KeralaNews

‘അരിയാഹാരം കഴിക്കുന്നവർക്ക് കാര്യങ്ങളൊക്കെ മനസിലായി കഴിഞ്ഞു, ഇനി നിക്കണോ പോണോ’; ബാലചന്ദ്ര മേനോൻ

തിരുവനന്തപുരം: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിക്കൊണ്ട് എഴുത്തുകാരൻ എംടി വാസുദേവൻ നായർ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ. എംടിയുടെ പരാർശം ഒരിക്കലും നാക്കുപിഴയായി കരുതാൻ സാധിക്കില്ലെന്നും അരിയാഹാരം കഴിക്കുന്നവർക്ക് കാര്യങ്ങളൊക്കെ വേണ്ട രീതിയിൽ മനസ്സിലായിക്കഴിഞ്ഞുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ

‘ഞാൻ ജീവിച്ചിരിപ്പുണ്ടെന്നും എനിക്ക് സ്ഥിര ബുദ്ധി ഉണ്ടെന്നും എന്നെ ബോധ്യപ്പെടുത്താൻ മാത്രമാണ് ഈ കുറിപ്പ്. ഇത്രയും കാലത്തെ സിനിമാ ജീവിതത്തിൽ ഞാൻ പഠിച്ചത് ഉള്ളിൽ തോന്നുന്നത് അതുപോലെ കേൾവിക്കാരിൽ പകരുന്ന രീതിയാണ് . ആ ബലത്തിൽ ഞാൻ തുടങ്ങാം.

‘കുരുടന്മാർ ആനയെ കണ്ടത് പോലെ’ എന്നൊരു പ്രയോഗമുണ്ടല്ലോ . അതുപോലെ ഒരു ആശയക്കുഴപ്പം ആവശ്യമില്ലാതെ സംജാതമായിരിക്കുന്നു . പരിണത പ്രജ്ഞനായ ശ്രീ എം .ടി. വാസുദേവൻ നായർ കോഴിക്കോട്ടെ ഒരു സാംസ്ക്കാരിക വേദിയിൽ വെച്ച് അമിതാധികാരത്തിന്റെ കേന്ദ്രീകരണത്തെപ്പറ്റി അദ്ദേഹത്തിന്റെ സമഗ്രമായ ഒരു കാഴ്ചപ്പാട് വെളിവാക്കുകയുണ്ടായി.

അമിതാധികാരത്തെപ്പറ്റി പറഞ്ഞ വേദിയിൽ മുഖ്യമന്ത്രി ശ്രീ പിണറായീ വിജയൻ ഉണ്ടായത് ആകസ്മികമെന്നു പറയുക വയ്യ . മുന്നിലിരുന്ന സദസ്സിനെ കണ്ട് ഹാലിളകിയല്ല എം ടി സംസാരിച്ചത് മറിച്ചു , പറയാനുള്ളത് മുൻകൂട്ടി തയ്യാറാക്കി കുറിച്ച് കൊണ്ടുവന്നു വായിക്കുകയായിരുന്നു . അതുകൊണ്ടു തന്നെ ‘നാവു പിഴ ‘ എന്ന് പറയുക വയ്യ . എം ടി പറഞ്ഞ കാര്യങ്ങൾ ഇന്നിത് വരെ നാം കേൾക്കാത്ത പുതുസിദ്ധാന്തമൊന്നുമല്ല . “POWER. CORRUPTS ; ABSOLUTE POWER CORRUPTS ABSOLUTELY ” എന്ന് കുട്ടിക്കാലം മുതലേ നാം കേട്ട് ശീലിച്ച കാര്യം തന്നെ .

പറഞ്ഞതല്ല ഇവിടുത്തെ പ്രശ്നം . ആരെ പറ്റി പറഞ്ഞു എന്ന വ്യഖ്യാനം വന്നതോടെ ‘ആടിനെ പട്ടിയാക്കുന്ന’ കളി തുടങ്ങി . പിണറായിയെ പറ്റി എന്നും മോദിയെപറ്റിയെന്നുമൊക്കെ വാദ പ്രതിവാദങ്ങൾ കൊഴുക്കുന്നു .എം ടി പറഞ്ഞതിനെ വ്യഖ്യാനിക്കാൻ ഒരു കൂട്ടർ വേറെയും . ഇത് തുടരുന്നത് അഭിലഷണീയമല്ല . ഇപ്പോൾ തന്നെ ഈ വിവാദത്തിൽ കോഴിക്കോട്ടു ഇതിനു കാരണമായ പുസ്തക പ്രകാശനത്തെയും ആ ചടങ്ങിൽ പങ്കെടുത്ത മറ്റു വിശിഷ്ട വ്യകതികളെയും എല്ലാവരും മറന്നുകഴിഞ്ഞു . ഈ വിവാദം അവസാനിക്കാൻ ഒരു വഴിയേ ഉള്ളു. ഒന്നുകിൽ എം ടി, അല്ലെങ്കിൽ മുഖ്യമന്ത്രി നയം വ്യക്തമാക്കണം.
നട്ടെല്ലുള്ള ഒരു പത്രപ്രവർത്തകൻ രംഗത്തിറങ്ങിയാൽ കുട്ടി ആണോ പെണ്ണോ എന്നറിയാം.

അതിനു ഒരു തീരുമാനമുണ്ടായില്ലെങ്കിൽ ടീവിയുടെ മുന്നിലിരിക്കുന്ന സാധാരണക്കാരന് ഭ്രാന്ത് പിടിക്കും .രാഷ്രീയക്കാരുടെ ഭാഷയിൽ പറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന ഞങ്ങൾക്കു കാര്യങ്ങളൊക്കെ വേണ്ട രീതിയിൽ മനസ്സിലായിക്കഴിഞ്ഞു.പിന്നെ നിങ്ങൾ എന്തിനാ ഈ പെടാപാട് പെടുന്നത് ?


ഒരു നിമിഷം ഒന്ന് ശ്രദ്ധിക്കൂ നമുക്ക് ചുറ്റുമുള്ളവർ ഉശിരോടെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കുന്നത് ശ്രദ്ധിച്ചോ ? അവർ പല പ്രായത്തിലുള്ളവർ.പല മതത്തിൽ പെട്ടവർ അവരുടെയെല്ലാം വായിൽ നിന്നുതിരുന്നത് ഒറ്റ മുദ്രാവാക്യമാണ് ,
ശ്രദ്ധിക്കൂ “പള്ളിയിലെ മണി മോട്ടിച്ചത് ഞാനല്ലാ ….” അപ്പോൾ , ഇനി നിക്കണോ പോണോ ? that’s ALL your honour !

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker