KeralaNews

53 കൊല്ലം ഉമ്മൻ ചാണ്ടി ചെയ്തതൊക്കെ തന്നെ ഇനി ഇവിടെ മതി….പഞ്ച് ഡയലോഗുകള്‍,കുറിയ്ക്ക്‌കൊള്ളുന്ന മറുപടി,പുതുപ്പള്ളിയില്‍ താരമായി അച്ചു ഉമ്മന്‍,ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തെ സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടിയുടെ മകളോ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു കഴിഞ്ഞു, ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയിച്ചു. അതിവേഗം തന്നെ ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ യുഡിഎഫ് ക്യാമ്പിൽ കാര്യങ്ങളെല്ലാം അതിവേഗത്തിലായിരുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ അടക്കം യാതൊരു തടസ്സങ്ങളും ഉണ്ടായില്ല. തുടക്കത്തിൽ ഉമ്മൻ ചാണ്ടി കുടുംബത്തിൽ നിന്നും സ്ഥാനാർത്ഥിയെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.

പിന്നാലെ മാധ്യമ ചർച്ചകളിലെ പോരുകാരിയായി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ പേരും എത്തി. എന്നാൽ, അവിടം മുതൽ തുടങ്ങി വോട്ടെണ്ണൽ അവസാനിപ്പിക്കും വരം കൃത്യമായ രാഷ്ട്രീയ പ്രതികരണങ്ങളോടെ അച്ചു കളംപിടിക്കുന്ന കാഴ്‌ച്ചയാണ് കേരളക്കര കണ്ടത്. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയം തന്നിലും അവശേഷിക്കുന്നുണ്ടെന്ന വിധത്തിലായിരുന്നു ഓരോഘട്ടങ്ങളിലും അവരുടെ പ്രതികരണങ്ങൾ.

സ്ഥാനാർത്ഥി ചർച്ചകളിൽ തന്റെ പേര് ഉയർന്നപ്പോൾ തന്നെ വീട്ടിലെ രാഷ്ട്രീയക്കാരൻ ചാണ്ടിയാണെന്നും താൻ കുടുംബിനിയായി കഴിയാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും പറഞ്ഞാണ് ഭിന്നതകൾക്കുള്ള വഴി അവർ അടച്ചത്. ഇതോടെ ചാണ്ടി തന്നെ സ്ഥാനാർത്ഥിയായി. തുടർന്ന്, തെരഞ്ഞെടുപ്പു പ്രചരണ രംഗത്തും സഹോദരനൊപ്പം അവർ സജീവമായി. ഉമ്മൻ ചാണ്ടിയുടെ തറവാടു വീട്ടിൽ കഴിഞ്ഞ് അപ്പയുടെ ഓർമ്മകളാണ് തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്ന് അവർ പറഞ്ഞത്. തുടർന്ന ഓരോ ഘട്ടത്തിലും അവർ കുറിക്കു കൊള്ളന്ന മറുപടിയുമായി രംഗത്തുവരികയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് നേരെ മാസപ്പടി ആരോപണം ഉയർന്നതോടെ അച്ചുവിനെതിരെ നുണപ്രചരണവുമായി സൈബർ സഖാക്കളും രംഗത്തുവന്നിരുന്നു. ഉമ്മൻ ചാണ്ടിയുടെ മകൾക്ക് ആർഭാഢത്തോടെ കഴിയാൻ പണം എവിടെ നിന്ന് എന്നു ചോദിച്ചു കൊണ്ടുള്ള പ്രചരണങ്ങളാണ് നടന്നത്. ഇതിനായി അച്ചു തന്നെ കണ്ടന്റ് പ്രമോഷന്റെ ഭാഗമായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്ത ചിത്രങ്ങൾ ഉയർത്തി കൊണ്ടാണ് പ്രചരണം നടന്നതും. ഈ നുണപ്രചരണം പൊളിച്ചു കൊണ്ട് അച്ചു മാധ്യമങ്ങൾക്ക് മുന്നിലെത്തി. കുറിക്കു കൊള്ളുന്ന മറുപടിയും നൽകി.

