‘ഗര്‍ഭിണിയായിരിക്കെ ഉപദ്രവിച്ചു, കരഞ്ഞപ്പോള്‍ കളിയാക്കി, പോലീസിൽ പറഞ്ഞില്ല’; മുൻ ഭർത്താവിനെ കുറിച്ച് സരിത
കൊച്ചി:സിനിമയില്‍ സജീവമാകുന്നതിന് മുമ്പ് തന്നെ വിവാഹം കഴിച്ച താരമാണ് എൺപതുകളിൽ മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലുമായി തിളങ്ങി നിന്നിരുന്ന നടി സരിത. പതിനാറ് വയസുള്ളപ്പോഴാണ് സരിതയുടെ ആദ്യ വിവാഹം നടന്നത്. തെലുങ്ക് നടനായ വെങ്കട സുബയ്യയായിരുന്നു സരിതയുടെ ആദ്യ ഭര്‍ത്താവ്.
ഈ ദാമ്പത്യത്തിന് വെറും ആറ് മാസത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് വെങ്കട സുബ്ബയ്യയും സരിതയും വേര്‍പിരിഞ്ഞു. ആദ്യ വിവാഹബന്ധം തകര്‍ന്നത് സരിതയെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നു.
ഈ മാനസിക ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷ നേടാന്‍ സരിത സിനിമയില്‍ വളരെ സജീവമായി. എണ്‍പതുകളുടെ തുടക്കത്തിലാണ് മുകേഷ് സിനിമയിലെത്തുന്നത്. പിസി 369 എന്ന സിനിമയിലൂടെയാണ് മുകേഷും സരിതയും തമ്മില്‍ അടുപ്പത്തിലാകുന്നത്. ആദ്യമൊക്കെ ഇരുവരും തമ്മില്‍ നല്ല സൗഹൃദമായിരുന്നു.
പിന്നീട് അത് കടുത്ത പ്രണയമായി. തനിയാവര്‍ത്തനം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ ഭാര്യയായി സരിതയും മമ്മൂട്ടിയുടെ അനിയനായി മുകേഷും ഒന്നിച്ചഭിനയിച്ചു. ഈ സിനിമയുടെ സെറ്റിലാണ് മുകേഷും സരിതയുമായുള്ള പ്രണയം തീവ്രതയിലേക്ക് എത്തിയത്.
1987 ലാണ് മുകേഷ് സരിതയെ വിവാഹം കഴിച്ചത്. മുകേഷുമായുള്ള വിവാഹശേഷം സരിത സിനിമയില്‍ അത്ര സജീവമല്ലായിരുന്നു. സരിത കുടുംബിനിയായി ഒതുങ്ങികൂടി. ഇരുവരുടെയും കുടുംബജീവിതം വളരെ സന്തോഷത്തോടെയാണ് മുന്നോട്ടുപോകുന്നതെന്ന് ആരാധകരും കരുതി.
എന്നാൽ വർഷങ്ങൾക്ക് ശേഷം ഇവരുടെ കുടുംബത്തിലെ താളപിഴകള്‍ പുറം ലോകമറിഞ്ഞു. മുകേഷില്‍ നിന്ന് സരിത വിവാഹമോചനം ആവശ്യപ്പെട്ടു. ഗുരുതരമായ ആരോപണങ്ങളാണ് മുകേഷിനെതിരെ അക്കാലത്ത് സരിത ഉന്നയിച്ചത്. അടുത്തിടെ സരിതയെ കുറിച്ച് മുകേഷ് തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു.
ആ വീഡിയോ വൈറലായ ശേഷം വളരെ വർഷങ്ങൾക്ക് മുമ്പ് സരിത ഒരു വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ മുൻ ഭർത്താവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഗർഭിണിയായിരിക്കെ പോലും മുൻ ഭർത്താവിൽ നിന്നും ഉപദ്രവങ്ങൾ തനിക്ക് സഹിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് വീഡിയോയിൽ സരിത പറയുന്നത്.
‘പതിനാലാം വയസില്‍ അഭിനയിച്ച് തുടങ്ങിയതാണ്. എന്നെ നോക്കാന്‍ കൂടെയൊരാള്‍ വേണമായിരുന്നു. അതിനാണ് കല്യാണം കഴിച്ചത്. സന്തോഷത്തോടെയുള്ളൊരു കുടുംബജീവിതമായിരുന്നു ആഗ്രഹിച്ചത്. കല്യാണം കഴിഞ്ഞതോടെയാണ് ജീവിതം മാറിയത്. എനിക്ക് റസ്റ്റ് കിട്ടുന്ന പോലെ തോന്നിയിരുന്നില്ല.’
