KeralaNews

നമ്മുടെ ഇരുപതോളം എം.പിമാര്‍ എവിടെയൊക്കെ ഒളിച്ചിരിക്കുന്നുവെന്നറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്,പാത്രത്തില്‍ കൊട്ടാനും വെളിച്ചത്തെ അടിക്കാനും കേരളത്തില്‍ നിന്നും ഒരു കുട്ടിയെപ്പോലും ഇനി കിട്ടില്ല,പ്രവാസി വിഷയത്തില്‍ ആഞ്ഞടിച്ച് നടന്‍ ജോയ് മാത്യു

തിരുവനന്തപുരം: പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള തീരുമാനം കൈക്കൊള്ളാത്തതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അന്യരാജ്യങ്ങളില്‍ നിന്നും വരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കേരളം തയ്യാറായിക്കഴിഞ്ഞു.സര്‍ക്കാര്‍ സംവിധാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു എന്നറിയുന്നു .പക്ഷെ പ്രശ്നം യാത്രാ മാര്‍ഗ്ഗങ്ങളാണ് .ഒട്ടുമിക്ക വിദേശ രാജ്യങ്ങളിലും പറന്നുചെന്നു സൗഹൃദങ്ങള്‍ ഉണ്ടാക്കിയെടുത്ത പ്രധാനമന്ത്രി വിചാരിച്ചാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിമാനത്താവളങ്ങള്‍ തുറന്നു തരില്ലേയെന്ന് ജോയ് മാത്യു ചോദിക്കുന്നു. പ്രവാസികളുടെ തിരിച്ചു വരവിനു വേണ്ടി താങ്കളുടെ ഗവണ്‍മെന്റ് ഒന്നും ചെയ്യുന്നില്ലെങ്കില്‍ പാത്രത്തില്‍ കൊട്ടാനും വെളിച്ചത്തെ അടിക്കാനും കേരളത്തില്‍ നിന്നും ഒരു കുട്ടിയെപ്പോലും ഇനി കിട്ടില്ല എന്ന് ഓര്‍മ്മപ്പെടുത്തട്ടെയെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

പ്രധാനമന്ത്രിയോട്

പ്രവാസികളുടെ കാര്യം തന്നെയാണ് പറയുന്നത്
ഒരു രാജ്യത്ത് യുദ്ധമുണ്ടാവുമ്പോഴോ ദാരിദ്ര്യമുണ്ടാവുമ്പോഴോ ആണല്ലോ മനുഷ്യര്‍ മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യുക. നമ്മുടെ രാജ്യത്ത് യുദ്ധക്കെടുതികാരണമല്ല ജനങ്ങള്‍ മറ്റുരാജ്യങ്ങളിലേക്ക് തൊഴിലന്വേഷിച്ചു പോയത്.ദാരിദ്ര്യം കൊണ്ടാണ് സാര്‍. മെച്ചപ്പെട്ട ജീവിത സൗകര്യം തേടിയാണ്.അതിന്റെ ഫലം മുഴുവന്‍ ഈ രാജ്യത്തിലെ ജനങ്ങള്‍ പലരീതികളിലായി അനുഭവിക്കുന്നുമുണ്ട് .സ്വന്തം രാജ്യം വേണ്ട എന്ന് തീരുമാനിച്ചു മറ്റു രാജ്യങ്ങളില്‍ പൗരത്വം എടുത്തവരുടെ കാര്യം നമുക്ക് വിടാം. എന്നാല്‍ ഈ കൊറോണ മഹാമാരിയുടെ കാലത്ത് ജന്മനാട്ടിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവരെ നാം എങ്ങിനെയാണ് രക്ഷിക്കുക ?

അന്യരാജ്യങ്ങളില്‍ നിന്നും വരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കേരളം തയ്യാറായിക്കഴിഞ്ഞു.സര്‍ക്കാര്‍ സംവിധാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു എന്നറിയുന്നു .പക്ഷെ പ്രശ്നം യാത്രാ മാര്‍ഗ്ഗങ്ങളാണ് .ഒട്ടുമിക്ക വിദേശ രാജ്യങ്ങളിലും പറന്നുചെന്നു സൗഹൃദങ്ങള്‍ ഉണ്ടാക്കിയെടുത്ത അങ്ങ് വിചാരിച്ചാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിമാനത്താവളങ്ങള്‍ തുറന്നു തരില്ലേ ?നമ്മുടെ രാജ്യത്തിന്റേതന്നെ വിമാന സര്‍വ്വീസുകള്‍ ഈ ആവശ്യത്തിനുവേണ്ടി വിമാനകമ്പനികള്‍ വിട്ടു തരില്ലേ ?

