ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെയും വെടിവെച്ചു കൊന്നു
ഹൈദരാബാദ് : ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് പൊലീസ്. ഹൈദരാബാദിൽ ഇന്നു പുലർച്ചയാണ് സംഭവം.
അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കി.
മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ മാസം 28നാണ് സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരിയെ ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകിട്ടു ജോലികഴിഞ്ഞു മടങ്ങുമ്പോഴാണ് സംഭവം.
ഷംഷാബാദിലെ ടോള്‍ പ്ലാസയില്‍നിന്ന് 100 മീറ്റര്‍ അകലെ വൈകിട്ട് ആറോടെ സ്‌കൂട്ടര്‍ നിര്‍ത്തിയ ഇവര്‍ ഗച്ചിബൗളിയിലേക്കു പോയി. ഈ സമയം പ്രതികള്‍ സമീപത്തുണ്ടായിരുന്നു. നാലു പേരും ഇവിടെയിരുന്നു മദ്യപിക്കുകയായിരുന്നു. യുവതിയെ കണ്ടതോടെ മാനഭംഗപ്പെടുത്താന്‍ ഇവര്‍ പദ്ധതിയിട്ടു. പ്രതികളിലൊരാളായ ജോളു ശിവ യുവതിയുടെ സ്‌കൂട്ടറിന്റെത ടയറുകള്‍ പഞ്ചറാക്കി.
യുവതി തിരിച്ചുവന്നപ്പോള്‍ സഹായം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ജോളു ശിവ സ്‌കൂട്ടര്‍ നന്നാക്കാനായി തള്ളിക്കൊണ്ടുപോയി. ഇതിനിടെ, സംശയം തോന്നിയ യുവതി തന്റെ ഇളയ സഹോദരിയെ വിളിച്ചു. തന്റെി സ്‌കൂട്ടര്‍ പഞ്ചറായെന്നും സഹായിക്കാനെത്തിയവരെ സംശയമുണ്ടെന്നും അറിയിച്ചു. സ്ഥലത്തുനിന്നു വേഗം പോരാന്‍ നിര്‍ദേശിച്ച സഹോദരി പിന്നീടു തിരികെ ഫോണ്‍ വിളിച്ചപ്പോള്‍ ഓഫായിരുന്നു.
ഫോണ്‍ വിളിച്ചതിനു പിന്നാലെ മറ്റുമൂന്നുപേരും ചേര്‍ന്നു യുവതിയെ ബലമായി പിടിച്ച് അടുത്ത വളപ്പില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സ്‌കൂട്ടറുമായി തിരിച്ചെത്തിയ ജോളു ശിവയും യുവതിയെ ഉപദ്രവിച്ചു.
കുറച്ച് സമയത്തിന് ശേഷം ബോധം തിരിച്ചുകിട്ടിയ യുവതി നിലവിളിക്കാൻ തുടങ്ങി. തുടർന്ന് യുവതിയെ കൊല്ലാൻ പ്രതികൾ തീരുമാനിക്കുകയായിരുന്നു. വായും മൂക്കും പൊത്തി അരീഫാണ് യുവതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഈ സമയം നവീൻ യുവതിയുടെ ഫോണും വാച്ചും പവർബാങ്കും കൈക്കലാക്കി. മരിച്ചെന്ന് ഉറപ്പുവരുത്തിയതിന് ശേഷം പ്രതികൾ യുവതിയുടെ മൃതദേഹം ട്രക്കിൽ കയറ്റി സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. യുവതിയുടെ സ്കൂട്ടറിൽ പോയാണ് ശിവയും നവീനും അടുത്തുള്ള പമ്പിൽ നിന്നും പെട്രോൾ വാങ്ങിയത്. ഇതിന് ശേഷം ചന്തൻപള്ളിയിലെ കലുങ്കിന് താഴെവെച്ച് പ്രതികൾ യുവതിയുടെ മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.
തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്നാണ് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു.