പോണ്‍ വീഡിയോ റാക്കറ്റുമായി ബന്ധം; നടി അറസ്റ്റില്‍, അന്വേഷണം കൂടുതല്‍ താരങ്ങളിലേക്ക്
മുംബൈ: പോണ്‍ വീഡിയോ റാക്കറ്റുമായി ബന്ധമുള്ള നടിയും മോഡലുമായ ഗെഹാന വസിഷ്ഠ് അറസ്റ്റില്‍. മുംബൈ ക്രൈംബ്രാഞ്ചിലെ പ്രോപ്പര്‍ട്ടി സെല്‍ യൂണിറ്റ് ഇന്നലെയാണ് താരത്തെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം വ്യാഴാഴ്ച മാദ് ദ്വീപിലെ ഒരു ബംഗ്ലാവില്‍ റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍ റാക്കറ്റിന്റെ കെണിയില്‍പ്പെട്ട ഒരു സ്ത്രീയെ രക്ഷിച്ചിരുന്നു.
റെയ്ഡില്‍ വീഡിയോ ക്യാമറ, ആറ് മൊബൈല്‍ ഫോണുകള്‍, ഒരു ലാപ്ടോപ്പ്, സ്പോട്ട്ലൈറ്റുകള്‍, ക്യാമറ സ്റ്റാന്‍ഡ്, വീഡിയോ ക്ലിപ്പുകള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്,എന്നിവയും പൊലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
കേസില്‍ നടിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന ചില തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഗെഹാനയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹിന്ദി, തെലുങ്ക് സിനിമകളിലൂടെയും പരസ്യങ്ങളിലൂടെയുമാണ് നടി ശ്രദ്ധേയായത്.
അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ച് നടിയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തതിന് അന്വേഷണ സംഘത്തിന് തെളിവ് കിട്ടിയിട്ടുണ്ട്. വെബ്സൈറ്റ് സന്ദര്‍ശിക്കണമെങ്കില്‍ രണ്ടായിരം രൂപയ്ക്ക് സബ്സ്‌ക്രൈബ് ചെയ്യണമായിരുന്നു. കേസില്‍ കൂടുതല്‍ മോഡലുകള്‍, നടിമാര്‍, ചില പ്രൊഡക്ഷന്‍ ഹൗസുകള്‍ എന്നിവരുടെ പങ്കിനെക്കുറിച്ചും അന്വേഷിച്ചുവരികയാണ്. അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിതരായെന്ന് കാണിച്ച് മൂന്ന് പേര്‍ കൂടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.