കൊച്ചി:ബഡായി ബംഗ്ലാവിലൂടെയും ബിഗ് ബോസിലൂടെയും മലയാളികൾ അടുത്തറിഞ്ഞ താരമാണ് ആര്യ. എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാകാറുള്ള ആര്യയ്ക്ക് നിരന്തരം സൈബർ അറ്റാക്ക് നേരിടേണ്ടി വരാറുണ്ട്. എന്നാലിപ്പോൾ താൻ ഒരു തട്ടിപ്പിൽ കുടുങ്ങിയതിനെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ആര്യ.
ഇന്റർനെറ്റ് ബാങ്കിംഗും മൊബൈൽ ബാങ്കിംഗുമൊക്കെ വ്യാപകമായതോടെ ഓൺലൈൻ വഴി ഹൈടെക് ആയി നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളും ഏറെയാണ്. തനിക്ക് നേരിടേണ്ടി വന്ന തട്ടിപ്പ് അത്തരത്തിലൊന്നാണെന്നും ഇനി ആർക്കും ഈ ഗതി വരരുതെന്നും ആര്യ വേധനയോടെ പറഞ്ഞു.
സ്വന്തമായി ഒരു ബൊട്ടീകും ‘കാഞ്ചിവരം’ എന്ന പേരിൽ സാരികളുടെ ഒരു ബ്രാൻഡും നടത്തുന്ന ആര്യ ഓൺലൈനായും സാരി സെയിൽസ് നടത്തുന്നുണ്ട്. അതിനിടയിൽ ശ്രദ്ധയിൽ പെട്ട ഒരു തട്ടിപ്പിന്റെ കഥയാണ് ആര്യ പറയുന്നത്.
“കഴിഞ്ഞ ദിവസം എനിക്ക് ഒഫീഷ്യൽ നമ്പറിലേക്ക് ഒരു മെസേജ് വന്നു. ഒരു സാരിയുടെ ഓർഡർ. 3000 രൂപയുടെ സാരിയാണ്. ഗുജറാത്തിലേക്കാണ് ഷിപ്പിംഗ് ചെയ്യേണ്ടത്. ഷിപ്പിംഗ് ചാർജായ 300 രൂപ കൂട്ടി 3300 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ കസ്റ്റമർ ഗൂഗിൾ പേ ചെയ്യാം എന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞ് പണം ട്രാൻസ്ഫർ ചെയ്തതിന്റെ ഒഫീഷ്യൽ സ്ക്രീൻഷോട്ടും അയച്ചു തന്നു.
“നോക്കിയപ്പോൾ 13,300 രൂപയാണ് അയച്ചത്. അവർക്ക് തുക തെറ്റി പോയത് ഞാൻ ശ്രദ്ധയിൽപെടുത്തുകയും 10,000 രൂപ തിരിച്ചയക്കാൻ ഒരുങ്ങുകയും ചെയ്തപ്പോഴാണ്, ഈ നമ്പറിലേക്ക് പണം ട്രാൻസ്ഫർ ചെയ്യരുത് എന്ന ഗൂഗിൾ പേയുടെ അലേർട്ട് വന്നത്. ആദ്യമായിട്ടാണ് ഗൂഗിൾ പേയുടെ ഭാഗത്തുനിന്ന് അത്തരമൊരു അലേർട്ട് എന്നതിനാൽ, ഞാൻ ഇക്കാര്യം എന്റെ സഹോദരനോട് സംസാരിച്ചു. പണം ട്രാൻസ്ഫർ ചെയ്യരുത് എന്നാണ് ബ്രദറും പറഞ്ഞത്.”
പണം തിരിച്ചയക്കാൻ ആവശ്യപ്പെട്ട് കസ്റ്റമർ വാട്സ്ആപ്പിൽ നിരന്തരമായി മെസേജ് അയച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. ഗൂഗിൾ പേയിൽ വന്ന മെസേജ് വീണ്ടും പരിശോധിച്ചപ്പോഴാണ് അത് പണം ക്രെഡിറ്റ് ആയതിന്റെ നോട്ടിഫിക്കേഷൻ അല്ല, മറിച്ച് പണം തട്ടിയെടുക്കാനായി ആ കക്ഷി വെറുതെ ടൈപ്പ് ചെയ്ത് അയച്ച മെസേജ് ആണെന്ന് ബോധ്യമായത്,”
സമാനമായ രീതിയിൽ ഒരു മെസേജ് തിരികെ അയച്ചതോടെയാണ് തട്ടിപ്പുകാർ സ്ഥലം കാലിയാക്കിതെന്നും ആര്യ പറയുന്നു. “അവർ പണം തിരിച്ചയക്കാൻ നിർബന്ധിക്കുന്നുണ്ടായിരുന്നു. ഗൂഗിൾ പേ തക്കസമയത്ത് അലർട്ട് മെസേജ് തന്നിരുന്നില്ല എങ്കിൽ ഞാനാ 10000 തിരിച്ച് അയച്ചു കൊടുക്കുമായിരുന്നു.എന്നും ആര്യ കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ ഓൺലൈനായി പണമിടപാട് നടത്തുമ്പോൾ എല്ലാവരും ശ്രദ്ധിക്കുക.