മുംബൈ: പ്രശസ്ത മറാത്തി നടിയുടെ ഉടമസ്ഥതയിലുള്ള കാർ മെട്രോ തൊഴിലാളികളുടെ മുകളിലേക്ക് ഇടിച്ചുകയറി ഒരു മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുംബൈ കാണ്ടിവ്ലിയിൽ ആണ് സംഭവം. നടി ഊർമിള കനേത്കറിന്റെ കാർ ആണ് ഷൂട്ടിംഗിന് പോയി മടങ്ങവേ അപകടം ഉണ്ടാക്കിയത്.
ഡ്രൈവര്‍ ആണ് കാർ ഓടിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ഷൂട്ടിംഗ് പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോൾ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ സ്റ്റേഷന് സമീപം ജോലി ചെയ്യുന്ന രണ്ട് തൊഴിലാളികള്‍ക്ക് മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
രണ്ട് തൊഴിലാളികള്‍ക്ക് മുകളിലൂടെ കാര്‍ കയറി ഇറങ്ങിയെന്നും അവരിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചെന്നും മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു, നടി ഊർമിള കനേത്കര്‍ക്ക് നിസാര പരിക്ക് പറ്റിയിട്ടുണ്ട്.
അതിവേഗത്തിലാണ് കാർ ഓടിച്ചിരുന്നതെന്നും കൃത്യസമയത്ത് എയർബാഗ് തുറന്നതിനാലാണ് താരത്തിന് ജീവൻ രക്ഷിക്കാനായതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അശ്രദ്ധയോടെ വാഹനമോടിക്കുക, അശ്രദ്ധമൂലം മരണം സംഭവിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരം ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.