എം.എ.യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം
അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം.
അബുദാബി പരിസ്ഥിതി വകുപ്പിൻ്റെ കീഴിലുള്ള അബുദാബി സസ്റ്റെയിനബിലിറ്റി ഗ്രൂപ്പാണ് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. സുസ്ഥിരതയുടെമികച്ചതും നൂതനവുമായ
സമ്പ്രദായങ്ങൾ നടപ്പിലാക്കുന്നതും സുസ്ഥിര മാനേജ് മെൻ്റ് നടപടികളുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.
പുരസ്കാരം ലഭിച്ച അറബ് പൗരനല്ലാത്ത ഏക വ്യക്തിയും യൂസഫലിയാണ്. അബുദാബി നാഷണൽ ഓയിൽ കമ്പനിയിലെ ഷൈമ അൽ മസ്രോയിക്കും പുരസ്കാരത്തിനർഹയായിട്ടുണ്ട്. അബുദാബി പോർട്ട്, അബുദാബി നാഷണൽ എക്സിബിഷൻ കമ്പനി, ഡോൾഫിൻ എനർജി, ബോറോഗ് എന്നിവരാണ് വിവിധ മേഖലകളിൽ പുരസ്കാരം ലഭിച്ച മറ്റ് സ്ഥാപനങ്ങൾ.
അബുദാബി സസ്റ്റെയിനബിലിറ്റി പുരസ്കാരം നേടിയ വ്യക്തികളെയും സ്ഥാപനങ്ങളെയും അഭിനന്ദനം അറിയിക്കുന്നുവെന്ന് അബുദാബി പരിസ്ഥിതി വകുപ്പ് ഡയറക്ടർ ജനറൽ ഡോക്ടർ ശൈഖ സാലെം അൽ ദാഹെരി പറഞ്ഞു. കോവിഡ് 19 പ്രതിസന്ധികൾക്കിടയിലും പരിസ്ഥിയുമായി കൂട്ടിച്ചേർന്ന് ഭാവിയിലുണ്ടാകുന്ന ഏതൊരു ആപത്ഘട്ടങ്ങളെയും തരണം ചെയ്യുന്നതിനായി മികച്ച രീതിയിൽ സമ്പദ് വ്യവസ്ഥയെ പുനർനിർമ്മിക്കാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നതെന്നും അവർ പറഞ്ഞു.