തിരുവനന്തപുരം: സിനിമ – സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുറിയിൽ ഫോറൻസിക് സംഘം വിശദമായി പരിശോധന നടത്തിയിരുന്നു. ദിലീപ് ശങ്കറിന്റെ മരണത്തിൽ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികത കാണുന്നില്ലെന്ന് പോലീസ് പറഞ്ഞതായാണ് വിവരം.
കരൾ രോഗത്തിനുള്ള മരുന്ന് മുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇന്ന് ആണ് ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കം ഉണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
നാല് ദിവസം മുൻപാണ് ദിലീപ് ഹോട്ടലിൽ മുറിയെടുത്തിരുന്നത്. എന്നാൽ മുറിവിട്ട് ദിലീപ് പുറത്തുപോയിരുന്നില്ല. മുറിക്കകത്ത് നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് ജീവനക്കാർ മുറി തുറന്ന് നോക്കിയത്. അപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദിലീപ് ശങ്കറിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹം അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ സംവിധായകൻ മനോജ് പറഞ്ഞു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ദിലീപ് ശങ്കർ ചികിത്സ തേടിയിരുന്നതായും മനോജ് പറഞ്ഞിരുന്നു.
ദിലീപ് ശങ്കറിനെ കാണാത്തത് കാരണം പ്രൊഡക്ഷൻ മാനേജർ ഫോണിൽ വിളിച്ചിരുന്നുവെന്നും അദ്ദേഹം ഫോൺ എടുക്കാത്തിനാൽ പ്രൊഡക്ഷൻ ടീമിലെ ആളുകൾ ഹോട്ടലിൽ നേരിട്ട് എത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ജീവനക്കാർ മുറി തുറന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ ദിലീപ് ശങ്കറിനെ കണ്ടെത്തിയത് മരണത്തിൽ ദുരൂഹത ഉള്ളതായി തോന്നുന്നില്ലെന്നും മനോജ് പറഞ്ഞിരുന്നു. ഷൂട്ടിംഗിനായി നാല് ദിവസം മുൻപാണ് ദിലീപ് ശങ്കർ തിരുവനന്തപുരത്ത് എത്തിയത്. രണ്ട് ദിവസം ഷൂട്ടിംഗിനായി എത്തിയിരുന്നു. രണ്ട് ദിവസം ഷൂട്ടിംഗ് ഇല്ലായിരുന്നു, അതിനാൽ ദിലീപ് ഹോട്ടൽ മുറിയിൽ താമസിക്കുകയായിരുന്നു.