ഇനി അതുമല്ലെങ്കില്‍ കപ്പല്‍ മാര്‍ഗ്ഗം പ്രവാസികളെ കൊണ്ടുവരുന്നതിനു അങ്ങ് ശ്രമിക്കാത്തത് എന്ത്?
ലോകത്തിലെ അഞ്ചാമത്തെ വലിയ സൈനിക ശക്തിയാണ് നമ്മള്‍.
ഇഷ്ടം പോലെ കപ്പലുകളും വിമാനങ്ങളും ഒക്കെ സ്വന്തമായിട്ടുള്ള സൈന്യം. തല്ക്കാലം യുദ്ധങ്ങളൊന്നും സംഭവിക്കാന്‍ സാധ്യതയില്ലാത്ത സ്ഥിതിക്ക് ഈ കപ്പലുകളിലും മറ്റും പ്രവാസികളെ കയറ്റി കൊണ്ടുവന്നാല്‍ അതായിരിക്കും യുദ്ധത്തിലൂടെ ആയിരങ്ങളെ കൊന്നൊടുക്കുന്നതിനു പകരം മനുഷ്യരെ ജീവിതത്തിലേക്ക് കൊണ്ടുവന്നു എന്ന ചരിത്രം പറയുവാന്‍ പോകുന്ന യുദ്ധവിജയം.
അങ്ങയുടെ പാര്‍ട്ടിയില്‍പ്പെട്ട നമ്മുടെ കേരളത്തില്‍ നിന്നുതന്നെ ഒരു കേന്ദ്രമന്ത്രിയും രണ്ടു എം പി മാരും ഒരു മിസാറോം ഗവര്‍ണറും പിന്നെ പരശ്ശതം നേതാക്കന്മാരുമുണ്ട് .എന്നിട്ടുമെന്തേ ഇവര്‍ ഇക്കാര്യം പറയാനെങ്കിലും മാസ്‌ക് അഴിക്കാത്തത് ?

ഇനി മുഖ്യമന്ത്രിയോടാണ് :
നമ്മുടെ ഇരുപതോളം ജനപ്രതിനിധികള്‍ എന്തുചെയ്യുന്നു എവിടെയൊക്കെ ഒളിച്ചിരിക്കുന്നു എന്നറിയാനും പ്രവാസികളുടെ കാര്യത്തില്‍ അവര്‍ എന്ത് ചെയ്യുന്നു എന്നറിയാനും പ്രവാസികളെ സ്നേഹിക്കുന്നവര്‍ക്ക് താല്‍പ്പര്യമുണ്ട് , ബഹുമാന്യനായ അങ്ങയുടെ അടുത്ത ദിവസത്തെ വാര്‍ത്താവതരണത്തിലെങ്കിലും ഇക്കാര്യം ജനങ്ങളെ അറിയിക്കുമെന്ന് കരുതട്ടെ . പ്രതിപക്ഷമാണ് ഉത്തരം പറയേണ്ടത് എന്നാണെങ്കില്‍ ക്യാബിനറ്റ് പദവികളോടെ സംസ്ഥാനത്തെ ഖജനാവില്‍ നിന്നും ശബളം കൊടുത്ത് ദില്ലിയിലേക്ക് പറഞ്ഞയച്ച സമ്പത്ത് സാര്‍ അവിടെ എന്ത് ചെയ്യുന്നു എന്നെങ്കിലും പറഞ്ഞാല്‍ നന്നായിരുന്നു.

പ്രതിപക്ഷ നേതാവിനോട് :
എം പി മാര്‍ അധികവും പ്രതിപക്ഷകക്ഷികളാണ് എന്ന് പറഞ്ഞു മുഖ്യമന്ത്രി പന്ത് നിങ്ങളുടെ കോര്‍ട്ടിലേക്കാണ് ഇടുന്നതെങ്കില്‍ പ്രതിപക്ഷ നേതാവ് തങ്ങളുടെ എം പി മാര്‍ പ്രവാസികള്‍ക്ക് വേണ്ടി എന്ത് ചെയ്യുന്നു എന്ന് വ്യക്തമാക്കണം.അവര്‍ ഓരോരുത്തരും ഇതുവരെ എന്തുചെയ്തു എന്ന്
പറയാനുള്ള ബാധ്യത അങ്ങേക്കുണ്ട്.

അവസാനമായി പ്രധാനമന്ത്രിയോടുതന്നെ :
ഞങ്ങളെ ഇക്കാണുന്ന സുഖസൗകര്യങ്ങളിലേക്കെത്തിക്കാന്‍ വിയര്‍പ്പൊഴുക്കിയ പ്രവാസികളുടെ തിരിച്ചു വരവിനു വേണ്ടി താങ്കളുടെ ഗവര്‍മെന്റ് ഒന്നും ചെയ്യുന്നില്ലെങ്കില്‍ പാത്രത്തില്‍ കൊട്ടാനും വെളിച്ചത്തെ അടിക്കാനും കേരളത്തില്‍ നിന്നും ഒരു കുട്ടിയെപ്പോലും ഇനി കിട്ടില്ല എന്ന് ഓര്‍മ്മപ്പെടുത്തട്ടെ..
പ്രവാസികള്‍ക്കൊപ്പം എന്നും എപ്പോഴും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker