കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തില്‍ ‘മാഡ’ത്തിനായുള്ള അന്വേഷണം വീണ്ടും ആരംഭിക്കുന്നു. ഒരു സ്ത്രീയാണ് കേസില്‍ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്ന് നടന്‍ ദിലീപ് സംസാരിക്കുന്നത് കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതാണ് വീണ്ടും ‘മാഡ’ത്തിലേക്ക് അന്വേഷണം നീങ്ങാന്‍ കാരണം.
ദിലീപ് സുഹൃത്ത് ബൈജുവിനോട് ‘സത്യത്തില്‍ ഞാന്‍ ശിക്ഷ അനുഭവിക്കേണ്ടതല്ല’ എന്നും ‘ഒരു പെണ്ണ് അനുഭവിക്കേണ്ടതാണ്’ എന്നും ‘അവരെ രക്ഷിച്ചു രക്ഷിച്ച് കൊണ്ടുപോയി ഞാന്‍ ശിക്ഷിക്കപ്പെട്ടു’ എന്നും പറയുന്നത് കേട്ടുവെന്നാണ് വെളിപ്പെടുത്തല്‍. ഈ സംഭാഷണം ബാലചന്ദ്രകുമാര്‍തന്നെ റെക്കോഡ് ചെയ്യുകയും ചെയ്തു. ‘മാഡം സിനിമാ മേഖലയില്‍ നിന്നുള്ളയാളാണ്’ എന്ന് പ്രതി പള്‍സര്‍ സുനി ആദ്യം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ‘കേസില്‍ മാഡത്തിന് വലിയ പങ്കില്ല’ എന്നായിരുന്നു സുനി പിന്നീട് പറഞ്ഞത്.
ഇതോടെ ‘മാഡ’ത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചു, പിന്നാലെ അന്വേഷണവും നിലച്ചു. ഇതിനാണ് വീണ്ടും തുടക്കമാകുന്നത്.ക്രൈംബ്രാഞ്ചിന്റെ 13 പേരടങ്ങുന്ന സംഘം മൂന്നായി തിരിഞ്ഞാണ് കേസ് അന്വേഷിച്ചുക്കൊണ്ടിരിക്കുന്നത്. നിലവില്‍ കേസില്‍ പ്രഥമപരിഗണന ‘വി.ഐ.പി.’യെ കണ്ടെത്തുക എന്നതിലാണ്. കേസില്‍ നേരിട്ട് പങ്കുണ്ടെന്ന് പറയുന്ന വ്യക്തിയും പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയുമാണിയാള്‍.
വി.ഐ.പി.യെ കണ്ടെത്തിക്കഴിഞ്ഞാല്‍ അടുത്ത തലത്തില്‍ ‘മാഡ’ത്തിനായുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ശക്തമാക്കും.വി.ഐ.പി.യെ കണ്ടെത്തുന്നതിനുള്ള ശബ്ദ സാമ്പിള്‍ ശേഖരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ കോട്ടയം സ്വദേശിയായ ആളെയാണ് സംശയിക്കുന്നത്. സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ കാണിച്ചപ്പോള്‍ ഇയാളെ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞതായാണ് വിവരം. എന്നാല്‍, ഒറ്റത്തവണ കണ്ടിട്ടുള്ളയാളുടെ മുഖം അത്ര പരിചിതമല്ലെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നതിനാല്‍ത്തന്നെ ശബ്ദ സാമ്പിള്‍ വെച്ച് ഉറപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.