EntertainmentFeaturedHome-bannerNationalNews

നടൻ വിജയകാന്ത് അന്തരിച്ചു

ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ച വിവരം വിജയകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ ഡിഎംഡികെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇക്കഴിഞ്ഞ നവംബര്‍ 20 ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസംബര്‍ രണ്ടാം വാരമാണ് അദ്ദേഹം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയത്. ചൊവ്വാഴ്ചയാണ് വിജയകാന്തിനെ ആരോഗ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡിഎംഡികെ അറിയിച്ചത്. അദ്ദേഹം ആരോഗ്യവാനാണെന്നും പരിശോധനകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തുമെന്നുമാണ് പാര്‍ട്ടി അറിയിച്ചിരുന്നത്. 

1952 ആഗസ്റ്റ് 25-ന് തമിഴ്‌നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകര്‍സ്വാമി എന്നാണ് യഥാര്‍ത്ഥ പേര്. കരിയറിലുടനീളം തമിഴ് സിനിമയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച ചുരുക്കം നടന്മാരിലൊരാളായിരുന്നു വിജയകാന്ത്. പുരട്ചി കലൈഞ്ജര്‍ എന്നും ക്യാപ്റ്റൻ എന്നുമാണ് ആരാധകര്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്. എം.എ. കാജാ സംവിധാനം ചെയ്ത് 1979-ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം. നടന്‍ വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു തുടക്ക കാലത്ത് വിജയകാന്ത് ചെയ്തതില്‍ അധികവും.

1980 കളിലാണ് ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്. നൂറാം ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകര്‍ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്. ഈ ചിത്രത്തോടെ ക്യാപ്റ്റനെന്നും ആരാധകര്‍ അദ്ദേഹത്തെ വിളിച്ചുതുടങ്ങി. നൂറാവത് നാള്‍, വൈദേഹി കാത്തിരുന്താള്‍, ഊമൈ വിഴിഗള്‍, പുലന്‍ വിസാരണൈ, സത്രിയന്‍, കൂലിക്കാരന്‍, വീരന്‍ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കള്‍ അണ്ണ, ഗജേന്ദ്ര, ധര്‍മപുരി, രമണ തുടങ്ങി 154 ചിത്രങ്ങളില്‍ അഭിനയിച്ചു. 2010-ല്‍ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. പ്രധാനവേഷത്തില്‍ അവസാനമായി എത്തിയ ചിത്രവും ഇതുതന്നെയാണ്. 2015-ല്‍ മകന്‍ ഷണ്‍മുഖ പാണ്ഡ്യന്‍ നായകനായെത്തിയ സഗാപ്തം എന്ന ചിത്രത്തില്‍ അതിഥിവേഷത്തിലുമെത്തിയിരുന്നു.

1994-ല്‍ എം.ജി.ആര്‍ പുരസ്‌കാരം, 2001-ല്‍ കലൈമാമണി പുരസ്‌കാരം, ബെസ്റ്റ് ഇന്ത്യന്‍ സിറ്റിസെന്‍ പുരസ്‌കാരം, 2009-ല്‍ ടോപ്പ് 10 ലെജന്‍ഡ്‌സ് ഓഫ് തമിഴ് സിനിമാ പുരസ്‌കാരം, 2011-ല്‍ ഓണററി ഡോക്ടറേറ്റ് എന്നിവ വിജയകാന്തിനെ തേടിയെത്തി.

2005-ല്‍ ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) എന്ന രാഷ്ട്രീയ പാര്‍ട്ടിക്കും വിജയകാന്ത് രൂപം നല്‍കി. 2006 ലെ തമിഴ് നാട് നിയമ സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ എല്ല 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തില്‍ മാത്രമേ വിജയം നേടാനായുള്ളു. വിരുധാചലം, റിഷിവന്ദ്യം മണ്ഡലങ്ങളില്‍ നിന്ന് ഓരോ തവണ വിജയിച്ചു. 2011-2016 കാലയളവില്‍ തമിഴ്‌നാടിന്റെ പ്രതിപക്ഷനേതാവുമായിരുന്നു വിജയകാന്ത്.

1990 ലായിരുന്നു വിജയകാന്ത് പ്രേമലതയെ വിവാഹം ചെയ്യുന്നത്. ഷണ്‍മുഖ പാണ്ഡ്യന്‍, വിജയ് പ്രഭാകര്‍ അളകര്‍സാമി എന്നിവര്‍ മക്കളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button