കൊച്ചി: കോഴിക്കോട് അബ്ദുല്‍ കരീം കൊലക്കേസിലെ പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചു. വെള്ളിമാട്കുന്ന് മേലേ കാഞ്ഞിരത്തിങ്കല്‍ മുഹമ്മദ് ജംഷീറിന് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റീസുമാരായ എ എം ഷെഫീഖ്, എന്‍ അനില്‍കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ശരിവെച്ചത്. 2009 മെയ് 15നാണ് പാളയം ജയന്തി ബില്‍ഡിങ്ങിന് സമീപത്തെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്ന് മാവൂര്‍ ചെറൂപ്പ തത്താശേരി അബ്ദുല്‍കരീമിനെ (38) ബോധം കെടുത്തി വാഗണര്‍ കാറില്‍ കയറ്റി കൊണ്ടു പോവുന്നത്. തുടര്‍ന്ന് കൊടുവള്ളി നെല്ലാങ്കണ്ടിയില്‍ ഓടയിലിട്ട് പെട്രോളൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം കണ്ടെത്തിയ സമയം മുതല്‍ പോലീസിന്റെ കൂടെ സഹായിയായി നിന്ന ജംഷീറിനെ കയ്യിലെ മുറിവ് കണ്ട് സംശയിച്ചായിരുന്നു ചോദ്യം ചെയ്തത്. മൃതദേഹം പുറത്തെടുത്തു കരീമിന്റെ പല്ലിന്റെ അളവും പ്രതിയുടെ കയ്യിലെ മുറിവുമായി താരതമ്യം ചെയ്തു. ശ്വാസം മുട്ടിക്കുന്നതിനിടെ കരീം കടിച്ചതു മൂലമാണ് മുറിവുണ്ടായതെന്നാണ് കണ്ടെത്തിയത്. ശക്തമായ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ഇയാളെ ജീവപര്യന്തം തടവിനും അഞ്ച് ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചത്. ഈ വിധിക്കെതിരെ പ്രതി നല്‍കിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. കീഴ്ക്കോടതി വിധിയില്‍ ഇടപെടാന്‍ വേണ്ട സാഹചര്യമില്ലെന്ന് വാദം കേട്ട ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് ശിക്ഷ ശരിവെച്ച് ഉത്തരവിറക്കിയത്. പൊലീസിന് വേണ്ടി സീനിയര്‍ ഗവ.പ്ലീഡര്‍ എസ് യു നാസര്‍ ഹാജരായി.
കരീമിന്റെയും ബന്ധുവായ റിയാസിന്റെയും രണ്ടു വസ്തുക്കള്‍ ജംഷീറിന്റെ ബന്ധുവിന് വിറ്റിരുന്നു. അഡ്വാന്‍സ് നല്‍കിയെങ്കിലും സമയപരിധിക്കുള്ളില്‍ ബാക്കി തുക നല്‍കിയില്ല. അതിനാല്‍ വസ്തു രജിസ്റ്റര്‍ ചെയ്യാന്‍ കരീം തയ്യാറായില്ല. 2009 ഏപ്രിലിലായിരുന്നു ഈ സംഭവം. മുക്കം കറുത്തപറമ്പിലെ ഒരു വസ്തുവുമായി ബന്ധപ്പെട്ട് 13 ലക്ഷം രൂപ ജംഷീര്‍ കരീമിന് നല്‍കാനുമുണ്ടായിരുന്നു. ഇതെല്ലാമാണ് കൊലപാതകത്തിന് കാരണം.