നടന്‘മേള രഘു’ ഗുരുതരാവസ്ഥയിൽ; സഹായം പ്രതീക്ഷിച്ച് കുടുംബം
ചേര്‍ത്തല: മെഗാസ്റ്റാര്‍ മമ്മൂട്ടിയുമൊന്നിച്ച് സിനിമ ജീവിതത്തിന് തുടക്കമിട്ട ‘മേള രഘു’ ഗുരുതരാവസ്ഥയിലെന്നു റിപ്പോർട്ട് . സിനിമമേഖലയിലുള്ളവര്‍ സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം.ചേര്‍ത്തല നഗരസഭ 18ാം വാര്‍ഡില്‍ പുത്തന്‍ വെളി രഘുവാണ് (ശശിധരന്-60 ) മരണത്തോട് മല്ലടിക്കുന്നത്. ഏഴ് ദിവസമായി അബോധാവസ്ഥയിലാണ്. കഴിഞ്ഞ16ന് രഘു വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
തുടര്‍ന്ന് ചേര്‍ത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത ‘മേള’ എന്ന സിനിമയില്‍ തിളങ്ങിയ രഘു അഭിനയത്തിന്റെ നാല് പതിറ്റാണ്ട് പൂര്‍ത്തീകരിച്ച വേളയിലാണ് ദുരിതമെത്തിയത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രഘുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ ബന്ധുക്കള്‍ ചെലവഴിച്ചു. സാമ്പത്തികമായി തകര്‍ച്ച നേരിടുന്ന കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്.
എട്ട് മാസം മുമ്പ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തില്‍ മോഹന്‍ലാലുമൊത്ത് വേഷം ചെയ്ത് ശ്രദ്ധനേടിയിരുന്നു. രഘു 35ലധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. കെ.പി.എ.സി നാടക തമ്പിലും ഇടംപിടിച്ചു. ദൂരദര്ശന് നിര്‍മിച്ച സീരിയല്‍ ‘വേലുമാലു സര്‍ക്കസി’ല്‍ പ്രധാന വേഷം രഘുവിനെ തേടിയെത്തിയിരുന്നു. ‘അമ്മ സംഘടനയിൽ അംഗമായ രഘുവിന്റെ ചികിത്സാ സഹായത്തിനായി സംഘടനയെയോ താരങ്ങളെയോ അറിയിക്കണമെന്ന അഭ്യർത്ഥനയുമായി സോഷ്യൽ മീഡിയയിൽ സന്ദേശം പ്രചരിക്കുന്നുണ്ട്.