നടിയെ ആക്രമിച്ച കേസ് ;തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്നാവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് അന്വേഷണ സംഘത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്നാവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പ്രോസിക്യൂഷൻ ആവശ്യത്തെ എതിർത്ത ദിലീപ്, വ്യാജ തെളിവുണ്ടാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതൽ സമയം കൂടുതൽ ചോദിക്കുന്നതെന്നാണ് കോടതിയെ അറിയിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യങ്ങളെ എതിര്‍ത്ത ദിലീപ്, പൾസർ സുനി എഴുതിയെന്ന് പറയുന്ന കത്തിനെ പറ്റി അന്വേഷിക്കണമെന്ന ആവശ്യവും അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാടെടുത്തു. ഭാര്യ കാവ്യ,സഹോദരൻ അനുപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യാനുള്ള നടപടി അന്വേഷണ സംഘം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അതിനാൽ ഇക്കാര്യം പറഞ്ഞ് തുടരന്വേഷണത്തിന് 3 മാസം സമയം ആവശ്യപ്പെടുന്നത് അനാവശ്യമാണെന്നും ദീലീപ് കോടതിയെ അറിയിച്ചു.
അതേ സമയം, കേസിൽ ദിലീപിന്‍റെ സഹോദരനയേും സഹോദരി ഭർത്താവിനെയും ഇന്ന് പൊലീസ് ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബിൽ വച്ചാകും ചോദ്യം ചെയ്യൽ. കഴിഞ്ഞ ബുധനാഴ്ച ഇവർക്ക് നോട്ടീസ് നൽകിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. തുടർന്നാണ് 19 ാം തിയതി രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയത്. സംവിധായകൻ ബാലചന്ദ്രകുമാർ അനൂപിന്‍റെയും, സുരാജിന്‍റെയുമായി പുറത്ത് വിട്ട ഓഡിയോ റെക്കോർഡിലെ വിവരങ്ങൾ അറിയാനും, ദിലീപിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച കാര്യങ്ങളിലെ വ്യക്തതയ്ക്കുമാണ് ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച കേസിൽ ആദ്യമായിട്ടാണ് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഇവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.