‘എനിക്ക് വേണ്ടി ഞാന്‍ ജോലി ചെയ്യണമായിരുന്നു. രണ്ട് മാസം ഗര്‍ഭിണിയായിരിക്കുന്നതിനിടയിലാണ് എന്റെ അച്ഛന്‍ മരിച്ചത്. അച്ഛനായിരുന്നു എന്റെ എല്ലാം. ലോകം പഠിക്കാന്‍ തുടങ്ങിയത് അപ്പോഴാണ്. ലോകം അറിഞ്ഞ ദിവസമാണ് അദ്ദേഹം വിവാഹിതനായെന്ന് ഞാനും അറിഞ്ഞത്. എനിക്ക് ഡിവോഴ്‌സ് കിട്ടിയിരുന്നില്ല.’
‘2011ല്‍ ഞാന്‍ വിവാഹമോചന ഹര്‍ജി പിന്‍വലിച്ചിരുന്നു. അതുകഴിഞ്ഞ് മോനെ വിളിച്ച് അദ്ദേഹം ഡിവോഴ്‌സ് കിട്ടിയെന്ന് പറഞ്ഞിരുന്നു. എന്റെ അറിവില്ലാതെ അദ്ദേഹത്തിന് എങ്ങനെയാണ് ഡിവോഴ്‌സ് കിട്ടിയതെന്നറിയില്ലെന്നായിരുന്നു’ നടൻ മുകേഷുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സരിത നൽകിയ മറുപടിയായിരുന്നു ഇത്.
‘ഗാര്‍ഹിക പീഡനത്തിനും വിവാഹമോചനത്തിനുമായി ഞാന്‍ രണ്ട് പരാതി കൊടുത്തിരുന്നു. അത് പിന്‍വലിച്ചാല്‍ മ്യൂചല്‍ ഡിവോഴ്‌സിന് ശ്രമിക്കാമെന്ന് പറഞ്ഞിരുന്നു. അത് പിന്‍വലിച്ചെങ്കിലും അദ്ദേഹം കോടതിയിലേക്കൊന്നും വന്നില്ല. ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ പുറംലോകത്തെ അറിയിക്കാന്‍ എനിക്ക് മടിയായിരുന്നു.’
‘സിനിമയിലൊക്കെയെ ഞാന്‍ അങ്ങനെ കണ്ടിട്ടുള്ളൂ. എന്റെ ജീവിതത്തില്‍ ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ല. അതേക്കുറിച്ച് മറ്റൊരാളോട് പറയാന്‍ നാണക്കേട് തോന്നി. കാര്യങ്ങളറിഞ്ഞ് ചിലരൊക്കെ വിളിച്ചപ്പോഴും ഞാന്‍ ഒന്നും തുറന്ന് പറഞ്ഞിരുന്നില്ല.’
‘അവളെത്ര സഹിച്ചുവെന്ന് അദ്ദേഹം എപ്പോഴെങ്കിലും ചിന്തിക്കുമെന്ന് കരുതി. അദ്ദേഹത്തിന്റെ അച്ഛന് ഞാന്‍ വാക്ക് കൊടുത്തിരുന്നു. അതാണ് പോലീസില്‍ പരാതിപ്പെടാതിരുന്നത്.’
‘എന്റെ മോന്‍ ശരിയല്ലെന്ന് എനിക്കറിയാം…. ഇത് മീഡിയയിലൊന്നും വരരുത്. മോള്‍ സഹിക്കണമെന്ന് അദ്ദേഹത്തിന്റെ അച്ഛന്‍ പറഞ്ഞിരുന്നു. ആ വാക്ക് അദ്ദേഹത്തിന്റെ മരണം വരെ ഞാന്‍ പാലിച്ചിരുന്നു. ഇപ്പോഴാണ് ഞാന്‍ എന്തെങ്കിലും തുറന്ന് പറയുന്നത്.’
‘എന്നെ വല്ലാതെ തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ് ഞാന്‍ ഇതേക്കുറിച്ച് തുറന്ന് പറയുന്നത്. മകന് മഞ്ഞപ്പിത്തം വന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്നെ ട്രാപ്പിലാക്കുകയാണോ എന്നായിരുന്നു ചോദിച്ചത്.’
ശാരീരികമായി പല തരത്തില്‍ ഉപദ്രവിച്ചിട്ടുണ്ട്. കരയുന്ന സമയത്ത് നല്ല അഭിനേത്രിയാണല്ലോ എന്നാണ് ചോദിക്കാറുള്ളത്. ഞാന്‍ വീണ്ടും അഭിനയിക്കാനായി തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല’ എന്നാണ് സരിത വീഡിയോയിൽ പറഞ്ഞത്.