KeralaNews

അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ആക്രമിച്ചു; എസ്.ഐ.യുടെ തോക്കിൽനിന്ന്‌ വെടിപൊട്ടി പ്രതിക്കും പരിക്ക്

പത്തനാപുരം (കൊല്ലം) :പിടികൂടാൻ ശ്രമിച്ച പോലീസുകാരെ മോഷണക്കേസ് പ്രതി ആക്രമിച്ചു. രണ്ട് എസ്.ഐ.മാർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. പിടിവലിക്കിടെ എസ്.ഐ.യുടെ സർവീസ് റിവോൾവറിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് പ്രതിക്കും പരിക്കേറ്റു.

പുനലൂർ പ്ലാച്ചേരി ചരുവിളപുത്തൻവീട്ടിൽ മുകേഷിന്റെ (28) മുഖത്താണ്‌ വെടിയേറ്റത്. പത്തനാപുരം സ്റ്റേഷനിലെ എസ്.ഐ.മാരായ ജെ.പി.അരുൺകുമാർ, സാബു പി.ലൂക്കോസ്, സിവിൽ പോലീസ് ഓഫീസർമാരായ ടി.വിഷ്ണു, വി.എസ്‌.വിനീത് എന്നിവർക്കാണ് പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇവർ പുനലൂർ താലൂക്ക്‌ ആശുപത്രിയിൽ ചികിത്സയിലാണ്.

പോലീസ് പറയുന്നത്: പത്തനാപുരം പുന്നല ചാച്ചിപ്പുന്ന ഇഞ്ചൂർ കോളനിയിലുള്ള മുകേഷിന്റെ ബന്ധുവീട്ടിൽ ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. പുന്നല നീലകണ്ഠപുരം ശിവക്ഷേത്രം, ഗവ. വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിൽ ശനിയാഴ്ച പുലർച്ചെ മോഷണം നടന്നിരുന്നു. സ്കൂളിലെ സി.സി.ടി.വി. ദൃശ്യത്തിൽനിന്ന്‌ മുകേഷാണ് മോഷണം നടത്തിയതെന്നു കണ്ടെത്തി. ഇയാളെ അന്വേഷിച്ച് പോലീസ്‌ ബന്ധുവീട്ടിലെത്തിയപ്പോൾ സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്. വീട്ടിൽക്കയറി നോക്കിയപ്പോൾ മുകേഷ് കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്നതു കണ്ടെത്തി.

പിടികൂടുന്നതിനിടെ എസ്.ഐ. അരുൺകുമാറിനെ ഇയാൾ ചവിട്ടിവീഴ്‌ത്തി. മറ്റുള്ളവർ ചേർന്ന് കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇയാൾ കത്തിയെടുത്ത് പോലീസുകാരെ ആക്രമിച്ചു. പിന്നിൽനിന്ന്‌ ഒരുകൈകൊണ്ട് വിഷ്ണുവിന്റെ കഴുത്തു ഞെരിച്ച് മറ്റേ കൈയിൽ കരുതിയ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു. മറ്റുള്ളവരെ തൊഴിച്ചുവീഴ്‌ത്തി. സഹപ്രവർത്തകനെ രക്ഷിക്കാൻ അരുൺകുമാർ റിവോൾവർ പുറത്തെടുത്തു. കത്തി താഴെയിടാൻ പറയുന്നതിനിടെ പോലീസുകാരനെവിട്ട് മുകേഷ്, എസ്.ഐ.യുടെ കൈയിലിരുന്ന തോക്കിൽ പിടിമുറുക്കി. പിടിവലിക്കിടെ അബദ്ധത്തിൽ തോക്കിൽനിന്ന്‌ വെടിപൊട്ടി. വെടിയുണ്ട മുഖത്ത് ഉരസിപ്പോയതിനാൽ മുകേഷിന്‌ നിസ്സാരപരിക്കേ ഏറ്റുള്ളൂ. വെടിശബ്ദം കേട്ടതോടെ ഭയന്നുപോയ ഇയാളെ പോലീസുകാരും നാട്ടുകാരും ചേർന്ന് കീഴ്‌പ്പെടുത്തി കെട്ടിയിട്ടു. വിഷ്ണുവിന്റെ കഴുത്തിനു പൊട്ടലുണ്ട്.

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പ്രതിയെ അവിടെനിന്ന് വിട്ടയച്ചശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിവിധ പോലീസ് സ്റ്റേഷനുകളിലായി കഞ്ചാവുകച്ചവടം ഉൾപ്പെടെ ഇരുപതോളം കേസുകളിൽ പ്രതിയാണ് മുകേഷെന്ന് പത്തനാപുരം ഇൻസ്പെക്ടർ എസ്.ജയകൃഷ്ണൻ അറിയിച്ചു. പോലീസുകാരെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഇയാളുടെ പേരിൽ കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button