കൊച്ചി: ട്രാന്‍സ് യുവതി അനന്യ കുമാരി അലക്‌സിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് നടി അഞ്ജലി അമീര്‍. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ അര്‍ജുന്‍ അശോകന്‍ ജോലി ചെയ്യുന്ന റെനെ മെഡിസിറ്റിയ്ക്ക് മുന്നില്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് ഒരുമിച്ച് ചേരാനാണ് അഞ്ജലിയുടെ ആഹ്വാനം. അനന്യയുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ ആശുപത്രി ഇതുവരെ വിട്ടുനല്‍കിയിട്ടില്ലെന്നും അവര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
അഞ്ജലി അമീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
അനന്യയുടെ ദുരൂഹമരണത്തില്‍ ഗുരുതരമായ മെഡിക്കല്‍ അലംഭാവം റെനൈ മെഡിസിറ്റി യുടെ ഭാഗത്തു നിന്നും സര്‍ജറി നടത്തിയ ഡോ. അര്‍ജുന്‍ അശോകന്റെ ഭാഗത്തു നിന്നും ഉണ്ടായതായി വ്യക്തമാണ്. ഈ സാഹചര്യത്തില്‍ അര്‍ജുന്‍ ഡോക്ടര്‍ക്കു എതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടും അനന്യയുടെ മെഡിക്കല്‍ റെക്കോര്‍ഡ്‌സ് വിട്ടു നല്‍കാത്തതില്‍ പ്രതിഷേധിച്ചു കൊണ്ടും അനന്യക്കു നീതി ലഭ്യമാക്കുവാന്‍ ഒരുമിച്ചു നാം പോരാടേണ്ടതുണ്ട്. അനന്യയുടെ രക്തസാക്ഷിത്വം നാം ഓരോരുത്തര്‍ക്കും വേണ്ടിയാണു എന്നോര്‍ത്തു കൊണ്ടു ഇന്ന് വൈകുന്നേരം 4 മണിക്ക് റെനൈ മെഡിസിറ്റി ക്ക് മുന്നില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടു നമുക്ക് പ്രതിഷേധിക്കാം. അനന്യ യെ സ്‌നേഹിക്കുന്ന നീതിക്ക് വേണ്ടി നിലകൊള്ളുന്ന ഓരോരുത്തരും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
വിവരങ്ങള്‍ക്കു ദയവായി ഈ നമ്പറുകളില്‍ ബന്ധപെടുക.
രാഗരഞ്ജിനി-6282984737
നേഹ -8711881111
പ്രിജിത് 9747811406
അതേസമയം അനന്യയുടെ മരണത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയും പരാതി നല്‍കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്നലെയാണ് ട്രാന്‍സ് യുവതി അനന്യ കുമാരി അലക്‌സിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അനന്യ അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ.
കഴിഞ്ഞ വര്‍ഷമാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റുനില്‍ക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്‌നങ്ങള്‍ ഏറെയുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയില്‍ നിന്ന് മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.