അന്ന് ആ പെണ്‍കുട്ടിയുടെ കൂടെ ഒരാളെ അയച്ചിരുന്നുവെങ്കിൽ ഈ ഗതി ഉണ്ടാകുമായിരുന്നില്ല…ദിലീപ് കുറ്റം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും നടൻ മധു
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച് നടന്‍ മധു. ദിലീപ് കുറ്റം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും അങ്ങനെ ആവരുതേയെന്ന് ആഗ്രഹിക്കുന്നതായും മധു പറഞ്ഞു.
ആക്രമണത്തിനിരയായ ആ രാത്രിയില്‍ ആ പെണ്‍കുട്ടിയുടെ കൂടെ ഒരാള്‍ കൂടെയുണ്ടായിരുന്നെങ്കില്‍ ഇന്ന് ടി.വിയില്‍ ഇങ്ങനെ വാര്‍ത്തകള്‍ കാണേണ്ട ഗതികേട് വരുമായിരുന്നോയെന്ന് മധു ചോദിച്ചു. പഴയ കാല നടിമാരായ അടൂര്‍ ഭവാനി, അടൂര്‍ പങ്കജം, പൊന്നമ്മ ചേച്ചി എന്നിവരാരും ഒറ്റക്ക് കാറില്‍ സഞ്ചരിച്ച് കണ്ടിട്ടില്ലെന്നും മധു ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു
മധുവിന്‍റെ വാക്കുകള്‍:
ദിലീപ് അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെ ആവരുതേയെന്ന് ആഗ്രഹിക്കുന്നു. ഇതിന്‍റെ പുറകില്‍ എന്തൊക്കെയോയുണ്ട്. ദിവസവും ടി.വി ഓണ്‍ ചെയ്താല്‍ മുക്കാല്‍ ഭാഗവും ഇത് തന്നെയാണ്. അത് കേട്ട് കേട്ട് മടുത്തു. ഇതിന് ഒരു അന്ത്യമില്ല. അപ്പോഴൊക്കെ ഞാനൊരൊറ്റ കാര്യമാണ് ആലോചിച്ചത്. ഞാനാരെയും കുറ്റപ്പെടുത്തുകയാണെന്ന് പറയുകയല്ല. നമ്മുടെ വീട്ടിലെ കാര്യമെടുക്കാം. വീട്ടിലെ കൊച്ചു കുട്ടികളെയോ, യുവതികളെയോ പ്രായമായവരെ ആയിക്കൊള്ളട്ടെ സന്ധ്യ കഴിഞ്ഞ് പരിചയമില്ലാത്ത ഒരാളുടെ കൂടെ കാറില്‍ ആരെങ്കിലും ഒരു പെണ്ണിനെ പറഞ്ഞ് അയക്കുമോ? ഇല്ലല്ലോ. നടി ആയിക്കോട്ടെ, ഐഎഎസുകാരി ആയിക്കോട്ടെ പൊലീസുകാരി ആയിക്കോട്ടെ ആരും ആയിക്കോട്ടെ. ആണുങ്ങള്‍ പോലും അങ്ങനെ പോകാറില്ല, വെള്ളം എടുത്ത് കൊടുക്കാന്‍ പോലും ഒരാളെ കൂടെ കൊണ്ടുപോകും.
അടൂര്‍ ഭവാനിയോ, അടൂര്‍ പങ്കജമോ, നമ്മുടെ പൊന്നമ്മയോ, പൊന്നമ്മ ചേച്ചിയോ ഒന്നും തന്നെ ഇങ്ങനെ ഒറ്റക്ക് കാറില്‍ സഞ്ചരിച്ച് ഞാന്‍ കണ്ടിട്ടില്ല. ഒന്നുകില്‍ കൂടെ മേക്ക് അപ്പ് ചെയ്യുന്നവരോ ഹെയര്‍ സ്റ്റൈലിസ്റ്റോ അല്ലെങ്കില്‍ മേക്കപ്പ് അസിസ്റ്റന്‍റോ, വീട്ടിലെ സ്വന്തത്തിലുള്ള ആരെങ്കിലുമോ ഉണ്ടാവും. അല്ലാതെ അവര്‍ രാത്രി ഒറ്റയ്ക്ക് ഇതുവരെ സഞ്ചരിച്ചതായി, പകല്‍ പോലും എനിക്ക് അറിയില്ല.
ഞാന്‍ ഇപ്പോഴും ആലോചിക്കാറുണ്ട്, ഈശ്വരാ ഈ കുട്ടി അന്ന് വണ്ടിയില്‍ കയറുമ്ബോള്‍ വീട്ടുകാര്‍ ഒറ്റയ്ക്ക് അയക്കാതെ ആരെയെങ്കിലും ഒരാളെ കൂടെ അയച്ചിരുന്നുവെങ്കില്‍ ടി.വിയില്‍ ഇങ്ങനെ കാണേണ്ട ഗതികേട് എനിക്ക് വരുമായിരുന്നോ എന്ന് ഞാന്‍ ആലോചിക്കും. അല്ലാതെ ഞാന്‍ ആരെയും കുറ്റപെടുത്തില്ല. കാരണം സത്യം എനിക്ക് അറിയില്ല.