞ്ഞ് വെളുപ്പിക്കലുകള്‍ ഒരുപാട് തുടരുന്നു.
ഒരു അമ്പലത്തില്‍ പോയി നിന്നാല്‍ അവിടെ കാണുന്ന സ്ത്രീക്ക് കൈമടക്കായി പത്തോ അമ്പതോ കൊടുക്കും. അത് മാറി നിന്ന് വീഡിയോ ഷൂട്ട് ചെയ്യും. എന്നിട്ട് സോഷ്യല്‍ മീഡിയയില്‍ പറയുന്നു ഏട്ടന്‍ ചെയ്തത് കണ്ടോ എന്ന്. എന്തായാലും ശരി ഈ കേസുമായി നടന്നിട്ടുള്ള കാര്യങ്ങളില്‍ അതില്‍ വന്നിട്ടുള്ള വീഴ്ചകള്‍, ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ച വ്യക്തികള്‍, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചത് തുടങ്ങിയ കാര്യങ്ങളിലൊക്കെ തെളിവുകള്‍ സഹിതം ക്രൈംബ്രാഞ്ച് നിരത്തിയിട്ടുണ്ട്.
അതുകൊണ്ടാണ് ഇരയോടൊപ്പം തന്നെ നില്‍ക്കേണ്ടി വന്നത്. ഇനി നടിയെ ആക്രമിച്ച കേസില്‍ മൂന്ന് പേരെ കൂടിയെ വിചാരണ ചെയ്യാനുള്ളൂ. ബൈജു പൗലോസ്, അനൂപ്, സുരാജ് തുടങ്ങിയ ആളുകളെ മാത്രമെ ഇനി വിചാരണ ചെയ്യാനുള്ളൂ. എന്താണെങ്കിലും രണ്ട് മാസത്തിനുള്ളില്‍ ഇതിന്റെ വിധി വരും.’