CrimeKeralaNews

എസിയില്‍നിന്നു ലീക്ക്, 4 പേരും പുക ശ്വസിച്ച് അബോധാവസ്ഥയില്‍, വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ പോലുമായില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനങ്ങള്‍ പുറത്ത്. 4 പേരുടേയും ശ്വാസനാളത്തിലും ശ്വാസകോശത്തിലും പുക ശ്വസിച്ചതിന് സമാനമായ കേടുപാടുകളുണ്ടെന്ന് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.

മരണത്തിനു മുന്‍പ് നാലു പേരും പുക ശ്വസിച്ച് അബോധാവസ്ഥയിലായിരുന്നു. എസിയില്‍ നിന്നുള്ള ലീക്കാണ് ഇതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അങ്കമാലി അങ്ങാടിക്കടവ് പറക്കുളം റോഡിലെ വീട്ടിലാണ് ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോള്‍ മാത്യു (40), മക്കളായ ജൊവാന (8), ജസ്വിന്‍ (5) എന്നിവര്‍ തീപിടിത്തത്തില്‍ മരിച്ചത്.

മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ വിശദമായ റിപ്പോർട്ട് നൽകും. ശരീരത്തിൽ കെമിക്കലുകളുടെ സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കാൻ സ്കിൻ സാമ്പിൾ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ബോധരഹിതരായതുകൊണ്ടാവാം രക്ഷപെടാൻ സാധിക്കാതിരുന്നതെന്നുമാണ് വിലയിരുത്തൽ.

ഇരുനില വീടിന്റെ മുകള്‍നിലയിലെ മുറിയിലായിരുന്നു ദമ്പതികളും രണ്ട് മക്കളും കിടന്നുറങ്ങിയിരുന്നത്. ഈ മുറിയില്‍ മാത്രമാണ് തീപിടിത്തം ഉണ്ടായത്. മറ്റു മുറികളിലേക്കൊന്നും തീ പടര്‍ന്നിട്ടില്ല. ആധുനിക സൗകര്യങ്ങളോട് കൂടിയ വീടായതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത വിരളമാണ്. മുറിയില്‍ എയര്‍ കണ്ടീഷനര്‍ പ്രവര്‍ത്തിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനത്തിലെത്തിയത്.

പുലര്‍ച്ചെ അഞ്ച് മണിക്ക് പത്രം എടുക്കാന്‍ പോയ പ്രദേശവാസിയാണ് വീടിന്റെ മുകള്‍ നിലയില്‍ നിന്നും തീ ഉയരുന്നത് കണ്ടത്. ചില്ലുകള്‍ പൊട്ടിത്തറിക്കുന്ന ശബ്ദവും വീട്ടില്‍ നിന്നും നിലവിളിയും കേട്ടു. പിന്നാലെ അയല്‍വാസിയെ കൂടി കാര്യം അറിയിച്ച് ഇരുവരും വീട്ടിനകത്തേക്ക് കടന്നു. മുറിയുടെ ഡോര്‍ ചവിട്ടി തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുറിക്കുള്ളിലെ ആളുകള്‍ അബോധാവസ്ഥയില്‍ ആയതിനാലാവാം വാതില്‍ തുറക്കാനുള്ള ശ്രമം നടത്തിയിരുന്നില്ലെന്നും അയല്‍വാസി സംശയം പ്രകടിപ്പിച്ചിരുന്നു.

മരിച്ച നാല് പേരെ കൂടാതെ അമ്മയും ബിനീഷിന്റെ കൃഷി നോക്കി നടത്തുന്ന അതിഥി തൊഴിലാളിയുമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ താഴത്തെ മുറിയിലാണ് കിടക്കുന്നത്. നാല് മണിക്ക് പ്രാര്‍ത്ഥനയ്ക്ക് എഴുന്നേറ്റപ്പോഴാണ് മുകള്‍ നിലയിലെ അപകടത്തെക്കുറിച്ച് അറിഞ്ഞത്. ഉടന്‍ അതിഥി തൊഴിലാളിയെ കൂടി വിളിച്ച് മുറിയിലേക്ക് വെള്ളം ഒഴിച്ചെങ്കിലും തീകെടുത്താന്‍ സാധിച്ചിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button