തന്റെ ഭർത്താവിന്റെ സാമ്പത്തിക സ്ഥിതി അടക്കം വിശദീകരിച്ചു കൊണ്ടായിരുന്നു അച്ചു ചോദ്യങ്ങളെ അനായാസം നേരിട്ടത്. തന്റെ പിതാവിനെ വേട്ടയാടിയതു പോലെ തന്നെയും വേട്ടയാടുന്നുവെന്നാണ് അച്ചു പറഞ്ഞത്. ഇത് കൂടാതെ സൈബർ ആക്രമണത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാൻ അച്ചു ഉമ്മൻ തീരുമാനിച്ചു. പൊലീസിന് മൊഴിയും നൽകിയതോടെ സർക്കാർ വെട്ടിലാകുന്ന അവസ്ഥയാണ ഉണ്ടായത്.

സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെയാണ് പരാതി നൽകി. ജീവിച്ചിരിക്കുമ്പോൾ അച്ഛനെ വേട്ടയാടി, ഇപ്പോൾ മക്കളെ വേട്ടയാടുന്നു എന്ന് അച്ചു ഉമ്മൻ മുമ്പ് പ്രതികരിച്ചിരുന്നു. മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ല. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ. സൈബർ ആക്രമണം അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അവർ പറഞ്ഞു. ഇതെല്ലാം സിപിഎമ്മിനെ വെട്ടിലാക്കുന്ന വിധത്തിലുള്ള പ്രതികരണങ്ങളായിരുന്നു.

ഇതിന് പിന്നാലെ പോളിങ് ബൂത്തിലേക്ക് നീങ്ങുന്നതിനു് മുമ്പ് കൊട്ടിക്കലാശത്തിലും അച്ചു പങ്കാളിയായിരുന്നു. കലാശക്കൊട്ടിൽ അച്ചുവും പങ്കെടുത്തതോടെ കോൺഗ്രസ് പ്രവർത്തകരും ആ സാന്നിധ്യത്തെ ആവേശത്തോടെ സ്വീകരിച്ചു. തനിക്ക് കിട്ടിയ ഈ സ്വീകാര്യതയെ കുറിച്ചു പറഞ്ഞപ്പോഴും അച്ചു തികഞ്ഞ മാന്യത പുലർത്തി. കലാശക്കൊട്ടിന്റെ പ്രചരണ പരിപാടിക്ക് എത്തിയപ്പോൾ ലഭിച്ച ആവേശം അച്ചു ഉമ്മന് കിട്ടിയതല്ല, അത് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് ലഭിച്ചതാണെന്നും അച്ചു വ്യക്താമാക്കി തികഞ്ഞ രാഷ്ട്രീയ മറുപടിയായിരുന്നു അച്ചുവിന്റേത്.

മറ്റ് വ്യാഖ്യാനങ്ങൾക്കൊന്നും ഇട നൽകാത്ത വിധത്തിൽ മാധ്യമപ്രവർത്തകരുടെ കുരുക്കുന്ന ചോദ്യങ്ങൾക്ക് മുന്നിലും അണുവിട തെറ്റാത്ത വാക്കുകളമായാണ് അച്ചു രംഗത്തുവന്നത്. തന്റെ സഹോദരനായ ചാണ്ടി റെക്കോർഡ് ഭൂരിപക്ഷത്തിൽ ചാണ്ടി വിജയിക്കുമെന്നും അത് അപ്പയ്ക്ക് കിട്ടിയ ഭൂരിപക്ഷത്തെ മറികടക്കുന്നതാകുമെന്നുമാണ് അച്ചു പോളിഗ് ദിനത്തിന്റെ തലേന്ന് മാധ്യമങ്ങളോട് പറഞ്ഞത്. പുതുപ്പള്ളിയെ സ്നേഹിച്ച ഉമ്മൻ ചാണ്ടിക്ക് നൽകുന്ന ഏറ്റവും വലിയ യാത്രയപ്പ് നാളെയാണ്.

