കൊച്ചി ∙ ബോളിവുഡിന്റെ വഴിയേ മലയാള ചലച്ചിത്ര താരങ്ങളും പ്രഫഷനൽ ഫുട്ബോളിൽ നിക്ഷേപത്തിനൊരുങ്ങുന്നു. പൃഥ്വിരാജാണു ‘സൂപ്പർലീഗ് കേരള’യിലൂടെ (എസ്എൽകെ) പ്രഫഷനൽ ഫുട്ബോൾ ടീമിൽ നിക്ഷേപത്തിനു തയാറെടുക്കുന്നത്. തൃശൂർ റോർസ് ടീമിലെ നിക്ഷേപത്തിനുള്ള ചർച്ചകളാണു നടക്കുന്നത്.
ഓഹരി പങ്കാളിത്തം സംബന്ധിച്ചു ധാരണയായാൽ, കേരളത്തിൽ പ്രഫഷനൽ ഫുട്ബോൾ ടീം ഉടമയാകുന്ന ആദ്യ ചലച്ചിത്ര താരമായി പൃഥ്വിരാജ് മാറും. ബ്രിസ്ബെയ്ൻ റോർസ് എഫ്സി ചെയർമാനും സിഇഒയുമായ കാസ് പടാഫ്ത, മാഗ്‌നസ് സ്പോർട്സ് പ്രതിനിധി ബിനോയിറ്റ് ജോസഫ്, നുസിം ടെക്നോളജീസിലെ മുഹമ്മദ് റഫീഖ് എന്നിവരാണു തൃശൂർ റോർസ് ടീമിന്റെ പ്രമോട്ടർമാർ.
കേരള ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ, സെപ്റ്റംബറിൽ ആരംഭിക്കുമെന്നു പ്രഖ്യാപിച്ച പ്രഥമ സൂപ്പർ ലീഗ് കേരളയിൽ കൊച്ചി പൈപ്പേഴ്‌സ് എഫ്‌സി, കാലിക്കറ്റ് എഫ്‌സി, തൃശൂർ റോർസ് എഫ്‌സി, കണ്ണൂർ സ്ക്വാഡ് എഫ്‌സി, തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി, മലപ്പുറം എഫ്‌സി ടീമുകളാണ് മത്സരിക്കുക.
ഷാറൂഖ് ഖാൻ മുതൽ പ്രീതി സിന്റ വരെ ഐപിഎൽ ക്രിക്കറ്റ് ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലാണു ഷാറൂഖ് ഖാന് ഓഹരി പങ്കാളിത്തം. ജൂഹിയും ഭർത്താവ് ജയ് മേത്തയുമാണു സഹ ഉടമകൾ. പഞ്ചാബ് കിങ്സിന്റെ ഉടമയാണു പ്രീതി സിന്റ. ഐഎസ്എൽ ഫുട്ബോൾ ടീം ചെന്നൈയിൻ എഫ്സിയുടെ സഹ ഉടമയാണ് അഭിഷേക് ബച്ചൻ. പ്രൊ കബഡി ലീഗ് ടീം ജയ്പുർ പിങ്ക് പാന്തേഴ്സിലും അഭിഷേകിന് ഓഹരിപങ്കാളിത്തമുണ്ട്. ഐഎസ്എൽ ടീമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ സഹ ഉടമയാണു ജോൺ ഏബ്രഹാം. രൺബീർ കപൂർ മുംൈബ സിറ്റി എഫ്സിയുടെ ഉടമകളിലൊരാളാണ്.