ബീഡി വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; റിമാന്‍ഡ് പ്രതിയും പോലീസുകാരും തമ്മില്‍ നടുറോഡില്‍ കൈയ്യാങ്കളി
മൂവാറ്റുപുഴ: ജയിലിലേക്ക് കൊണ്ടുപോകുംവഴി റിമാന്‍ഡ് പ്രതിയും പോലീസും തമ്മില്‍ നടുറോഡില്‍ കൈയാങ്കളി. ബീഡി വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ അക്രമാസക്തനായ പ്രതിയെ കീഴടക്കിയതു കൂടുതല്‍ പോലീസുകാരെത്തി ബലപ്രയോഗത്തിലൂടെയാണ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ റിമാന്‍ഡ് തടവുകാരന്‍ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഷാജഹാന്‍ (38) ആണ് മൂവാറ്റുപുഴയില്‍ പോലീസുകാരുമായി ഏറ്റുമുട്ടിയത്.
കേസിന്റെ അവധിക്ക് ഇന്നലെ രാവിലെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി തിരികെ ജയിലിലേക്കു കൊണ്ടുപോകുംവഴി കച്ചേരിത്താഴത്തായിരുന്നു സംഭവം. രണ്ടു പോലീസുകാരാണു പ്രതിക്കൊപ്പമുണ്ടായിരുന്നത്. കാല്‍നടയായി ബസ് സ്റ്റോപ്പിലേക്കു പോകുംവഴി സമീപത്തെ പെട്ടിക്കടയില്‍നിന്ന് ബീഡി വാങ്ങാന്‍ പ്രതി ശ്രമിച്ചതോടെയാണു പ്രശ്നങ്ങള്‍ക്കു തുടക്കം.
ജയിലില്‍ നിരോധനമുള്ളതിനാല്‍ ബീഡി വാങ്ങാന്‍ അനുവദിക്കില്ലെന്ന് ഒരു പോലീസുകാരന്‍ പറഞ്ഞു. ഇതു കൂട്ടാക്കാതെ പ്രതി കടയിലേക്കു കയറി. പോലീസുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. തുടര്‍ന്ന് മൂവാറ്റുപുഴ പോലീസിന്റെ സഹായം തേടുകയായിരുന്നു. ഉടന്‍ എയ്ഡ് പോസ്റ്റില്‍നിന്നും സ്റ്റേഷനില്‍ നിന്നുമായി കൂടുതല്‍ പോലീസുകാരെത്തി. ഇതിനിടെ ബീഡി വാങ്ങിയ പ്രതി പണം നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടു. പോലീസ്വാഹനത്തില്‍ കയറാനുള്ള നിര്‍ദേശം തള്ളിയ ഇയാള്‍ താന്‍ ജയിലിലേക്കു പൊയ്ക്കൊള്ളാമെന്നു ശഠിച്ചു. പോലീസുകാരെ തള്ളിമാറ്റി മുന്നോട്ടു നീങ്ങിയ പ്രതിയെ ഏറെ നേരത്തെ പിടിവലിക്കൊടുവിലാണു വാഹനത്തില്‍ കയറ്റാനായത്.
തുടര്‍ന്ന് മൂവാറ്റുപുഴ സ്റ്റേഷനിലെത്തിച്ച് പോലീസിനെ ആക്രമിക്കല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് മറ്റൊരു കേസെടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. മോഷണക്കേസ് പ്രതിയായി മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡിലായിരിക്കെ ഷാജഹാന്‍ 2019 ഒക്ടോബര്‍ 16 ന് മൂന്നു വാര്‍ഡന്‍മാരെ ഇഷ്ടികയ്ക്കെറിഞ്ഞ് പരുക്കേല്‍പ്പിച്ചിരുന്നു.