News

‘ഉള്ളില്‍ മരിച്ച അവസ്ഥയിലാണ് ഞാന്‍’ ഞെട്ടിക്കുന്ന കൊവിഡ് അനുഭവങ്ങളുമായി ജൂനിയര്‍ ഡോക്ടര്‍; പോസ്റ്റ് ഷെയര്‍ ചെയ്ത് അഭിഷേക് ബച്ചന്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ശക്തിപ്രാപിക്കുകയാണ്. വേണ്ടത്ര ഓക്സിജന്‍ ലഭിക്കാതെയും, മതിയായ ചികിത്സ കിട്ടാതെയും എന്തിന് ആശുപത്രി തന്നെ ലഭിക്കാതെയും രോഗം വിഷമം സൃഷ്ടിക്കുന്ന ഈ സമയത്ത് ഒരു ജൂനിയര്‍ ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന സമൂഹമാധ്യമ അക്കൗണ്ടിലാണ് കൊവിഡ് രോഗ ചികിത്സയെ പറ്റി ഡോ. സാന്ദ്രാ സെബാസ്റ്റിയന്‍ എന്ന ഒന്നാം വര്‍ഷ റസിഡന്റ് ഡോക്ടറുടെ അഭിമുഖം വന്നത്.

ഈ വര്‍ഷം റസിഡന്റ് ഡോക്ടറായി ആശുപത്രിയില്‍ എത്തിയതാണ് സാന്ദ്രാ. മാര്‍ച്ച് 30നാണ് ആദ്യ കൊവിഡ് മരണം ഡോക്ടര്‍ കണ്ടത്. 40കളിലുള്ള അയാള്‍ രോഗത്തെ വളരെവേഗം മറികടക്കുമെന്നാണ് സാന്ദ്രാ കരുതിയത്. എന്നാല്‍ അതീവ ഗുരുതരാവസ്ഥയില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചതിന്റെ പിറ്റേന്ന് അയാള്‍ മരിച്ചുവെന്ന് ഡോക്ടര്‍ പറയുന്നു. ആ രോഗി മരണമടഞ്ഞതുകണ്ട് താന്‍ വളരെ വിഷമിച്ചെന്നും എന്നാല്‍ 2020ല്‍ ഇതിലും മോശമായിരുന്നു സ്ഥിതിയെന്ന് മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ ആശ്വസിപ്പിച്ചു.

പക്ഷെ 2020നെ ഏറെദൂരം പിന്നിലാക്കിയാണ് ഈ വര്‍ഷത്തെ കൊവിഡ് രോഗികളുടെ വരവെന്ന് പറയുകയാണ് ഡോക്ടര്‍ സാന്ദ്രാ. ഒരു ദിവസം അതീവഗുരുതരാവസ്ഥയില്‍ അഞ്ചുപേര്‍ എത്തുകയാണ്. എന്നാല്‍ അവരില്‍ 2-3പേര്‍ ദിവസവും മരിക്കുകയും ചെയ്യുന്നു. ഏറ്റവും വിഷമം തോന്നിയത് 22 വയസുളള ഒരു യുവാവ് കൊവിഡ് ബാധിച്ച് മരണമടഞ്ഞപ്പോഴാണ്. അയാള്‍ ആശുപത്രിയിലെത്തിയത് അതീവ ഗുരുതരാവസ്ഥയിലാണ്. കണ്ണുകള്‍ പോലും തുറന്നിരുന്നില്ല. അയാളുടെ അച്ഛനമ്മമാര്‍ ഇടയ്ക്കിടെ മകന് എങ്ങനെയുണ്ടെന്ന് അന്വേഷിച്ചിരുന്നു. വേഗം സുഖം പ്രാപിക്കുമെന്നായിരുന്നു അവരെ ആശ്വസിപ്പിച്ചത്. എന്നാല്‍ അയാള്‍ വൈകാതെ മരണത്തിന് കീഴടങ്ങിയതോടെ ആ അച്ഛനും അമ്മയും തകര്‍ന്നുപോയി.

കഴിഞ്ഞ രണ്ടാഴ്ചകളായി കാര്യങ്ങള്‍ വളരെയധികം മോശമാകുകയാണ്. ഒരു മലയാളിയായ വീട്ടമ്മ ഐസിയുവില്‍ എത്തുന്നതിന് മുന്‍പ് അവര്‍ക്ക് രണ്ട് കൊച്ചുകുട്ടികളുണ്ട് എങ്ങനെയും ജീവിക്കണമെന്ന് പറഞ്ഞു. പക്ഷെ വൈകാതെ അവരും മരിച്ചു. അതോടെ ഞാന്‍ ഉളളില്‍ മരിച്ച അവസ്ഥയാണ്. മൃതദേഹങ്ങളെ നോക്കി ജനിക്കേണ്ടിയിരുന്നില്ലെന്ന് പലപ്പോഴും തോന്നിപ്പോയി. ഡോക്ടര്‍ പറയുന്നു.

കേരളത്തിലുളള അച്ഛനമ്മമാര്‍ക്ക് അസുഖം വന്നാല്‍ ആര് നോക്കുമെന്ന വലിയ ഭയമുണ്ട്. തനിക്ക് രോഗം വന്നാല്‍ അച്ഛനമ്മമാരെ ആര് നോക്കുമെന്ന വിഷമവുമുണ്ട്. പൊതുജനങ്ങളോട് തനിക്ക് പറയാനുളളത് ഒരേയൊരു കാര്യം മാത്രമാണെന്ന് പറയുന്നു ഡോ. സാന്ദ്രാ സെബാസ്റ്റിയന്‍. ‘മാസ്‌ക് ശരിയായി ധരിക്കണം, പുറത്തിറങ്ങാന്‍ കഴിയുന്നില്ല എന്നോര്‍ത്ത് അമര്‍ഷമുണ്ടാകരുത് സ്ഥിതി വളരെ മോശമാണ്’. ഈ ഘട്ടത്തില്‍ സ്വന്തം വീട്ടില്‍ കഴിയാനൊക്കുന്നത് ഇപ്പോള്‍ ഒരനുഗ്രഹമാണ് അത് മനസ്സിലാക്കണം. ഡോക്ടര്‍ പറയുന്നു. ഡോക്ടര്‍ സാന്ദ്രയുടെ പോസ്റ്റ് ശ്രദ്ധേയമായതോടെ ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ ‘ഹൃദയ ഭേദകം’ എന്ന കുറിപ്പോടെ അത് ഷെയര്‍ ചെയ്തിട്ടുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker