ചെന്നൈ: കര്‍ഷകരുടെ സമരഭൂമിയില്‍ നടന്‍ വിജയ് നടത്തിയ സന്ദര്‍ശനവും പ്രസംഗവും വൈറല്‍. തമിഴക വെട്രി കഴകം (ടിവികെ) എന്ന പാര്‍ട്ടി രൂപീകരിച്ച് മാസങ്ങളായെങ്കിലും ജനകീയ സമരങ്ങളുടെ ഭാഗമായി വിജയ് എത്തുന്നത് ആദ്യമാണ്. തന്റെ പുതിയ യാത്രയ്ക്ക് ഇതാണ് ശരിയായ സ്ഥലം എന്ന് കാഞ്ചീപുരം ജില്ലയിലെ പരന്തൂരില്‍ നടത്തിയ പ്രസംഗത്തില്‍ വിജയ് പറഞ്ഞു.
ഇവിടെ പുതിയ വിമാനത്താവളം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഇതിനെതിരെ കര്‍ഷകരും നാട്ടുകാരും സമരത്തിലാണ്. നേരത്തെ വിജയ് സമര ഭൂമി സന്ദര്‍ശിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും അധികൃതരുടെ അനുമതി ലഭിച്ചിരുന്നില്ല. ഇപ്പോള്‍ സമര മേഖലയില്‍ എത്തിയ വിജയ് വാഹനത്തിന് മുകളില്‍ നിന്നാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. എംകെ സ്റ്റാലിന്റെ ഡിഎംകെ സര്‍ക്കാരിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു…
ടിവികെയുടെ പ്രഖ്യാപന വേളയില്‍ വിജയ് നടത്തിയ പ്രസംഗം വലിയ ചര്‍ച്ചയായിരുന്നു. ഇതിന് ശേഷം പൊതുവേദിയില്‍ വിജയ് സമാനമായ പ്രസംഗം നടത്തുന്നത് ആദ്യമാണ്. പ്രദേശവാസികളായ സമരക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു വിജയ്. കൃഷി ഭൂമി നികത്തി പുതിയ വിമാനത്താവളം വേണ്ടെന്ന് വിജയ് പറഞ്ഞു. മറ്റൊരു നല്ല സ്ഥലം സര്‍ക്കാര്‍ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരന്തൂരില്‍ വരാനിരിക്കുന്ന വിമാനത്താവളത്തിനെതിരെ വര്‍ഷങ്ങളായി പ്രദേശവാസികള്‍ സമരത്തിലാണ്. 910 ാം ദിവസമായിരുന്നു വിജയുടെ സന്ദര്‍ശനം. താഴ്ന്ന പ്രദേശത്താണ് വിമാനത്താവളം വരുന്നത്. കൃഷി ഭൂമിയാണെന്ന കാര്യവും വിജയ് ഓര്‍മിപ്പിച്ചു. താന്‍ വികസനത്തിന് എതിരല്ല. എങ്കിലും വിമാനത്താവളം ഇവിടെ വരരുത്. 90 ശതമാനവും കൃഷി ഭൂമി നശിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജനവിരുദ്ധ സര്‍ക്കാരിന് മാത്രമേ ഇങ്ങനെ ചെയ്യാന്‍ സാധിക്കൂ എന്നും വിജയ് കുറ്റപ്പെടുത്തി.
സേലത്ത് എട്ടുവരി എക്‌സ്പ്രസ് വേ വരുന്നത് ഡിഎംകെ എതിര്‍ത്തിരുന്നു. കാട്ടുപള്ളി തുറമുഖ പദ്ധതിയും അവര്‍ എതിര്‍ത്തു. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ ഒരു നിലപാടും അധികാരം കിട്ടിയാല്‍ മറ്റൊരു നിലപാടുമാണ് ഡിഎംകെ സ്വീകരിക്കുന്നത്. ഇരട്ട നിലപാട് ഒഴിവാക്കണം. പ്രതിപക്ഷത്തിരുന്നപ്പോള്‍ വലിയ കര്‍ഷക സ്‌നേഹം കാണിച്ചത് കാപട്യമാണെന്ന് ബോധ്യമായി എന്നും വിജയ് പറഞ്ഞു.
വിമാനത്താവള പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമി ജനങ്ങള്‍ക്ക് സര്‍ക്കാര്‍ തിരിച്ചുകൊടുക്കണമെന്ന് വിജയ് ആവശ്യപ്പെട്ടു. കാഞ്ചീപുരം ജില്ലയിലെ പരന്തൂരിലുള്ള 13 ഗ്രാമങ്ങളെയാണ് പദ്ധതി ബാധിക്കുക. 4791 ഏക്കറാണ് പദ്ധതിക്ക് ആവശ്യം. ഇതില്‍ 2605 ഏക്കറും കൃഷി ഭൂമിയാണ്. അതേസമയം, രാജ്യ പുരോഗതിക്ക് വേണ്ടിയാണ് വിമാനത്താവളം വരുന്നതെന്ന് ധനമന്ത്രി തങ്കം തെന്നരസ് പ്രതികരിച്ചു.
സമരക്കാരെ ആര്‍ക്കും കാണാം. തമിഴ്‌നാടിന് വേണ്ടി മാത്രമല്ല ഈ വിമാനത്താവളം, രാജ്യ വികസനത്തിനാണ്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നും 70 കിലോ മീറ്റര്‍ അകലെയാണിത്. 2030ഓടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും 20000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നതെന്നും പറഞ്ഞ അദ്ദേഹം പ്രതിവര്‍ഷം 10 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വിമാനത്താവളമാകുമെന്നും വ്യക്തമാക്കി.