കോട്ടയത്ത് ഓടുന്ന ബസില്‍ നിന്ന് അമ്മയും മകളും തെറിച്ച് വീണു; അമ്മയ്ക്ക് ദാരുണാന്ത്യം
കോട്ടയം: പാലായ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നു അമ്മയും മകളും പുറത്തേയ്ക്ക് തെറിച്ചുവീണ് അപകടം. അപകടത്തില്‍ അമ്മ മരിച്ചു. പരിക്കേറ്റ മകളെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീറന്താനം ഇരുമ്പുകുഴി കവലയ്ക്ക് സമീപം ഒഴുകയില്‍ മേരി (70) ആണ് മരിച്ചത്. പരിക്കേറ്റ മകള്‍ ആഗ്‌നസ് ചികിത്സയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ഇന്ന് രാവിലെ 8.20 ഓടെയായിരുന്നു സംഭവം.
തൊടുപുഴയില്‍ നിന്നും നീറന്താനം വഴി പാലായിലേക്ക് സര്‍വീസ് നടത്തുന്ന ശ്രാവണ്‍ ബസിന്റെ ഡോറില്‍ കൂടിയാണ് ഇരുവരും പുറത്തേയ്ക്ക് വീണത്. വല്യവീട്ടില്‍ പാലത്തിന് സമീപത്തെ സ്റ്റോപ്പില്‍ നിന്നും മേരിയും മകള്‍ ആഗ്‌നസും കയറി. ബസ് സമീപത്തെ ഇരുമ്പുകുഴി കവലയിലെ വളവ് തിരിഞ്ഞപ്പോള്‍ ഡോര്‍ വഴി ഇരുവരും തെറിച്ച് വീഴുകയായിരുന്നു. ടാര്‍ റോഡിലേക്ക് തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റ മേരിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഗ്‌നസ് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലേക്ക് വീണതിനാല്‍ കാര്യമായ പരിക്കേറ്റില്ല. ഡോര്‍ തുറന്നു വച്ച് ബസ് ഓടിയതാണ് അപകടത്തിന് ഇടയാക്കിയത്.