അത് ഉമ്മൻ ചാണ്ടി മരിച്ചുവെന്ന സിംപതിയല്ല, ഈ 53 കൊല്ലം അദ്ദേഹം എന്തുചെയ്തുവെന്ന് പുതുപ്പള്ളിക്കാർക്ക് അറിയാം. എല്ലാ ഘടകങ്ങളും യുഡിഎഫിന് അനുകൂലമാണ്. അതുകൊണ്ടാണ് വ്യക്തിപരമായ ആക്രമണങ്ങളിലേക്ക് സിപിഎം കടന്നത്. അതുകൊണ്ടൊന്നും സിപിഎമ്മിന് മേൽക്കൈ ഉണ്ടായിട്ടില്ലെന്നും അച്ചു വ്യക്തമാക്കി. തെരഞ്ഞെടുപ്പു കഴിഞ്ഞാൽ കേരളത്തിൽ സജീവമായി ഉണ്ടാകുമോ എന്ന ചോദ്യത്തിനും അച്ചു മറുപടി നൽകി. നേരത്തെ ഇക്കാര്യം വ്യക്തമാക്കിയാണ്. വോട്ടു ചെയ്യണം, അതിന്റെ റിസൽട്ട് അറിയണം, അതുകഴിഞ്ഞാൽ താൻ മടങ്ങുമെന്നും അവർ വ്യക്തമാക്കിയിരുന്നു.

ഒടുവിൽ ചാണ്ടി ഉമ്മൻ വിജയിച്ചപ്പോൾ അച്ചു നടത്തിയ പ്രതികരണവും ശ്രദ്ധിക്കപ്പെട്ടു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്ക് മുഖത്തേറ്റ പ്രഹരമാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ വൻ വിജയമെന്നായിരുന്നു അച്ചുവിന്റെ പ്രതികരണം. ഉമ്മൻ ചാണ്ടി പിന്നിൽ നിന്ന് നയിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. അദ്ദേഹത്തിന് നൽകിയ യാത്രാമൊഴിയേക്കാൾ വലിയ ബഹുമതിയാണ് പുതുപ്പള്ളി ഇന്ന് ഉമ്മൻ ചാണ്ടിക്ക് നൽകിയിരിക്കുന്നത്. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ മൃഗീയമായി വേട്ടയാടി. മരിച്ചതിനുശേഷവും അതിക്രൂരമായി അദ്ദേഹത്തെ വേട്ടയാടി. ആ വേട്ടയാടിയവർക്ക് മുഖത്തുള്ള പ്രഹരമാണ് ഈ വിജയം -അച്ചു ഉമ്മൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ ഇടിമുഴക്കാണ് ഈ കേട്ടുകൊണ്ടിരിക്കുന്നത്. 53 കൊല്ലം ഉമ്മൻ ചാണ്ടി ഇവിടെ എന്തുചെയ്തു എന്ന ചോദ്യത്തിന് പുതുപ്പള്ളി ഇന്ന് മറുപടി നൽകി, 53 കൊല്ലം ഉമ്മൻ ചാണ്ടി ചെയ്തതൊക്കെ തന്നെ ഇനി ഇവിടെ മതി -അവർ പറഞ്ഞു. ഉമ്മൻ ചാണ്ടി ഉള്ളംകൈയിൽ വെച്ച് നോക്കിയ ഈ പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈയിൽ ഭദ്രമാണ്. ഈ സമാനതകളില്ലാത്ത ഈ വലിയ വിജയം സമ്മാനിച്ച ഓരോ വ്യക്തിയോടും നന്ദി പറയുകയാണെന്നും അച്ചു ഉമ്മൻ പറഞ്ഞു.

കഴിഞ്ഞ ഒരുമാസത്തിലേറെയായി തികഞ്ഞ രാഷ്ട്രീയ പ്രതികരണങ്ങളുമായി രംഗത്തുണ്ടായിരുന്ന അച്ചു ഉമ്മനെ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമാക്കണമെന്ന ആഗ്രഹം ചില നേതാക്കൾക്കുണ്ട് താനും. ലോക്‌സഭയിൽ അച്ചുവിനെ സ്ഥാനാർത്ഥിയാക്കിയാൽ അനായാസം കോട്ടയം പിടിക്കാമെന്ന വികാരവും ചിലർക്കുണ്ട്. എന്നാൽ, അതിന് സാധിക്കണമെങ്കിൽ അച്ചു ഉമ്മൻ തന്നെ സമ്മതം അറിയിക്കണം. സഹോദരൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചതു കൊണ്ട് താനില്ലെന്ന നിലപാടിലാണ് അവർ. എന്തായാലും അച്ചുവിന്റെ കാര്യത്തിലെ സസ്‌പെൻസുകൾ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ തുടരാനാണ് സാധ്യത. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker